നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് തന്നെയാണ് എസ്ഡിപിഐയെ നിയന്ത്രിക്കുന്നതെന്ന അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് എസ്ഡിപിഐക്ക് നിരോധനം വന്നേക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിനുള്ള നീക്കം ആരംഭിച്ചതായാണ് വിവരം.
എസ്ഡിപിഐയ്ക്ക് ഫണ്ട് നല്‍കുന്നതും നയങ്ങള്‍ രൂപീകരിക്കുന്നതും പോപ്പുലര്‍ ഫ്രണ്ട് തന്നെയാണെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തിയിട്ടുണ്ട്. രണ്ട് സംഘടനയുടെയും പ്രവര്‍ത്തകരും ഒന്നു തന്നെയാണെന്നും ഇ.ഡി വ്യക്തമാക്കുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം.കെ ഫൈസിയെ കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇ.ഡി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രണ്ട് സംഘടനകളും ഒന്നാണെന്ന് വ്യക്തമാക്കിയത്.
ജിഹാദ് എല്ലാ രൂപത്തിലും നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ രൂപീകരിച്ചതെന്നും ഇഡി പറയുന്നു. എസ്ഡിപിഐയുടെ സാമ്പത്തിക അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തത് പോപ്പുലര്‍ ഫ്രണ്ടാണെന്നും എസ്ഡിപിഐക്ക് വേണ്ടി വിദേശ രാജ്യങ്ങളില്‍ നിന്നടക്കം പോപ്പുലര്‍ ഫ്രണ്ട് പണം പിരിച്ചു നല്‍കി.തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി 3.75 കോടി രൂപ നല്‍കിയതിന്റെ രേഖകളും ലഭിച്ചു.
ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ‘റമദാന്‍ കളക്ഷന്‍’ എന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ട് വ്യാപകമായി ഫണ്ട് സ്വരൂപിച്ചതായും ഇതുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ 61.72 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായും ഇ.ഡി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
രാജ്യത്തിനകത്തും പുറത്തും നിന്ന് അനധികൃതമായി ഫണ്ട് കൈപ്പറ്റി ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം നല്‍കിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം (യുഎപിഎ) 2022 സെപ്റ്റംബര്‍ 28 നാണ് ഈ സംഘടനയെ അഞ്ച് വര്‍ഷത്തേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്.
Leave a Reply