കാലവര്‍ഷക്കെടുതി നേരിടുകയാണ് കേരളം. കനത്തമഴയും പ്രളയവും കാരണം പലതരത്തിലുളള ബുദ്ധിമുട്ടുകളാണ് ജനങ്ങള്‍ നേരിടുന്നത്. വെള്ളപ്പൊക്കം ഉണ്ടാവുന്നതോടെ ശുദ്ധമായ കുടിവെള്ളം, ഭക്ഷണം, എന്നിവയുടെ ലഭ്യത കുറവ്, രോഗങ്ങള്‍ പടരാനുള്ള സാധ്യത എന്നിവയാണ്. ശുദ്ധമായ കുടിവെള്ളം എങ്ങനെ കരുതിവെക്കാം? ദുരിതാശ്വാസ ക്യാമ്പുകളില്‍ ശുദ്ധജലം വിതരണം ചെയ്യുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?
1. വെള്ളപ്പൊക്ക കാലത്ത് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ശുദ്ധമായ ജലസ്രോതസുകള്‍ ഇല്ലാത്തതും അതുമൂലം ഉണ്ടാകാന്‍ സാധ്യതയുള്ള ജലജന്യ രോഗങ്ങളുമാണ്. അതുകൊണ്ട് തന്നെ ശുദ്ധമായ കുടിവെള്ളവും, വൃത്തിയുള്ള ഭക്ഷണവും ഉറപ്പാക്കാന്‍ നാം ശ്രദ്ധിക്കണം. (എലി, മറ്റു മൃഗങ്ങള്‍ എന്നിവയുടെ മൂത്രം കൊണ്ട് മലിനമായ ജലം തൊലിയിലും സ്തരങ്ങളിലും സമ്പര്‍ക്കം വരുക വഴി മലിനജലത്തില്‍ നിന്ന് നേരിട്ട് പകരാവുന്ന രോഗമാണ് എലിപ്പനി.
2. ശരാശരി ഒരു മുതിര്‍ന്ന വ്യക്തിക്ക്, കുടിക്കാനായി ഏകദേശം 3-5 ലിറ്റര്‍ വെള്ളവും, മറ്റു പ്രാഥമിക ആവശ്യങ്ങള്‍,ഭക്ഷണം തയ്യാറാക്കല്‍ എന്നിവക്കായി 20 ലിറ്റര്‍ വെള്ളവും ആവശ്യം വരും.അതുകൊണ്ട് ഒരാള്‍ക്ക് ഏകദേശം 25 ലിറ്റര്‍ വെള്ളം എന്ന കണക്കിന് കരുതിവെക്കാന്‍ അധികൃതര്‍ ഓര്‍ക്കണം.
3. വെള്ളപ്പൊക്ക കാലത്ത് ഉള്ള ഏതു ജല സ്രോതസും മലിനമാകാന്‍ സാധ്യത ഉണ്ട് എന്ന് നമ്മള് അറിഞ്ഞിരിക്കണം. അതുകൊണ്ട് തന്നെ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണം.
4. വൃത്തിയുള്ള, വെള്ളം കയറാത്ത, കിണറുകള്‍, തുറസായ സ്ഥലത്ത് നിന്നും ശേഖരിക്കുന്ന മഴവെള്ളം, (കെട്ടിടങ്ങളില്‍ നിന്നോ,മരങ്ങളുടെ ചുവട്ടില്‍ നിന്നോ അല്ല) പൊതു വിതരണ സംവിധാനത്തില്‍ നിന്നും ലഭിക്കുന്ന വെള്ളം (ഉപയോഗിക്കാന്‍ പറ്റുന്നതാണ് എന്ന് ഉറപ്പു ലഭിച്ചത്), അധികൃതര്‍ ലഭ്യമാകുന്ന കുപ്പിവെള്ളം, ഇവയൊക്കെ കുടിക്കാനായി ഉപയോഗിക്കാം. അതുപോലെ നമ്മുടെ കരിക്കും ഉപയോഗിക്കാം, വെള്ളത്തില്‍ വീണു കിടക്കുന്നതല്ല മറിച്ചു തെങ്ങില്‍ നിന്നും പറിക്കുന്നതു .
5. പുഴകള്‍, കുളങ്ങള്‍ ഇവയിലെ വെള്ളം, വെള്ളം കയറിയ കിണറുകള്‍, അടച്ചുറപ്പില്ലാത്ത കിണറുകള്‍, കുഴല്‍ക്കിണര്‍ വെള്ളം, ഇവ സുരക്ഷിതമല്ല.
6. വണ്ടികളില്‍ സ്വകാര്യ വ്യക്തികള്‍ എത്തിക്കുന്ന വെള്ളത്തിന്റെ സുരക്ഷിതത്വവും ഉറപ്പിക്കാനാവാത്തതിനാല്‍ അണുവിമുക്തമാക്കി വേണം ഉപയോഗിക്കാന്‍.
7. കുടിക്കാനായി ഉള്ള വെള്ളം, 2 മിനിറ്റു എങ്കിലും പൂര്‍ണ്ണമായി തിളപ്പിക്കണം. തിളപ്പിച്ച് ആറിയ വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ. സാധാരണ വെള്ളത്തിലേക്ക് തിളച്ച വെള്ളം ഒഴിച്ച് ഉപയോഗിക്കുന്നത് സുരക്ഷിതമല്ല.
8.വളരെയധികം ആളുകള്‍ ഉള്ള കേന്ദ്രങ്ങളില്‍ ഇത്തരത്തില്‍ വെള്ളം തിളപ്പിച്ച് ഉപയോഗിക്കുക പ്രായോഗികം ആയിരിക്കില്ല. അത്തരം സാഹചര്യത്തില്‍ വെള്ളം അണുവിമുക്തമാക്കുന്നത് എങ്ങനെ എന്ന് പറയാം.
9. നമ്മുടെ നാട്ടില്‍ ലഭ്യമായ ബ്ലീച്ചിംഗ് പൗഡര്‍ (സോഡിയം ഹൈപ്പോക്ലോറേറ്റ്) ആണ് ഉപയോഗിക്കേണ്ടത്. ഇത് മറ്റു വസ്തുക്കളുമായി മിക്സ് ചെയ്തു ഉപയോഗിക്കരുത്.
10. 4 ലിറ്റര്‍ വെള്ളത്തില്‍ എട്ടില്‍ ഒന്ന് ടീ സ്പൂണ്‍ (0.75മില്ലി) ബ്ലീച്ച് ചേര്‍ക്കണം. എന്നിട്ട് മുപ്പതു മിനിട്ട് വെള്ളം സൂക്ഷിക്കുക. അതിനു ശേഷം ഉപയോഗിക്കാം.കലക്കല്‍ ഉള്ള വെള്ളം ആണെങ്കില്‍ നാലില്‍ ഒന്ന് ടീ സ്പൂണ്‍ ബ്ലീച്ച് ചേര്‍ത്ത് മുപ്പതു മിനിട്ട് വെച്ചതിനു ശേഷം വെള്ളം കുടിക്കാന്‍ ഉപയോഗിക്കാം.
11. വെള്ളം ശേഖരിച്ചു വെക്കുന്ന പാത്രങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടത് ഉണ്ട്. അതിനായി പാത്രം ആദ്യമേ സോപ്പും വെള്ളവും,ഉപയോഗിച്ച് നന്നായി കഴുകണം. അതിനു ശേഷം ഒരു കപ്പ് (250മില്ലി) വെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ ബ്ലീച്ച് കലക്കണം. ഇത് പാത്രത്തിന്റെ ഉള്‍വശം മുഴുവന്‍ പറ്റുന്ന രീതിയില്‍ തേച്ചു പിടിപ്പിക്കണം. എന്നിട്ട് പാത്രം 30 മിനിട്ട് വെക്കുക. വീണ്ടും വെള്ളം ഉപയോഗിച്ച് കഴുകിയ ശേഷം ഈ പാത്രങ്ങള്‍ വെള്ളം എടുത്തു വെക്കാന്‍ ഉപയോഗിക്കാം.
12 . ഈ മാര്‍ഗ്ഗങ്ങള്‍ ഒന്നും ലഭ്യമല്ല എങ്കില്‍ വൃത്തിയുള്ള സാരി 8 ആയി മടക്കി അതിലൂടെ വെള്ളം അരിച്ചു എടുക്കാം. എന്നിട്ട് തിളപ്പിച്ച് ഉപയോഗിക്കാം. ബംഗ്ലാദേശില്‍ വെള്ളപൊക്ക കാലത്ത് ഉപയോഗിച്ച രീതിയാണ് ഇത്.
14. ഓരോ തവണയും ഭക്ഷവും വെള്ളവും കൈകാര്യം ചെയ്യുന്നതിന് മുന്‍പും ശേഷവും കൈകള്‍ കഴുകാന്‍ മറക്കരുത്.
15. തുറസായ സ്ഥലത്തെ മലമൂത്രവിസര്‍ജ്ജനം ഒഴിവാക്കണം.
ഈ കാര്യങ്ങള്‍ പാലിക്കുന്നത് വഴി ഒരു പരിധിവരെ ബുദ്ധിമുട്ടു ഉണ്ടാകാതെ മുന്നോട്ടു പോകാം . ഇതിനൊപ്പം ശുദ്ധജലം ഒരു തുള്ളി വെള്ളം പോലും പാഴാക്കാതെ നോക്കുകയും വേണം.
Leave a Reply