സ്വന്തം ലേഖകൻ
ലണ്ടൻ : യുകെയിലെ ജനങ്ങൾക്ക് ആശ്വാസമേകി കോവിഡ് കേസുകൾ കുറയുന്നു. 15 മരണങ്ങൾ മാത്രമാണ് ഇന്നലെ ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്തത്. ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന മരണസംഖ്യ ആണിത്. അത്പോലെ തന്നെ പുതിയ കേസുകളുടെ എണ്ണത്തിലും കുറവുണ്ടായി. 958 പേർക്ക് മാത്രമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മാർച്ച് 15നു ശേഷം ഇന്നലെയാണ് ഇത്രയും കുറവ് മരണങ്ങൾ ഉണ്ടായത്. പ്രധാനമന്ത്രി ബോറിസ് ജോൺസൻ, ഇംഗ്ലണ്ടിലെ ലോക്ക്ഡൗൺ നിയന്ത്രണത്തിൽ കൂടുതൽ ഇളവുകൾ ഇന്ന് പ്രഖ്യാപിച്ചേക്കും. തിങ്കളാഴ്ചത്തെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്, മരണങ്ങളുടെ എണ്ണവും പോസിറ്റീവ് കേസുകളുടെ എണ്ണവും ആദ്യമായി ലോക്ക്ഡൗണിന് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തുന്നു എന്നാണ്. മാർച്ച് 23 ന് യുകെയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയപ്പോൾ 967 കേസുകൾ രേഖപ്പെടുത്തിയിരുന്നു. പരിശോധന വൻതോതിൽ വർദ്ധിപ്പിക്കുന്നതിന് മുമ്പായിരുന്നു അത്. അതുപോലെ തന്നെ രോഗബാധിതരായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5,000 ത്തിൽ താഴെയാണെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വെളിപ്പെടുത്തി. ഏപ്രിൽ 12 ന് ആശുപത്രിയിലെ രോഗികളുടെ എണ്ണം 20,699 ആയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സ്‌കോട്ട്‌ലൻഡിലോ നോർത്തേൺ അയർലൻഡിലോ കോവിഡ് മരണങ്ങൾ ഉണ്ടായിട്ടില്ല. വെയിൽസിൽ ഒരാൾ മാത്രമാണ് മരിച്ചത്.
ലോക്ക്ഡൗൺ ലഘൂകരണത്തിന്റെ ഭാഗമായി ഇന്ന് മുതൽ നോർത്തേൺ അയർലണ്ടിൽ 6 പേർക്ക് വരെ വീടിനുള്ളിൽ കൂടിക്കാഴ്ച നടത്താൻ കഴിയും. കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം വീടിനകത്ത് കണ്ടുമുട്ടുമ്പോൾ ആളുകൾ സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്. ലോക്ക്ഡൗണിൽ നിന്നുള്ള നോർത്തേൺ അയർലണ്ടിന്റെ യാത്രയിൽ ഈ തീരുമാനം പുതിയൊരു നാഴികല്ലായി മാറുമെന്ന് ഫസ്റ്റ് മിനിസ്റ്റർ അർലിൻ ഫോസ്റ്റർ പറഞ്ഞു. വീടിനകത്തുള്ള ഒത്തുചേരലിലും ആളുകൾ മാസ്ക് ധരിച്ചിരിക്കണമെന്ന് എക്സിക്യൂട്ടീവ് വ്യക്തമാക്കി. പരസ്പരം കെട്ടിപിടിക്കുന്നത് ഒഴിവാക്കണമെന്നും ഇപ്പോൾ കർശനമായും സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും എക്‌സിക്യൂട്ടീവിന്റെ പത്രസമ്മേളനത്തിൽ സംസാരിച്ച ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഓ നീൽ പറഞ്ഞു.
കോവിഡ് പൊട്ടിപുറപ്പെട്ടതിനെ തുടർന്ന് ഡോൺകാസ്റ്ററിലെ ഔട്ട്‌വുഡ് അക്കാദമി ഡാനം തിങ്കളാഴ്ച അടച്ചുപൂട്ടി. സ്കൂളിലെ ഒരംഗത്തിന് രോഗം സ്ഥിരീകരിച്ചതായി അധികൃതർ പറഞ്ഞു. ഇതിനെത്തുടർന്നാണ് ഒരാഴ്ചയോളം സ്കൂൾ പൂട്ടിയിടാനുള്ള തീരുമാനം കൈക്കൊള്ളുന്നത്. എന്നാൽ അധ്യാപകർക്കോ വിദ്യാർത്ഥികൾക്കോ വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് അവർ വെളിപ്പെടുത്തിയിട്ടില്ല. ജൂൺ 29 ന് സ്കൂൾ വീണ്ടും തുറന്നുകഴിഞ്ഞാൽ ജീവനക്കാരെയും വിദ്യാർത്ഥികളെയും തിരികെ വരാൻ അനുവദിക്കും. അടച്ചുപൂട്ടൽ ഒരു മുൻകരുതൽ നടപടിയാണെന്നും കെട്ടിടങ്ങളും ക്ലാസ്സ്മുറികളും കൂടുതൽ വൃത്തിയാക്കുകയാണെന്നും സ്കൂൾ അധികൃതർ പറഞ്ഞു.
Leave a Reply