ലണ്ടന്‍: ബ്രെക്‌സിറ്റില്‍ അനിശ്ചിതാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി തെരേസാ മേയ്‌ക്കെതിരെ വിമര്‍ശനവുമായി ലേബര്‍ പാര്‍ട്ടി. വിഷയത്തില്‍ ക്രോസ് പാര്‍ട്ടി ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. നയരേഖ രൂപപ്പെടുത്തുന്നതില്‍ തെരേസ മേയ് പരാജയപ്പെട്ടുവെന്ന് ലേബര്‍ കുറ്റപ്പെടുത്തി. കൂടാതെ കൃത്യമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ അപാകത സംഭവിച്ചതായും ലേബര്‍ ആരോപണം ഉന്നയിച്ചു. ബ്രെക്‌സിറ്റില്‍ കൃത്യമായ മാറ്റങ്ങളുമായി പ്രധാനമന്ത്രി രംഗത്ത് വരണമെന്നും അതാണ് തങ്ങളുടെ ആത്മാര്‍ത്ഥമായ ആഗ്രഹമെന്നും ലേബര്‍ വ്യക്തമാക്കി. നേരത്തെ രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. അതേസമയം അതിവേഗത്തില്‍ ഒരു തെരഞ്ഞെടുപ്പ് നടത്തുന്നത് ആത്മഹത്യാപരമാണെന്നാണ് ബ്രെക്‌സിറ്റ് അനുകൂലികളുടെ വാദം.

യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് മേയ് 23നു തുടങ്ങും. അതിനു മുന്‍പായി ബ്രിട്ടിഷ് പാര്‍ലമെന്റില്‍ ബ്രെക്‌സിറ്റ് കരാറിന് അംഗീകാരം നേടിയെടുക്കാമെന്നും ഇയു വിടാമെന്നുമുള്ള പ്രതീക്ഷയിലാണ് മേയ് മുന്നോട്ടുപോകുന്നത്. ഇക്കാര്യങ്ങള്‍ സംവദിക്കുന്ന കത്ത് ഇ.യു നേതൃത്വത്തിന് തെരേസ മേയ് കൈമാറുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ലേബര്‍ പാര്‍ട്ടി രണ്ടാം ഹിത പരിശോധനയ്ക്കുള്ള സാധ്യതകള്‍ ഉള്‍പ്പെടെ പരിശോധിക്കണമെന്നും നിലവിലെ സാഹചര്യങ്ങളില്‍ പ്രധാനമന്ത്രി വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകണമെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്. തുടക്കം മുതലെ വിഷയത്തില്‍ മേയ് എടുത്ത നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് ലേബര്‍ നേതാവ് ജെറമി കോര്‍ബന്‍ രംഗത്ത് വന്നിരുന്നു. ബ്രെക്‌സിറ്റ് നയരേഖയില്‍ കൃത്യമായ മാറ്റങ്ങള്‍ കൊണ്ടുവരാതെ കോമണ്‍സിന്റെ അംഗീകാരം നേടാന്‍ മേയ്ക്ക് കഴിയില്ലെന്നാണ് ജെറമി കോര്‍ബന്റെ നിരീക്ഷണം. വോട്ടെടുപ്പില്‍ മൂന്നാം തവണയും മേയ് പരാജയപ്പെട്ടപ്പോള്‍ അദ്ദേഹം ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ, ഒരു വര്‍ഷം വരെ നീട്ടാനുള്ള സന്നദ്ധത വ്യക്തമാക്കി യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടുസ്‌ക് നിര്‍ദേശം മുന്നോട്ടുവച്ചതും ശ്രദ്ധേയമായി. ഹ്രസ്വകാലത്തേക്കല്ല, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമയം നീട്ടലാണ് ഇയു നേതൃത്വത്തിനു താല്‍പര്യമെന്നു വ്യക്തമാക്കിക്കൊണ്ടാണു ടുസ്‌കിന്റെ വാഗ്ദാനം. ഇടയ്ക്കിടയ്ക്ക് അഭ്യര്‍ഥനയുമായി എത്താതെ അതിനോടകം ബ്രിട്ടന്‍ എല്ലാ ബ്രെക്‌സിറ്റ് പ്രശ്‌നങ്ങളും പരിഹരിക്കണമെന്ന താല്‍പര്യത്തിലാണിത്. തെരേസ മേ എന്നു കരാര്‍ പാസാക്കിയെടുക്കുന്നോ അന്ന് കാലപരിധി അവസാനിപ്പിച്ച് ഉടനടി ബ്രെക്‌സിറ്റ് നടപടികളിലേക്കു കടക്കുംവിധമുള്ള ഉദാര സമീപനവുമാണിത്. ടുസ്‌കിന്റെ നിര്‍ദേശം പക്ഷേ, ചില ഇയു നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.