ലണ്ടന്‍: പുതിയ തലമുറ ഗ്രാമര്‍ സ്‌കൂളുകള്‍ക്കായുള്ള പദ്ധതി പ്രധാനമന്ത്രി തെരേസ മേയ് ഇന്ന് അവതരിപ്പിക്കും. ഗ്രാമര്‍ സ്‌കൂളുകളില്‍ സാമ്പത്തിക ശേഷിയനുസരിച്ച് കുട്ടികളെ തെരഞ്ഞെടുക്കുന്ന സമ്പ്രദായം അവസാനിപ്പിക്കാന്‍ 320 മില്യന്‍ പൗണ്ട് ബജറ്റില്‍ വകയിരുത്താനാണ് പദ്ധതിയെന്നാണ് പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എല്ലാത്തരക്കാര്‍ക്കും ഉപകരിക്കുന്ന ഒരു സ്‌കൂള്‍ സമ്പ്രദായമാണ് താന്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്ന് ഡെയിലി ടെലഗ്രാഫില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി. പുതിയ ഗ്രാമര്‍ സ്‌കൂളുകള്‍ തുടങ്ങുന്നതിന് നിലവിലുള്ള നിരോധനം എടുത്തു കളയാനുള്ള നടപടികള്‍ ആഴ്ചകള്‍ക്കുള്ളില്‍ ആരംഭിക്കുമെന്നും അവര്‍ വെളിപ്പെടുത്തി.
കുറച്ചു കാലമായി പുതിയ ഗ്രാമര്‍ സ്‌കൂളുകള്‍ ആരംഭിക്കുന്നതിന് രാജ്യത്ത് നിരോധനം നിലവിലുണ്ടായിരുന്നു. വിദ്യാഭ്യാസത്തില്‍ വിവേചനം സൃഷ്ടിക്കുന്നു എന്ന പരാതിയേത്തുടര്‍ന്നാണ് പുതിയ സ്‌കൂളുകള്‍ ആരംഭിക്കുന്നത് നിരോധിച്ചത്. എന്നാല്‍ തെരേസ മേയ് സര്‍ക്കാരിന്റെ വിദ്യഭ്യാസ നയത്തില്‍ ഗ്രാമര്‍ സ്‌കൂളുകള്‍ക്ക് പ്രത്യേക സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. 140 ഫ്രീ സ്‌കൂളുകള്‍ക്ക് കൂടുതല്‍ ദനസഹായം ലഭ്യമാക്കാനും തീരുമാനമുണ്ട്. ഇവയില്‍ മിക്കവയും ഉടന്‍തന്നെ ഗ്രാമര്‍ സ്‌കൂളുകളായി ഉയര്‍ത്തപ്പെടും.
നമ്മുടെ കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കും മത്സരാധിഷ്ഠിതമായ ലോകത്ത് വിജയം കൈവരിക്കാനുള്ള സാധ്യതകള്‍ നല്‍കണമെങ്കില്‍ അവര്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കേണ്ടതുണ്ടെന്ന് മേയ് പറയുന്നു. അതിനനുസരിച്ചുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള പദ്ധതിയാണ് ഉദ്ദേശിക്കുന്നത്. സാധാരണക്കാരുടെ കുട്ടികള്‍ക്കും ഇതിലൂടെ പണക്കാരായവരുടെ കുട്ടികള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അവര്‍ വ്യക്തമാക്കി.
നാളെ അവതരിപ്പിക്കുന്ന ബജറ്റില്‍ പുതിയ ഫണ്ടിംഗ് പദ്ധതികള്‍ക്ക് സ്ഥിരീകരണമുണ്ടാവും. 70 വര്‍ഷങ്ങള്‍ക്കിടെ വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന വലിയ അഴിച്ചുപണി എന്നാണ് ഇതിനെ സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. എ ലെവലില്‍ സാങ്കേതിക വിദ്യാഭ്യാസവും കൂടി സംയോജിപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ പദ്ധതിക്കും തുടക്കം കുറിക്കുന്നുണ്ട്. ഫ്രീ സ്‌കൂളുകള്‍ക്ക് അനുവദിക്കുന്ന 320 മില്യന്‍ പൗണ്ട് കൂടാതെ മറ്റൊരു 216 മില്യന്‍ പൗണ്ട് കൂടി വിദ്യാഭ്യാസ മേഖലയ്ക്കായി ബജറ്റില്‍ വകയിരുത്തുന്നുണ്ട്. സ്‌കൂളുകളെ 21-ാം നൂറ്റാണ്ടിന്റെ നിലവാരത്തിലേക്കുയര്‍ത്തുക എന്ന ലക്ഷ്യത്തിനായാണ് ഈ പണം.
തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ ദരിദ്ര സാഹചര്യങ്ങളില്‍ നിന്നു വരുന്ന കുട്ടികള്‍ക്ക് 15 കിലോമീറ്ററിനുള്ളില്‍ സൗജന്യ യാത്ര നല്‍കാനുള്ള പദ്ധതിയും പ്രഖ്യാപിക്കും. നിലവില്‍ സ്‌റ്റേറ്റ് സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മാത്രമാണ് ഈ സൗജന്യം ലഭിക്കുന്നത്. ഇതിനെ അസമത്വം എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിക്കുന്നത്.