പ്രധാനമന്ത്രി തെരേസ മേയുടെ വിവാദ പോസ്റ്റ് ബ്രെക്‌സിറ്റ് വ്യാപാര ഉടമ്പടി രാജ്യത്തിന് വന്‍ ബാധ്യത വരുത്തുമെന്ന് വിലയിരുത്തല്‍. വ്യവസായങ്ങള്‍ക്ക് പ്രതിവര്‍ഷം 700 മില്യന്‍ പൗണ്ടിന്റെ ബാധ്യത യൂറോപ്യന്‍ യൂണിയനുമായി രൂപീകരിക്കുന്ന ഈ കരാറിലൂടെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എച്ച്എംആര്‍സി കസ്റ്റംസ് തലവന്‍മാര്‍ വിലയിരുത്തുന്നു. ബ്രെക്‌സിറ്റ് ചെക്കേഴ്‌സ് പ്ലാനില്‍ മേയ് അവതരിപ്പിച്ച ഫെസിലിറ്റേറ്റഡ് കസ്റ്റംസ് അറേഞ്ച്‌മെന്റ് എന്ന ഈ ഓപ്ഷനാണ് മന്ത്രിസഭയില്‍ നിന്നുള്ള കൂട്ടരാജിക്ക് പോലും കാരണമായത്. ഈ പദ്ധതി രാജ്യത്തെ ഏറ്റവും മോശം അവസ്ഥയിലേക്ക് തള്ളിവിടുമെന്ന് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ മുന്‍ ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ കുറ്റപ്പെടുത്തിയിരുന്നു.
10 ദിവസങ്ങള്‍ക്കു മുമ്പ് ബ്രെക്‌സിറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് ഡേവിഡ് ഡേവിസ് രാജി വെച്ചതിനു കാരണവും പ്രധാനമന്ത്രിയുടെ ഈ നയം തന്നെയാണ്. ഇത് യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകളില്‍ ബ്രിട്ടനെ തളര്‍ത്തുമെന്നായിരുന്നു ഡേവിസ് പറഞ്ഞത്. 700 മില്യന്‍ പൗണ്ടിന്റെ ബാധ്യതയുണ്ടാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി അവതരിപ്പിച്ചതെങ്കിലും ഒരു നോ ഡീല്‍ ബ്രെക്‌സിറ്റിനേക്കാള്‍ ഭേദമായിരിക്കും ഇതെന്നും വിലയിരുത്തലുണ്ട്. ധാരണകളില്ലാതെയുള്ള ബ്രെക്‌സിറ്റ് നടപ്പായാല്‍ 17 ബില്യന്‍ മുതല്‍ 20 ബില്യന്‍ വരെയുള്ള ഭീമമായ ബാധ്യതയായിരിക്കും സൃഷ്ടിക്കുക.
എഫ്‌സിഎ ഇല്ലാതെയുള്ള ബ്രെക്‌സിറ്റില്‍ ബിസിനസുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ കടുത്ത കസ്റ്റംസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇടയുണ്ടെന്നാണ് എച്ച്എം റവന്യൂ ആന്‍ഡ് കസ്റ്റംസ് പറയുന്നത്. എഫ്‌സിഎ ഇത് ഒഴിവാക്കുമെന്ന് എച്ച്എംആര്‍സി സെക്കന്‍ഡ് പെര്‍മനന്റ് സെക്രട്ടറി ജിം ഹാര ലോര്‍ഡ്‌സിനെ അറിയിച്ചു.
Leave a Reply