ന്യൂസ് ഡെസ്ക്, മലയാളം യുകെ
രണ്ടായിരമാണ്ടിന്റെ തുടക്കത്തിലാണ് യുകെയിലേയ്ക്ക് മലയാളി കുടിയേറ്റം ഇന്നത്തെ രീതിയിൽ ആരംഭിച്ചത്. പ്രധാനമായും നേഴ്സുമാരും ആരോഗ്യ പ്രവർത്തകരുമാണ് ജോലി സംബന്ധമായി യുകെയിൽ ആദ്യം എത്തിയത്. പിന്നീടാണ് മലയാളി വിദ്യാർത്ഥി വിദ്യാർത്ഥിനികൾ യുകെയിലേക്ക് കുടിയേറ്റം ആരംഭിച്ചത്. പഠനത്തിനായി യുകെയിൽ എത്തി അതിനോട് അനുബന്ധിച്ച് ലഭിക്കുന്ന സ്റ്റേ ബാക്ക് പ്രയോജനപ്പെടുത്തി ജോലിയും പെർമനന്റ് വിസയും സംഘടിപ്പിക്കുകയായിരുന്നു മിക്ക മലയാളി സ്റ്റുഡൻസും ലക്ഷ്യം വച്ചിരുന്നത്. യുകെയിൽ എത്തുന്ന വിദ്യാർത്ഥികളിൽ നല്ലൊരു ശതമാനവും മലയാളികൾ ആയിരുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്.
ഇത്രയും മലയാളികൾ യുകെയിൽ എത്തിയെങ്കിലും യുകെയിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഇംഗ്ലീഷ് ഒഴികെയുള്ള 10 ഭാഷകളുടെ കണക്കെടുക്കുമ്പോൾ മലയാളം അതിലില്ല. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിക്സിന്റെ കണക്കുകൾ പ്രകാരം യുകെയിൽ താമസിക്കുന്ന 4.1 ദശലക്ഷം ആളുകൾക്ക് ഇംഗ്ലീഷ് മാതൃഭാഷയല്ല. ലണ്ടനിൽ മാത്രം 300 ലധികം ഭാഷകൾ സംസാരിക്കുന്ന ആളുകൾ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്കോട്ട്സ്, വെൽഷ്, ഐറിഷ് ഗാലിക്, സ്കോട്ടിഷ് ഗാലിക്, കോർണിഷ് എന്നിവയുൾപ്പെടെ യുകെയിലെ പ്രാദേശിക ഭാഷകൾക്ക് പുറമേയാണിത്. പടിഞ്ഞാറൻ ലണ്ടൻ, സ്ലോ, സതാംപ്ടൺ, ബർമിംഗ്ഹാം, ലീഡ്സ് എന്നിവിടങ്ങളിൽ 612,000 പേർ സംസാരിക്കുന്ന പോളിഷ് ആണ് ഇംഗ്ലീഷ് ഇതര ഭാഷകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. അഞ്ച് ലക്ഷം പേരോളം സംസാരിക്കുന്ന യൂറോപ്യൻ ഭാഷയായ റൊമാനിയൻ ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഉള്ളത്. മൂന്ന് ലക്ഷത്തോളം പേർ സംസാരിക്കുന്ന പഞ്ചാബിയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തും ഇന്ത്യൻ ഭാഷയിൽ ആദ്യ സ്ഥാനത്തുള്ളതും .
ഏകദേശം 270,000 സംസാരിക്കുന്ന ഉറുദു നാലാം സ്ഥാനത്താണ്. ഉർദു സംസാരിക്കുന്ന ഭൂരിഭാഗം ആളുകളും സ്കോട്ട്‌ലൻഡ്, വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, മാഞ്ചസ്റ്റർ, ലീഡ്‌സ് എന്നിവിടങ്ങളിലാണ് താമസിക്കുന്നത്.
ബ്രിട്ടൻ്റെ ഇന്ത്യയിലെ കോളനിവൽക്കരണവും കോമൺവെൽത്ത് വഴിയുള്ള കുടിയേറ്റം സുഗമമാക്കിയ 1948 ലെ ബ്രിട്ടീഷ് നാഷണാലിറ്റി ആക്‌റ്റും യുകെയിൽ ഇന്ത്യൻ ഭാഷകളുടെ വ്യാപനത്തിന് കാരണമായി കണക്കാക്കാം. ഇംഗ്ലീഷ് ഒഴികെ രാജ്യത്ത് ഏറ്റവും കൂടുതൽ സംസാരിക്കുന്ന 10 ഭാഷകളുടെ പട്ടിക ഇവയൊക്കെയാണ്. ബ്രാക്കറ്റിൽ സംസാരിക്കുന്നവരുടെ എണ്ണം കൊടുത്തിരിക്കുന്നു. പോളിഷ് (612,000 ), റൊമാനിയൻ (472,000 ) , പഞ്ചാബി ( 291,000 ) , ഉർദു ( 270,000 ) , പോർച്ചുഗീസ് (225,000 ) , സ്പാനിഷ് (215,000 ) , അറബി ( 204,000 ) , ബംഗാളി ( 199,000 ) , ഗുജറാത്തി ( 189,000 ) , ഇറ്റാലിയൻ
( 160,000).
Leave a Reply