ജെഗി ജോസഫ്

പല സ്വപ്നങ്ങളും അവശേഷിപ്പിച്ചാകും പലപ്പോഴും ഒരു ജീവന്‍ നഷ്ടമാകുന്നത്. ചില ആഗ്രഹങ്ങള്‍ നമ്മുടെ പ്രിയപ്പെട്ടവര്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കും. ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് സീറോമലബാര്‍ കാതലിക്ക് ചര്‍ച്ചിലെ വുമൺസ് ഫോറത്തിന്റെ നേതൃത്വത്തില്‍ വോക്ക് വിത്ത് ബിന്ദു എന്ന ചാരിറ്റി പ്രോഗ്രാം ഇത്തരത്തിലൊരു ആഗ്രഹ പൂര്‍ത്തീകരണമാണ്. അറുപതോളം പേര്‍ നാലു മൈല്‍ ദൂരം ഒരേ മനസോടെ നടന്നു, ബിന്ദുവിനെ അനുസ്മരിച്ചുകൊണ്ട്. കഴിഞ്ഞ വർഷം ഒപ്പമുണ്ടായിരുന്ന ഒരാള്‍… എല്ലാത്തിലും നേതൃ നിരയിലുണ്ടായ വ്യക്തി പെട്ടെന്നൊരു ദിവസം ക്യാന്‍സര്‍ തിരിച്ചറിയുകയും ദിവസങ്ങള്‍ക്കുള്ളില്‍ മരിക്കുകയും ചെയ്താല്‍ ആ വേര്‍പാട് താങ്ങാവുന്നതിലും അപ്പുറമാണ്. അത്തരമൊരു വേര്‍പാടായിരുന്നു വുമണ്‍സ് ഫോറത്തിനെ സംബന്ധിച്ച് ബിന്ദുവിനെ നഷ്ടമായപ്പോഴുണ്ടായത്.

ഈ വര്‍ഷം ഫെബ്രുവരി 28നാണ് വുമണ്‍സ് ഫോറത്തിന്റെ കോര്‍ഡിനേറ്റർമാരില്‍ ഒരാളായിരുന്ന ബിന്ദു ലിജോ ക്യാന്‍സര്‍ ബാധിച്ചു മരിച്ചത്. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളിലും സാമൂഹിക ആത്മീയ പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു ബിന്ദു. ചാരിറ്റിക്ക് വേണ്ടി വുമണ്‍സ് ഫോറത്തിന് ബിന്ദു പറഞ്ഞു നല്‍കിയ ഒരു പ്ലാന്‍ ആയിരുന്നു ഈ ‘ നടത്തം’ . ഞായറാഴ്ച രാവിലെ കുര്‍ബാന കഴിഞ്ഞ് ഒരു വാക്ക് . കുറച്ച് വനിതാ അംഗങ്ങള്‍ പങ്കെടുത്ത് അന്ന് ആ പരിപാടി വിജയകരമായി പൂര്‍ത്തിയാക്കി. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി അധികം വൈകാതെ ബിന്ദുവിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചു, ചികിത്സയിലിരിക്കേ മരണവും സംഭവിച്ചു. ബിന്ദു എല്ലാവരേയും ഒരുമിപ്പിച്ച വ്യക്തിയായിരുന്നു. ജീവിതത്തിൻറെ അവസാന നിമിഷത്തില്‍ പോലും നൂറുകണക്കിന് ജപമാലയും വലിയ പ്രാര്‍ത്ഥനയായിരുന്നു ബിന്ദുവിനായി വനിതാ അംഗങ്ങള്‍ നടത്തിയത്. അത്ര പ്രിയപ്പെട്ട വ്യക്തിയായിരുന്നു ഏവര്‍ക്കും ബിന്ദു.

ഇപ്പോഴിതാ വുമണ്‍സ് ഫോറം ബിന്ദുവിന്റെ ഓര്‍മ്മയിലൂടെ ആ നടത്തം ഒരിക്കല്‍ കൂടി പൂര്‍ത്തിയാക്കി.
മാറ്റ്സൺ സെൻറ് അഗസ്‌റ്റിൻ ദേവാലയത്തിൽ നിന്ന് കോണിഹിൽ സെമിത്തേരിയിലെ ബിന്ദുവിന്റെ കുഴിമാടത്തിലേക്ക് വുമണ്‍സ് ഫോറം അംഗങ്ങളും ബിന്ദുവിനെ സ്‌നേഹിക്കുന്നവരും നടന്നു. സംഘം ബിന്ദുവിന്റെ കുഴിമാടത്തിലെത്തി പ്രാര്‍ത്ഥിച്ചു. വികാരി ഫാ ജിബിന്‍ വാമറ്റത്തിലിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ വലിയൊരു പങ്കാളിത്തവും ശ്രദ്ധേയമായി. ബില്‍ജി ലോറന്‍സ് പല്ലിശ്ശേരി, അല്‍ഫോണ്‍സ് ആന്റണി, ഷൈനി ജെഗി , എൽസ റോയ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അറുപതോളം പേര്‍ വോക്ക് വിത്ത് ബിന്ദുവില്‍ പങ്കെടുത്തു. ചാരിറ്റിക്ക് വേണ്ടി മുന്നൂറോളം പൗണ്ട് സമാഹരിക്കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എല്ലാവര്‍ഷവും ബിന്ദുവിന്റെ ഓര്‍മ്മയ്ക്കായി ഒരു ചാരിറ്റിവാക്ക് നടത്താനും സംഘം തീരുമാനിച്ചു. എപ്പോഴെങ്കിലുമൊക്കെ ജീവിതത്തില്‍ കളം ഒഴിയേണ്ടവരാണ് നമ്മള്‍. ആ കളം ഒഴിയുമ്പോള്‍ ചില നന്മകള്‍ മറ്റുപലരിലേക്കും പകര്‍ന്നു നല്‍കും. അത്തരത്തില്‍ ബിന്ദു തന്റെ പ്രിയപ്പെട്ടവരിലേക്ക് കൈമാറിയതാണ് ഈ ചാരിറ്റി വാക്ക്. ഇനിയും ഇതു തുടരും. സമൂഹ നന്മയ്ക്കായി മറ്റുപലരും ഇത് ഏറ്റെടുക്കുമ്പോള്‍ സ്വര്‍ഗത്തിലിരുന്ന് ബിന്ദുവിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും.

വുമണ്‍സ് ഫോറത്തിന് തങ്ങളുടെ പ്രിയ സുഹൃത്തിന് മനസു കൊണ്ട് നല്‍കാനുള്ള വാക്കും ഇതാണ്… ഈ നടത്തം തുടരും ,വരും വര്‍ഷങ്ങളിലും… നീ നല്‍കിയ നന്മ അണയാതെ സൂക്ഷിക്കാന്‍ എന്നും ശ്രമിക്കും. …