അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
യുകെ മലയാളികളുടെ വീടുകളിൽ മോഷണങ്ങൾ തുടർക്കഥയാവുന്നത് നേരത്തെ മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതുസംബന്ധിച്ച് ഏറ്റവും പുതിയതായി ഓക്സ്ഫോർഡിനടുത്തുള്ള ബെറിൻസ്ഫീൽഡിലുള്ള മലയാളി കുടുംബത്തിലാണ് ബുധനാഴ്ച കവർച്ച നടന്നത്. മലയാളി ദമ്പതികളുടെ ഭവനത്തിൽ ഉച്ചകഴിഞ്ഞ് 3 നും 3 .30 നും ഇടയ്ക്കാണ് സംഭവം നടന്നത്. അരമണിക്കൂറിനുള്ളിൽ മുൻവാതിൽ തകർത്ത് വിലപിടിപ്പുള്ള സ്വർണം, ഡയമണ്ട് ആഭരണങ്ങൾ കവർന്ന് മോഷ്ടാക്കൾ രക്ഷപ്പെട്ടു . എന്നാൽ ഇലക്ട്രിക് സാധനങ്ങളോ മറ്റൊന്നുമോ മോഷ്ടാക്കൾ എടുത്തിട്ടില്ല.
മോഷ്ടാക്കൾ മലയാളി കുടുംബങ്ങളെ ലക്ഷ്യം വെച്ച് നിരീക്ഷണം നടത്തുന്നു എന്ന അഭിപ്രായമാണ് പോലീസിനുള്ളത് . മലയാളികളെ മോഷ്ടാക്കൾ ലക്ഷ്യം വെക്കുന്നതിൻെറ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് വീടുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണം തന്നെയാണ് . മോഷ്ടാക്കളെ പിടിച്ചാലും സ്വർണ്ണം തിരിച്ചു കിട്ടാനുള്ള സാധ്യത തുലോം കുറവാണ് എന്നാണ് പൊലീസും അഭിപ്രായപ്പെടുന്നത്. കാരണം മോഷ്ടിക്കപ്പെടുന്ന സ്വർണ ഉരുപ്പടികൾ കഴിയുന്ന അത്രയും വേഗത്തിൽ നാട് കടത്തുകയാണ് മോഷ്ടാക്കളുടെ പതിവ് . ഏഷ്യൻ സ്വർണത്തിന് മോഷ്ടാക്കളുടെ ഇടയിലുള്ള പ്രിയവും ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
യുകെയിലെ ബാങ്കുകളിൽ ലോക്കർ സൗകര്യങ്ങൾ കുറവാണ് എന്നുള്ളതാണ് സ്വർണം സൂക്ഷിക്കുന്നതിന് മലയാളികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് . അത്യാവശ്യമുള്ള സ്വർണാഭരണങ്ങൾ ഒഴികെ ബാക്കിയുള്ളവ നാട്ടിൽ ബാങ്ക് ലോക്കറുകളിൽ സൂക്ഷിക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി. യുകെയിൽ സ്വർണാഭരണങ്ങൾ ഉൾപ്പെടെ ഇൻഷുറൻസ് ചെയ്യാനുള്ള സംവിധാനവും നിലവിലുണ്ട് . പക്ഷേ മോഷണശേഷം ക്ലെയിം ചെയ്യണമെങ്കിൽ ഫോട്ടോ, ബിൽ തുടങ്ങിയ അനുബന്ധ രേഖകൾ ഹാജരാക്കാൻ സാധിക്കണം.
ഇന്ത്യക്കാരെ കവർച്ചക്കാർ കൂടുതലായി ലക്ഷ്യമിടുന്ന കാര്യം കഴിഞ്ഞ വർഷം ബിബിസി യും റിപ്പോർട്ട് ചെയ്തിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!