ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈസ്റ്റ് ലണ്ടനിൽ വീടിന് തീപിടുത്തമുണ്ടായതിനെ തുടർന്നുള്ള അപകടത്തിൽ മൂന്നാമത്തെ കുട്ടിയും മരണമടഞ്ഞു. സംഭവത്തിൽ നേരത്തെ രണ്ട് കുട്ടികൾ ജീവൻ വെടിഞ്ഞിരുന്നു. ശനിയാഴ്ച രാവിലെ 8. 30 നാണ് നാടിനെ നടുക്കിയ സംഭവം നടന്നത് . ഒരു കുട്ടി സംഭവസ്ഥലത്തു വെച്ചു തന്നെയാണ് മരണമടഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്നലെ ഒരു കുട്ടി കൂടി മരണമടഞ്ഞതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. തീ പിടുത്തത്തിൽ പരുക്കേറ്റ് രണ്ടുപേർ ആശുപത്രിയിൽ തുടരുകയാണ്. അധികം പരിക്കുകളില്ലാത്ത ഒരാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. എന്നിരുന്നാലും ഔട്ട് പേഷ്യൻ്റ് ആയി ചികിത്സയിൽ തുടരുകയാണെന്നാണ് അറിയാൻ സാധിച്ചത്. അപകടത്തിൽ പെട്ട ആറുപേരും ഒരുമിച്ച് താമസിച്ചിരുന്നവരും ഒരു കുടുംബത്തിലെ അംഗങ്ങളുമാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.


വീടിന് അഗ്നിബാധയുണ്ടായതിനെ തുടർന്ന് മൂന്ന് കുട്ടികൾ മരിച്ച സംഭവം കടുത്ത ദുഃഖം ഉളവാക്കുന്നതാണെന്ന് ന്യൂഹാം മേയർ റോഖ്‌സാന ഫിയാസ് പറഞ്ഞു. സംഭവത്തിന് എന്തെങ്കിലും ദുരൂഹത ഉണ്ടെന്നതിന് നിലവിൽ പോലീസിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കുട്ടികളുടെ പ്രായം തുടങ്ങിയ ഒരു കാര്യവും പോലീസ് പുറത്തുവിട്ടിട്ടില്ല. തീപിടുത്തമുണ്ടായ ഉടനെ വീട്ടിലുള്ളവരെ രക്ഷപ്പെടുത്താൻ ഇഷ്ടിക കഷണങ്ങൾ ഉപയോഗിച്ച് ജനൽ ചില്ല് തകർക്കാൻ ശ്രമിച്ചതായി സമീപവാസികൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി. തീപിടുത്തത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. 40 ഫയർഫോഴ്സ് ജീവനക്കാരും 6 ഫയർ എൻജിനുകളും ചേർന്നാണ് തീയണച്ചത്.