തിരുവല്ല സ്റ്റേഷനിൽ ട്രെയിനിൽ നിന്നും പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട് മരിച്ച അധ്യാപികയുടെ മരണത്തിൽ ദുരൂഹത. കോട്ടയം മേലുകാവ് എഴുയിനിക്കൽ വീട്ടിൽ ജിൻസി (35)യാണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്.
വർക്കല വെട്ടൂർ ജിഎച്ച്എസ് അധ്യാപികയായ ജിൻസി കോട്ടയത്തായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ തിരുവല്ല സ്‌റ്റേഷനിൽ നിന്നും കോട്ടയം പാസഞ്ചർ ട്രെയിൻ എടുത്ത് വേഗത കൂട്ടുന്നതിനിടെ ജിൻസി പ്ലാറ്റ്‌ഫോമിലേക്ക് ചാടാൻ ശ്രമിച്ചത് ദുരൂഹമാണെന്നാണ് പരാതി ഉയരുന്നത്.
സ്ഥിരം യാത്രക്കാരിയായ ജിൻസി ട്രെയിൻ എടുത്തതിന് ശേഷം ഇറങ്ങാൻ ശ്രമിക്കുന്നത് സ്വാഭാവികമല്ലെന്ന് ട്രെയിൻ യാത്രികരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് പ്രതികരിക്കുന്നു.
അധ്യാപികയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. റെയിൽവെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലും ട്രെയിൻ നല്ല സ്പീഡ് ആയതിനുശേഷം പ്ലാറ്റ്‌ഫോം തീരുന്ന ഭാഗത്ത് വെച്ചാണ് യാത്രക്കാരി പാളത്തിലേക്ക് വീഴുന്നതായി കാണുന്നത്.
അതേസമയം സംഭവത്തിൽ ദുരൂഹത വർധിപ്പിച്ച് സ്‌റ്റേഷനിൽ നിന്നും പാസഞ്ചർ ട്രെയിൻ എടുത്ത സമയത്ത് മുഷിഞ്ഞ വസ്ത്രധാരി ആയ ഒരാൾ ലേഡീസ് കംപാർട്ട്‌മെന്റിലേക്ക് ഓടി കയറുന്നത് കണ്ടതായി ട്രെയിനിൽ ഉണ്ടായിരുന്നവർ പറയുന്നുണ്ട്.
ജിൻസി ടീച്ചർ കംപാർട്ട്‌മെന്റിൽ തനിച്ചായിരുന്നു. പിന്നീടാണ് ട്രെയിനിൽ നിന്നും ജിൻസി ടീച്ചർ വീഴുന്നത്. കോട്ടയം ഇറങ്ങേണ്ട ആൾ തിരുവല്ല സ്റ്റേഷനിൽ ട്രെയിൻ നല്ല സ്പീഡ് ആയതിനു ശേഷം വീണത് ദുരൂഹമാണെന്ന് സഹയാത്രികർ പറയുന്നുണ്ട്. വീഴുന്നതിന് കുറച്ചു മുൻപ് ബന്ധുക്കളുമായി ജിൻസി ടീച്ചർ സംസാരിച്ചിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.
ജിൻസി ടീച്ചറുടെ മരത്തിലെ ദുരൂഹത നീക്കണം എന്ന് ആവശ്യപ്പെട്ട് സോഷ്യൽമീഡിയയിലും ക്യാംപെയിൻ നടക്കുന്നുണ്ട്. പ്രമുഖരടക്കം ഇതിന്റെ ഭാഗമായിട്ടുണ്ട്.
Leave a Reply