ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. പുറത്തു പോകാന്‍ മടിയുള്ളവര്‍ക്ക് ഈ സൗകര്യം ഏറെ ഉപകാരപ്രദവുമാണ്. വാച്ചും ബാഗും മൊബൈല്‍ ഫോണും മുതല്‍ ഫ്രിഡ്ജും വാഷിങ് മെഷീനും വരെ ഓണ്‍ലൈനിലൂടെ വാങ്ങുന്നവരുണ്ട്. എന്നാല്‍ വീട്ടിലിരുന്ന് ഒരു വീട് തന്നെ ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്താലോ?
അങ്ങനെ ഒരു സാഹസത്തിന് മുതിര്‍ന്നിരിക്കുകയാണ് അമേരിക്കയ്ക്കാരനായ ജെഫ്രി ബ്രയാന്റ് എന്ന യുവാവ്. മടക്കിയെടുക്കാവുന്ന ഒരു വീട് ആമസോണില്‍ നിന്ന് ജെഫ്രി വാങ്ങി. ഈ വീട് മുഴുവനായും നിവര്‍ത്തി താമസയോഗ്യമാക്കിയ ശേഷമുള്ള വീഡിയോ ടിക് ടോക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ലിവിങ് റൂം, ഓപ്പണ്‍ കിച്ചണ്‍, കിടപ്പുമുറി, ബാത്‌റൂം എന്നിവയെല്ലാമുള്ള വീടിന്റെ ഒരു ഹോം ടൂര്‍ വീഡിയോയാണ് ജെഫ്രി പോസ്റ്റ് ചെയ്തത്. തന്റെ പ്രായത്തിലുള്ളവര്‍ക്ക് വീട് വാങ്ങാന്‍ സാധിക്കില്ലെന്ന് പലരും പറയാറുണ്ടെങ്കിലും മനസ്സുണ്ടെങ്കില്‍ ആര്‍ക്കും ഇത് സാധ്യമാണെന്നതിന്റെ ഉദാഹരണമാണ് താനെന്നും ജെഫ്രി വീഡിയോയില്‍ പറയുന്നു.
ഇതു വാങ്ങാനായി 26,000 ഡോളര്‍ (21.5 ലക്ഷം രൂപ) ചെലവായെന്നും ജെഫ്രി പറയുന്നു. മറ്റു വീടുകളെ അപേക്ഷിച്ച് ഈ ഫോര്‍ഡബ്ള്‍ വീടിന്റെ മേല്‍ക്കൂരയ്ക്ക് ഉയരം കുറവാണ്. സാധാരണ വീടുകള്‍പോലെ ജനലുകളെല്ലാമുള്ള ഈ വീട്ടില്‍ ഒരാള്‍ക്ക് സുഖമായി താമസിക്കാം.
ഈ വീഡിയോക്ക് താഴെ ആളുകള്‍ നിരവധി സംശയങ്ങള്‍ ചോദിക്കുന്നുണ്ട്. വീടിന്റെ ഡ്രെയ്‌നേജ് സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുമെന്നും മലിനജലം എവിടേക്ക് ഒഴുക്കി വിടുമെന്നുമെല്ലാം ആളുകള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. 21 ലക്ഷം രൂപയ്ക്ക് ഇതിലും മികച്ച വീട് നിര്‍മിക്കാം എന്നും ആളുകള്‍ പറയുന്നു. അതേസമയം ഈ വീട് ഇപ്പോള്‍ അദ്ഭുതമായി തോന്നുമെങ്കിലും ഭാവിയില്‍ ഇത് സാധാരണ കാഴ്ച്ചയാകുമെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. വീട് ‘ഫ്രീം ഹോം ഡെലിവറി’യായിരുന്നോ എന്നും ആളുകള്‍ തമാശയായി ചോദിച്ചിട്ടുണ്ട്.
എന്നാല്‍ ഈ വീട് സ്ഥിരമായി സ്ഥാപിക്കാനുള്ള സ്ഥലം ഇപ്പോഴും ജെഫ്രിക്ക് സ്വന്തമായിട്ടില്ല. വീട് കൈയില്‍ കിട്ടിയശേഷം അതിന് കേടുപാടുകളൊന്നുമില്ലല്ലോ എന്ന് പരിശോധിക്കാനായി താത്ക്കാലികമായ ഒരുടത്തുവെച്ചാണ് ഇത് നിവര്‍ത്തിനോക്കിയത്.
Leave a Reply