ലണ്ടൻ മാരത്തോണിന്റെ നേതൃത്വത്തിൽ നടത്തിവരാറുള്ള വൈറ്റാലിറ്റി ലണ്ടൻ 10 കിലോമീറ്റർ ഇവന്റ് കോവിഡ് പശ്ചാത്തലത്തിൽ വിർച്വൽ ഇവന്റായി നടത്തുവാൻ തീരുമാനിച്ച സാഹചര്യത്തിൽ, ക്രോയ്ഡൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിനും സ്റ്റാഫിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹോസ്പിറ്റലിന്റെ ചുറ്റും സ്വന്തമായി തിരഞ്ഞെടുത്ത റൂട്ടിലൂടെ 10 കിലോമീറ്റർ ഓടി ഒരിക്കൽ കൂടി മാതൃക ആകുകയാണ് ശ്രീ അശോക് കുമാർ.
2014-ലെ ലണ്ടൻ മാരത്തോണിലൂടെ തുടക്കം കുറിച്ച ശ്രീ അശോക് കുമാർ ആറ് വർഷം കൊണ്ട് ഒൻപത് മേജർ മാരത്തോൺ പൂർത്തിയാക്കുകയും, ഏഴുതവണ വിവിധ ലോകപ്രശസ്ത ഹാഫ്-മാരത്തോണുകൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തിലെ 6 മേജർ മാരത്തോണുകൾ പൂർത്തിയാക്കിയ ഏക മലയാളി എന്ന ബഹുമതിക്ക് അർഹനായ ശ്രീ അശോക് കുമാർ, യുകെയിലെ വിവിധ ചാരിറ്റി സംഘടനകളിൽ ഭാരവാഹിത്വം വഹിക്കുന്ന വ്യക്തി എന്ന നിലയിലും സുപരിചിതനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വർഷംതോറും ക്രോയ്ഡനിൽ മാരത്തോൺ ചാരിറ്റി ഇവന്റ് സംഘടിപ്പിക്കാറുണ്ടെങ്കിലും നിലവിലെ കോവിഡ് സാഹചര്യത്തിൽ ഈ വർഷം പതിവ് രീതിയിൽ ഇവന്റ് നടത്തുവാൻ സാധിക്കുന്നതല്ല എന്ന് അറിയിച്ചിരുന്നു. നാളിതുവരെ ലോകത്തിലെ വിവിധ ചാരിറ്റി സംഘടനകൾക്ക് 25,000-ത്തിലേറെ പൗണ്ട് സമാഹരിച്ചു നൽകിയിട്ടുണ്ട് ശ്രീ അശോക് കുമാർ.

ഈ വരുന്ന നവംബർ ഒന്നിന് നടത്തുന്ന വൈറ്റാലിറ്റി 10 കിലോമീറ്റർ വെർച്വൽ റണ്ണിൽ സമാഹരിക്കുന്ന തുക ക്രോയ്ഡൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ നിർവഹിക്കുന്ന നിസ്തുലമായ പ്രവർത്തനങ്ങൾ മുൻനിർത്തി ഹോസ്പിറ്റലിലെ മുഴുവൻ ജീവനക്കാർക്കും ആദരസൂചകമായി നൽകുവാൻ തീരുമാനിച്ചിരിക്കുകയാണ്. നവംബർ 1 ഞായറാഴ്ച രാവിലെ 11 മണിക്ക് ക്രോയ്ഡൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന് മുന്നിൽ സംഘടിപ്പിക്കുന്ന പുതുമയോടുകൂടിയ വൈറ്റാലിറ്റി ലണ്ടൻ 10 കിലോമീറ്റർ റണ്ണിൽ പൂർണ്ണമായോ ഭാഗീകമായോ പങ്കെടുക്കുവാൻ ഏവരെയും, വിശിഷ്യാ മലയാളി സുഹൃത്തുക്കളെ, സ്വാഗതം ചെയ്യുന്നു. യുകെയിലെ വിവിധ മേഖലകളിൽ മികവാർന്ന പ്രാതിനിധ്യം ഇതിനോടകം തെളിയിച്ചു കഴിഞ്ഞ മലയാളി സമൂഹം ഇത്തരത്തിൽ പൊതു താത്പര്യാർത്ഥം സംഘടിപ്പിക്കുന്ന പരിപാടികളിൽ കൂടി സജീവമായി പാങ്കാളികളാകുന്നതിലൂടെ സാമൂഹിക സന്നദ്ധ പ്രവർത്തന മേഖലകളിൽ കൂടി മുൻനിരയിലെത്തുവാൻ സഹായകരമാകുമെന്ന് ശ്രീ അശോക് കുമാർ അറിയിച്ചു. ഇവന്റിൽ പങ്കെടുക്കുന്ന എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുവാൻ ശ്രദ്ധിക്കണമെന്ന് പ്രത്യേകം അപേക്ഷിക്കുന്നു.
ചാരിറ്റി ധനസമാഹരണത്തിൽ പങ്കെടുത്ത് അശോക് കുമാറിനെ സപ്പോർട്ട് ചെയ്യുവാനും കൂടുതൽ വിവരങ്ങൾ അറിയുവാനും താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക :
https://www.justgiving.com/crowdfunding/croydonnhstrust-ashok-kumar?utm_term=zzDWBR89Q
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ:
അശോക് കുമാർ-07974349318











Leave a Reply