ഏഴു വയസുകാരനെ മൃഗീയമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം നന്തൻകോട് കടവത്തൂർ കാസിൽ അരുണ്‍ ആനന്ദി(36) നെതിരെ കുട്ടികൾക്കെതിരേയുള്ള ലൈംഗിക അതിക്രമക്കേസും ചുമത്തി. മൂത്തകുട്ടിയെ മർദിച്ചതിനു പുറമെ ഇളയകുട്ടിയെ ഇയാൾ ലൈംഗികാതിക്രമത്തിനും വിധേയമാക്കിയിട്ടുള്ളതായി ഡോക്ടർമാർ നൽകിയ മൊഴിയെത്തുടർന്നാണ് വധശ്രമത്തിനു പുറമേ പോക്സോ വകുപ്പനുസരിച്ചുള്ള കുറ്റവും ചുമത്തിയത്. തെളിവെടുപ്പിനു ശേഷം മുട്ടം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മുട്ടം സബ്ജയിലിൽ റിമാൻഡ് ചെയ്തു. മൂത്തകുട്ടിയെ ലൈംഗികാതിക്രമത്തിനു വിധേയമാക്കിയിട്ടുണ്ടോയെന്നു കൂടുതൽ പരിശോധനകൾക്കു ശേഷമെ വ്യക്തമാകൂ. ഇളയ കുട്ടിയുടെ ശരീരത്തിലേറ്റ പരിക്കുകൾക്കു പുറമെ ജനനേന്ദ്രിയത്തിലേറ്റ മുറിവുകൾ പരിശോധിച്ചപ്പോഴാണ് കുട്ടിയെ ലൈംഗിക അതിക്രമത്തിനു വിധേയമാക്കിയതെന്ന കാര്യം വ്യക്തമായതെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാൽ പറഞ്ഞു.
ഇത്തരം സ്വഭാവ വൈകൃതത്തിനടിമയാണ് പ്രതി. പ്രതി ബ്രൗണ്‍ഷുഗർ ഉൾപ്പെടെയുള്ള ലഹരിപദാർഥങ്ങൾ പതിവായി ഉപയോഗിച്ചിരുന്നയാളാണെന്നും പോലീസ് പറഞ്ഞു. കുറ്റസമ്മത മൊഴിക്കു പുറമെ സാഹചര്യത്തെളിവുകളും ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടുകളും അടിസ്ഥാനമാക്കിയാണു പ്രതിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്. ഇളയ കുട്ടിയെ മർദിച്ചതിന്റെ പേരിൽ വേറെ കേസും ഇതിനൊപ്പം ഉൾപ്പെടുത്തും. കുട്ടിയുടെ മാതാവിനു മർദനത്തിൽ പങ്കുണ്ടോയെന്നതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. അരുണിനെ ഭയന്നാണ് ഇവർ നേരത്തെ വിവരങ്ങൾ പുറത്തു പറയാതിരുന്നതെന്നും പോലീസ് പറഞ്ഞു.
അരുണ്‍ ആനന്ദിനെ മർദനം നടന്ന വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തിയപ്പോൾ പോലീസുകാരുടെ പോലും മനസ് ചഞ്ചലമായി. ഇവിടെ നടന്ന കാര്യങ്ങൾ പ്രതി വിവരിച്ചപ്പോൾ കേട്ടവർ നടുങ്ങിനിന്നു. ഇന്നലെ രാവിലെ 11 ഓടെയാണ് കുമാരമംഗലം വില്ലേജ് ഓഫീസിനു പിന്നിലുള്ള ഇരുനില വാടകവീട്ടിൽ പ്രതിയെ എത്തിച്ചത്. തൊടുപുഴ ഡിവൈഎസ്പി കെ.പി.ജോസ്, സിഐ അഭിലാഷ് ഡേവിഡ്, എസ്ഐ എം.പി.സാഗർ എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘത്തിന്റെ കന്പടിയോടെയാണു പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്. ഈ സമയം വീടിനു സമീപം കാത്തുനിന്നിരുന്ന അയൽവാസികളും നാട്ടുകാരും പ്രതിയെ കൂകി വിളിച്ചു. അരമണിക്കൂറോളം നേരം നീണ്ടു നിന്ന തെളിവെടുപ്പിൽ മുറിക്കുള്ളിൽ കുട്ടിയെ മൃഗീയമായി മർദിച്ച വിവരങ്ങൾ പ്രതി പോലീസിനോടു വിവരിച്ചു. കുട്ടികളെ പതിവായി മർദിക്കാറുണ്ടായിരുന്ന വടിയും ഇയാൾ പോലീസിനു കാണിച്ചു കൊടുത്തു.
ചിതറിത്തെറിച്ച ചോരയും രക്തം തുടച്ചുകളയാനുപയോഗിച്ച തുണിയും മുറിയിൽനിന്നു കണ്ടെത്തി. വീട് ആകെ അലങ്കോലമായ നിലയിലായിരുന്നു. തെളിവെടുപ്പിനു ശേഷം വീടിനു പുറത്തിറക്കിയ അരുണിനെ ആക്രമിക്കാനായി തടിച്ചുകൂടിയ ജനക്കൂട്ടം പോലീസ് വാഹനം വളഞ്ഞു. സ്ത്രീകളടക്കമുള്ളവർ രോഷത്തോടെ പ്രതിയെ കൈയേറ്റം ചെയ്യാൻ ചുറ്റും കൂടിയെങ്കിലും പോലീസ് വലയം തീർത്ത് ഒരുവിധം വാഹനത്തിൽ കയറ്റി തിരികെ കൊണ്ടുപോയി.
Leave a Reply