മുന്‍ ധനമന്ത്രി കെ. എം. മാണിക്കെതിരായ ബാര്‍ക്കോഴക്കേസിന് പിന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് സ്വകാര്യ ഏജന്‍സി അന്വേഷണ റിപ്പോര്‍ട്ട്. ബാര്‍ കോഴക്കേസ് അന്വേഷിക്കാന്‍ കെ. എം. മാണി സ്വകാര്യ അന്വേഷണ ഏജന്‍സിയെ നിയോഗിച്ചിരുന്നു. ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടത് മുന്നണിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. അതേസമയം ഈ റിപ്പോര്‍ട്ട് ഔദ്യോഗിക റിപ്പോര്‍ട്ടല്ലെന്നാണ് ജോസ് പക്ഷം പറയുന്നത്. യഥാര്‍ത്ഥ റിപ്പോര്‍ട്ട് തന്റെ കൈവശം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ. എം. മാണിയെ കുടുക്കാന്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് നേതാക്കളും പി. സി ജോര്‍ജും ഗൂഢാലോചന നടത്തിയെന്നാണ് കേരള കോണ്‍ഗ്രസ് പുറത്ത് വിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ഇക്കാര്യം അറിയാമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജോസ് വാഴക്കന്‍, അടൂര്‍ പ്രകാശ്, പി. സി ജോര്‍ജ് എന്നിവര്‍ ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജേക്കബ് തോമസ്, ബിജു രമേശ് എന്നിവരും ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്നും എറണാകുളത്ത് ഒരു അഭിഭാഷകന്റെ സാന്നിധ്യത്തിലും മുണ്ടക്കയത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും വെച്ച് ഗൂഢാലോചന നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാര്‍ കോഴക്കേസില്‍ പാര്‍ട്ടി അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്തല്‍ എന്താണെന്ന് പറയാന്‍ കേരള കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. മാണിയടക്കമുള്ള നേതാക്കള്‍ കേരള കോണ്‍ഗ്രസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഒന്നും പ്രതികരിച്ചിരുന്നില്ല.

മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വം ആണെന്ന് പറയുന്നതല്ലാതെ ആരുടെയും പേരെടുത്ത് പറയാന്‍ ജോസ് കെ മാണി കഴിഞ്ഞ ദിവസങ്ങളിലും തയ്യാറായിരുന്നില്ല.

സി.എഫ് തോമസ് അധ്യക്ഷനായ സമിതിയെയായിരുന്നു പാര്‍ട്ടി ആരോപണം അന്വേഷിക്കാന്‍ നിയോഗിച്ചിരുന്നത്. എന്നാല്‍ അവര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് സ്വകാര്യ ഏജന്‍സിയെ പാര്‍ട്ടി അന്വേഷണം ഏല്‍പ്പിക്കുന്നത്. ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.