തോമസ് ചാണ്ടിയുടെ രാജി ഒരാഴ്ചക്കകം ഉണ്ടാകുമെന്ന് സൂചന. അദ്ദേഹത്തോട് രാജിവയ്ക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെടില്ല. പകരം മന്ത്രി സ്വമേധയാ രാജി വയ്ക്കുമെന്നാണ് വിവരം. സി പി ഐ യുടെ കടുത്ത എതിർപ്പാണ് രാജിക്ക് കാരണമാകുന്നത്. രാജി വച്ചാൽ തന്റെ റിസോർട്ടിൽ സൗജന്യ താമസത്തിനെത്തിയവരുടെ പൂർണ വിവരങ്ങൾ ചാണ്ടി പുറത്തു വിട്ടേക്കും. ചുരുക്കത്തിൽ ജനജാഗ്രതാ യാത്രയുടെ അവസാനത്തോടെ പാർട്ടി അഴിമതിപാർട്ടിയായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ സി പി ഐ ദേശീയ നേതൃത്വം സമ്മർദ്ദത്തിലാക്കി കഴിഞ്ഞു. സുധാകർ റെഡ്ഡിക്കെതിരെ ചാണ്ടി നടത്തിയ പ്രസ്താവന സി പി ഐ ദേശീയ, സംസ്ഥാന നേതൃത്വങ്ങളെ വല്ലാതെ ചൊടിപ്പിച്ചിരിക്കുകയാണ്. ചാണ്ടിയിൽ നിന്നും രാജി എഴുതി വാങ്ങണമെന്ന് സി പി ഐ ദേശീയ നേതൃത്വം സീതാറാം യച്ചൂരിയെയും പ്രകാശ് കാരാട്ടിനെയും അറിയിച്ചിട്ടുണ്ട്. ഇല്ലെങ്കിൽ തങ്ങൾ പിണറായി മന്ത്രിസഭയിൽ തുടരുന്നതിൽ അർത്ഥമില്ലെന്നും അവർ സി പി എമ്മിനെ അറിയിച്ചു. പിണറായി നടപടി സ്വീകരിക്കാതിരുന്നാൽ റവന്യുമന്ത്രി നടപടിയെടുക്കും എന്ന അവസ്ഥയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. എൽ ഡി എഫിൽ അഴിമതിക്ക് സ്ഥാനമില്ലെന്ന് അർത്ഥശങ്കക്ക് ഇടയില്ലാത്ത വിധം സുധാകർ റെഡ്ഡി വ്യക്തമാക്കി. ജന ജാഗ്രതാ യാത്രയല്ല വേദിയെങ്കിൽ എന്ത് പറയണം എന്ന് തനിക്കറിയാമായിരുന്നു എന്ന് തോമസ് ചാണ്ടിയുടെ ജല്പനങ്ങളെ മുറിച്ച് കാനവും പ്രതികരിച്ചു. വിഷയം കൂടുതൽ വിവാദമായതോടെയാണ് ചാണ്ടിയോട് ഒഴിയാൻ സി പി എം ആവശ്യപ്പെട്ടത്. വിവാദങ്ങൾ കെട്ടടങ്ങിയ ശേഷം തിരികെ വരുന്ന കാര്യം ആലോചിക്കാമെന്നും ഉറപ്പു നൽകിയേക്കും. ഇതിനിടയിൽ അസ്വസ്ഥനായ ചാണ്ടി മന്ത്രി ചന്ദ്രശേഖരനെതിരെ പരസ്യമായി സംസാരിച്ചു തുടങ്ങി.
മന്ത്രി സ്ഥാനം പോകുമെന്ന് ഉറപ്പായതോടെ എന്തിനും തയ്യാറായാണ് തോമസ് ചാണ്ടി നീങ്ങുന്നത്. തന്റെ കൈയിലുള്ള സുഖ സൗകര്യങ്ങൾ ആവോളം അനുഭവിച്ച ശേഷം പിന്നിൽ നിന്നും കുത്തി എന്ന പരാതിയാണ് സി പി എമ്മിനെ കുറിച്ച് തോമസ് ചാണ്ടിക്കുള്ളത്. വി എസ് അച്ചുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വിവാദമായ ഒരു പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് തോമസ് ചാണ്ടി ഉന്നയിക്കുന്നത് . ചില സി പി എം പ്രമുഖരുടെ മക്കൾക്ക് അതുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. അന്ന് കേന്ദ്രസ്ഥാനത്ത് നിന്നത് ചാണ്ടിയുടെ റിസോർട്ടാണ്. ചാണ്ടിയെ പറഞ്ഞു വിട്ടാൽ അന്നത്തെ നാറിയ കഥകൾ പുറത്തു വരുമോ എന്ന സംശയം സി പി എം ഉന്നതർക്കുണ്ട്. എന്നാൽ ആരോപണ വിധേയനായ ചാണ്ടിയെ ഇനി ഒരു മുന്നണിയും എടുക്കില്ല. അതിനാൽ ആ കഥകൾ പുറത്തു വരാൻ സാധ്യതയില്ല. അതാണ് നേതാക്കൾക്കുള്ള ധൈര്യം.
Leave a Reply