കുട്ടനാട് പ്രളയ ജലം വന്നു മുടിയപ്പോൾ എല്ലാവരും തിരഞ്ഞ ഒരു മുഖം ഉണ്ടായിരുന്നു, അത് മറ്റാരുമല്ല നാട്ടുകാരൻ കൂടിയായ സ്വന്തം എംഎൽഎ തോമസ് ചാണ്ടിയെ. അദ്ദേഹത്തിന്റെ പൊടിപോലും കാണാനില്ലായിരുന്നു. വിമർശങ്ങളും ട്രോളുകൾകൊണ്ടും നാട്ടുകാർ തോമസ് ചാണ്ടിയെ നേരിടുമ്പോൾ, എംഎല്‍എ തോമസ് ചാണ്ടിയെ കണക്കിന് പരിഹസിച്ച് രാഷ്ട്രീയ നീരീക്ഷകനും അഭിഭാഷകനുമായ ജയശങ്കര്‍. കുട്ടനാട് വെള്ളപ്പൊക്കത്തില്‍ മുങ്ങിയപ്പോള്‍ ചാണ്ടി മുതലാളിയെ മാത്രം കണ്ടില്ലെന്നും ഓഗസ്റ്റ് 28ന് തോമസ് ഐസക്കും ജി സുധാകരനും തിലോത്തമനും പ്രതിഭാ ഹരിയും എഎം ആരിഫും ചൂലെടുത്ത് കുട്ടനാട് ശുചീകരണ മാമാങ്കം നടത്തിയപ്പോള്‍ വെറുതെ ഫോട്ടോയ്ക്കു പോസ് ചെയ്യാന്‍ പോലും ചാണ്ടിച്ചായന്‍ വന്നില്ലയെന്നും ജയശങ്കര്‍ ആക്ഷേപിക്കുന്നു. എന്നാല്‍ ഇപ്പോള്‍ പ്രളയക്കെടുതി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്തപ്പോള്‍ കണ്ടത് ചാണ്ടിച്ചായന്റെ പുനരവതാരമാണെന്നും ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ തുറന്നെഴുതി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കുവൈറ്റ് ചാണ്ടി പുനരവതരിച്ചു. പുളിങ്കുന്നിലല്ല, കാവാലത്തോ തകഴിയിലോ നെടുമുടിയിലോ കൈനകരിയിലോ അല്ല, തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിൽ, പ്രളയക്കെടുതി ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക സമ്മേളനത്തിലാണ് അച്ചായൻ്റെ പുനരവതാരം സംഭവിച്ചത്.
കുട്ടനാട് വെളളപ്പൊക്കത്തിൽ മുങ്ങിത്താണപ്പോഴോ രക്ഷാപ്രവർത്തനം ഊർജിതമായി നടന്നപ്പോഴോ ചാണ്ടി മുതലാളിയെ കണ്ടില്ല. അതുപോകട്ടെ, ഓഗസ്റ്റ് 28ന് തോമസ് ഐസക്കും ജി സുധാകരനും തിലോത്തമനും പ്രതിഭാ ഹരിയും എഎം ആരിഫും ചൂലെടുത്ത് കുട്ടനാട് ശുചീകരണ മാമാങ്കം നടത്തിയപ്പോൾ വെറുതെ ഫോട്ടോയ്ക്കു പോസ് ചെയ്യാനെങ്കിലും ചാണ്ടിച്ചായൻ വന്നില്ല. അച്ചായൻ ആശുപത്രിയിലാണെന്ന് ആരാധകരും അല്ല കുവൈറ്റിലാണെന്ന് വിരോധികളും പ്രചരിപ്പിച്ചു.
എല്ലാ കുപ്രചരണങ്ങൾക്കും ചുട്ട മറുപടി നൽകിക്കൊണ്ട് ചാണ്ടി സമ്മേളനത്തിൽ പങ്കെടുത്തു എന്നു മാത്രമല്ല ചിന്താബന്ധുരമായ പ്രസംഗം കൊണ്ട് സഭയെ ധന്യമാക്കുകയും ചെയ്തു. കിഴക്കൻ മലകളിൽ ക്വാറികൾ ഉളളതുകൊണ്ടാണോ ഇത്തവണ മഴ കൂടുതൽ പെയ്തത് എന്നു ചോദിച്ചു; കുട്ടനാട്ടിനെ വെളളപ്പൊക്കത്തിൽ നിന്നു രക്ഷിക്കാൻ വേമ്പനാട്ടു കായലിൻ്റെ ആഴം കൂട്ടണം എന്നാവശ്യപ്പെട്ടു.
പ്രളയകാലത്ത് എംഎൽഎയെ കാണാൻ കഴിഞ്ഞില്ലെന്നു കരുതി കുട്ടനാട്ടുകാർ പരിഭവിക്കില്ല. ഐസക്കിനെയോ സുധാകരനെയോ പോലെ വെറുമൊരു ജനനേതാവല്ല ചാണ്ടിച്ചായൻ. ഈനാട്ടിലും മറുനാട്ടിലും നൂറുകൂട്ടം ബിസിനസുളള ആളാണ്. അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് അച്ചായൻ ഓടിക്കിതച്ചു വരും, വലിയ പെട്ടിയും കയ്യിലുണ്ടാകും.
Leave a Reply