സിനിമാപ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് അസ്വാരസ്യങ്ങള്‍. സംവിധായകനും മുന്‍ സൈനികനുമായ മേജര്‍ രവിക്കെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ കമല്‍ രംഗത്ത്. മതത്തിന്റെ പേരിലുള്ള വേര്‍തിരിവിനെതിരെയാണ് സമരം എന്നും ബ്രിട്ടീഷുകാരന്റെ ഷൂ നക്കിയ പാരമ്പര്യമുള്ളവര്‍ കലാകാരന്മാരെ ദേശസ്‌നേഹം പഠിപ്പിക്കേണ്ടെന്നും കമല്‍ വിമര്‍ശിക്കുന്നു.

ഞങ്ങള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് മേജര്‍രവി അടക്കം പറയുന്നത്. യഥാര്‍ത്ഥത്തില്‍ അവര്‍ക്കാണ് തെറ്റിദ്ധാരണ. ഞങ്ങള്‍ക്ക് രാഷ്ട്രീയമുണ്ട് എന്നാണ് മേജര്‍രവി പറഞ്ഞത്. അദ്ദേഹത്തിന് രാഷ്ട്രീയം ഉള്ളതുകൊണ്ടാണല്ലോ അങ്ങനെ പറഞ്ഞതെന്നും കമല്‍ പറയുന്നു. ഞങ്ങള്‍ക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ട്. കലാകാരന്മാര്‍ക്ക് രാഷ്ട്രീയം പാടില്ലാ എന്ന് ആരാണ് പറഞ്ഞിട്ടുള്ളത്. പക്ഷെ അത് ബിജെപിയോടുള്ള വിരോധമല്ല. അങ്ങനെയായിരുന്നെങ്കില്‍ ഒരു പാര്‍ട്ടി കൊടിക്ക് കീഴില്‍ ഞങ്ങള്‍ അണിനിരക്കുമായിരുന്നു. അതാണോ ഉണ്ടായതെന്നും കമല്‍ ചോദിക്കുന്നു.

സമരത്തില്‍ പങ്കെടുത്തവര്‍ രാജ്യത്തോട് കൂറില്ലാത്തവരാണെന്ന് കുമ്മനം പറഞ്ഞത് കേട്ടപ്പോള്‍ യഥാര്‍ത്ഥത്തില്‍ ചിരിയാണ് വന്നത്. കലാകാരന്മാരുടെ രാജ്യസ്‌നേഹം അളക്കാനുള്ള മീറ്റര്‍ ബിജെപിയുടെ കയ്യിലാണോ ഉള്ളത്. ബ്രിട്ടീഷ്‌കാരന്റെ ചെരിപ്പ് നക്കിയ പാരമ്പര്യമുള്ളവര്‍ക്ക് അങ്ങനെയേ പറയാനാകൂ എന്നും കമല്‍ പ്രതികരിച്ചു. ഞങ്ങളെ രാജ്യദ്രോഹികളാക്കി ചിത്രീകരിച്ചാലേ ഗോഡ്‌സെ രാജ്യ സ്‌നേഹിയെന്ന് പറയുന്നവര്‍ക്ക് രാജ്യത്ത് നിലനില്‍പ്പുള്ളൂവെന്നും കമല്‍ പറഞ്ഞു.