കൊച്ചി: അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസന് ആദരാഞ്ജലികളർപ്പിച്ച് മലയാള സിനിമാലോകം ഒന്നടങ്കം ദുഃഖത്തിലായി. ടൗൺഹാളിൽ പൊതുദർശനത്തിനായി വെച്ച മൃതദേഹത്തിന് മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, സത്യൻ അന്തിക്കാട്, ബേസിൽ ജോസഫ്, ഉണ്ണിമുകുന്ദൻ തുടങ്ങിയവരും മുഖ്യമന്ത്രി പിണറായി വിജയനും ഉൾപ്പെടെ നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു. ഉച്ചയോടെ കണ്ടനാടുള്ള വീട്ടിൽ നിന്ന് ടൗൺഹാളിലെത്തിച്ച മൃതദേഹം പിന്നീട് വീട്ടിലേക്ക് തിരികെ കൊണ്ടുപോയി. സംസ്കാരം നാളെ രാവിലെ പത്തിന് വീട്ടുവളപ്പിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടക്കും.

ഇന്ന് രാവിലെ ഡയാലിസിസിന് പോകുന്നതിനിടെ ഉണ്ടായ ശാരീരിക അസ്വസ്ഥതയെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ വിമലയാണ് ഒപ്പമുണ്ടായിരുന്നത്. മൂത്തമകൻ വിനീത് ശ്രീനിവാസൻ ആശുപത്രിയിലെത്തി. വീട്ടിൽ പൊതുദർശനത്തിനു ശേഷം ടൗൺഹാളിലെത്തിച്ചായിരുന്നു അവസാന യാത്ര. അപ്രതീക്ഷിത വേർപാട് സിനിമാലോകത്തെ നടുക്കിയിരിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അപൂർവ പ്രതിഭയായിരുന്നു ശ്രീനിവാസൻ. 48 വർഷം നീണ്ട കരിയറിൽ 200ലേറെ സിനിമകളിൽ അഭിനയിക്കുകയും തിരക്കഥയും സംവിധാനവും നിർവഹിക്കുകയും ചെയ്തു. ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, ടിപി ബാലഗോപാലൻ എംഎ, സന്ദേശം, വടക്കുനോക്കിയന്ത്രം തുടങ്ങി കാലം മറക്കാത്ത ചിത്രങ്ങൾ സമ്മാനിച്ച അദ്ദേഹം അഞ്ച് സംസ്ഥാന പുരസ്കാരങ്ങളും ദേശീയ പുരസ്കാരങ്ങളും നേടി. 1956 ഏപ്രിൽ 4ന് തലശേരിക്കടുത്ത പാട്യത്തിൽ ജനിച്ച ശ്രീനിവാസൻ, മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം പൂർത്തിയാക്കി 1977ൽ അഭിനയരംഗത്തെത്തി. ഇടംവലം നോക്കാത്ത സാമൂഹ്യ വിമർശനവും സാധാരണക്കാരുടെ ജീവിതത്തെ ഹൃദയസ്പർശിയായി അവതരിപ്പിച്ച കലയും അദ്ദേഹത്തെ മലയാളികളുടെ മനസ്സിൽ അമരനാക്കി. ഭാര്യ: വിമല; മക്കൾ: വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ.