ആയിരക്കണക്കിനാളുകള്‍ ലോക്കഡൗണ്‍ ലംഘിച്ച് മുംബൈയിലെ ബാന്ദ്ര സ്റ്റേഷനിലേക്കെത്തി. കുടിയേറ്റ തൊഴിലാളികളാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ഇവരെ പിരിച്ചു വിടാനായി പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയാണ്. ലോക്ക്ഡൗണ്‍ നീട്ടിയതില്‍ പ്രതിഷേധിച്ചാണ് ഈ സമരം.സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സാമൂഹിക അകലം അടക്കമുള്ളവ ലംഘിച്ചാണ് തൊഴിലാളികള്‍ രംഗത്തിറങ്ങിയത്.

സമരവുമായെത്തിയവരെല്ലാം ദിവസക്കൂലിക്ക് നഗരത്തില്‍ പലവിധ ജോലികള്‍ ചെയ്യുന്നവരാണ്. കൈയില്‍ പൈസയില്ലാതാകുകയും പലരും ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുകയും ചെയ്യുന്ന സാഹചര്യമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ആര്‍ക്കും സ്വന്തം നാടുകളിലേക്ക് പോകാന്‍ വഴിയില്ല. എല്ലാവര്‍ക്കും മൂന്നുനേരത്തെ ഭക്ഷണവും വെള്ളവും സൗജന്യമായി നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും മിക്കവര്‍ക്കും ഒരുനേരത്തെ ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

അതെസമയം മഹാരാഷ്ട്രയില്‍ കൊറോണ കേസുകളില്‍ വന്‍ വര്‍ധനയാണ് വന്നിരിക്കുന്നത്. 2000-ത്തിനടുത്ത് കൊറോണ കേസുകള്‍ സംസ്ഥാനത്തു മാത്രം സ്ഥിരീകരിച്ചിട്ടുണ്ട്. 160 പേര്‍ മരിക്കുകയും ചെയ്തു.