ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നിലവിൽ വന്നതിനെ തുടർന്ന് ആയിരക്കണക്കിന് ബ്രിട്ടീഷുകാരാണ് അവധിക്കാലം വിനിയോഗിക്കാൻ വിദേശ യാത്രയ്ക്ക് ഒരുങ്ങുന്നത്. ഇംഗ്ലണ്ട്, സ് കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ നിന്ന് ഒട്ടേറെ പേർ വിനോദയാത്രയ്ക്ക് പോകുന്നത് പ്രതിസന്ധിയിലായ ടൂറിസം വ്യവസായത്തിന് സഹായകരമാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. യാത്രക്കാർക്ക് സർക്കാരിൻറെ ഹരിത പട്ടികയിലുള്ള പോർച്ചുഗലും, ഇസ്രായേലും ഉൾപ്പെടെ 12 രാജ്യങ്ങളിൽ നിന്ന് തിരിച്ചുവരുമ്പോൾ ഐസലേഷനിൽ നിൽക്കാതെ തന്നെ തിരിച്ചുവരാൻ കഴിയും. തങ്ങളുടെ ആത്മവിശ്വാസം മടങ്ങി വരുന്നതായി ബ്രിട്ടീഷ് എയർവേസിന്റയും റയാനെയറിന്റെയും മേധാവികൾ പറഞ്ഞു.

സഞ്ചാരികൾ ആരെങ്കിലും ആമ്പർ , റെഡ് ലിസ്റ്റുകളിൽ ഉൾപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സന്ദർശിച്ചാൽ അവർ തിരിച്ചു വരുമ്പോൾ ക്വാറന്റൈനിൽ നിൽക്കേണ്ടതായി വരും. അതേസമയം ഹീത്രോയിൽ നിന്ന് തിങ്കളാഴ്ച പുറപ്പെടാനിരിക്കുന്ന ആറു വിമാനങ്ങളും ഗ്രീൻ ലിസ്റ്റിലുള്ള ലിസ്ബൺ , ഫാരോ, മഡെയ്റ എന്നിവിടങ്ങളിലേക്ക് ആണെന്ന് ബിഎ ചീഫ് എക്സിക്യൂട്ടീവ് സീൻ ഡോയിൽ പറഞ്ഞു. ബുക്കിംഗ് ഏപ്രിൽ ആദ്യ ആഴ്ചയിൽ 500,000 ആയിരുന്നത് ഇപ്പോൾ ആഴ്ചയിൽ 1.5 ദശലക്ഷമായി ഉയർന്നു. ഈ ബുക്കിംഗ് നിരക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്ന് റയാനെയർ ചീഫ് എക്സിക്യൂട്ടീവ് മൈക്കിൾ ഒ ലിയറി പറഞ്ഞു. എന്നാൽ അവധിക്കാല വിദേശ യാത്ര കഴിഞ്ഞു വരുന്ന ബ്രിട്ടീഷുകാർ രോഗവ്യാപനം കൂട്ടുമോ എന്ന ആശങ്ക പരക്കെയുണ്ട്.