ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജിപി റഫറലുകൾ ആശുപത്രിയിലെത്തുന്നതിനുമുമ്പ് നഷ്ടപ്പെടുകയോ നിരസിക്കപ്പെടുകയോ ചെയ്യുന്ന അവസ്ഥയ്ക്കാണ് ‘റഫറൽ ബ്ലാക്ക് ഹോൾ’ എന്ന പേര് നൽകിയിരിക്കുന്നത്. പല രോഗികളുടെ റഫറലുകളും എൻഎച്ച്എസ് സിസ്റ്റത്തിൽ എവിടെയോ അപ്രത്യക്ഷമാകുന്നതാണ് ഇതുകൊണ്ട് വിവക്ഷിക്കുന്നത് . ഇതിന്റെ ഫലമായി രോഗികൾ മാസങ്ങളോളം കാത്തിരിക്കേണ്ടി വരുകയും, പരിശോധനയും ചികിത്സയും വൈകിയതോടെ ആരോഗ്യപ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാകുകയും ചെയ്യുന്നു. ഇംഗ്ലണ്ടിലെ ആശുപത്രികളിൽ ചികിത്സ ആവശ്യമുള്ള ഏഴിൽ ഒരാൾ ഇങ്ങനെ ആവശ്യമായ പരിശോധനകളോ ചികിത്സയോ ലഭിക്കാതെ പോകുന്നതായി ഹെൽത്ത്‌വാച്ച് ഇംഗ്ലണ്ട് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി. റഫറൽ ഇനിയും കാത്തിരിക്കുന്ന 75 ശതമാനം പേർക്ക് ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നും, എൻഎച്ച്എസിൽ നിന്നുള്ള കാര്യമായ വിവരങ്ങളുടെ അഭാവം കാരണം 70 ശതമാനം പേരും പിന്നീട് സ്വയം അന്വേഷണം നടത്തിയപ്പോഴാണ് തങ്ങൾ കാത്തിരിക്കുന്ന ലിസ്റ്റിൽ പോലും ഇല്ലായിരുന്നുവെന്നു മനസ്സിലാക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

2,600 പേരിലധികം രോഗികളെ ഉൾപ്പെടുത്തി യുവ്ഗോവ് നടത്തിയ സർവേയിൽ 14 ശതമാനം റഫറലുകൾ ജിപിമാരുടെയും ആശുപത്രികളുടെയും ഇടയിൽ പ്രശ്നങ്ങളിൽ പെടുന്നതായാണ് കണ്ടെത്തിയിരിക്കുന്നത് . പലപ്പോഴും ജിപിമാർ സമ്മതിച്ച റഫറൽ ആശുപത്രിയിലെത്താതെ തന്നെ ക്ലിനിക്കുകളിൽ ‘നഷ്‌ടപ്പെടുന്ന’ സംഭവങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റഫറൽ വൈകുന്നതിന്റെ ഫലമായി രോഗികൾ മറ്റ് ജി പി മാരെ സമീപിക്കുകയോ, എമർജൻസി സർവീസുകളെ ആശ്രയിക്കുകയോ, 7 ശതമാനം പേർ സ്വകാര്യ ചികിത്സ തേടുകയോ ചെയ്യുന്നതായി പഠനം കണ്ടെത്തുന്നു. ഇതിലൂടെ മറ്റ് എൻ എച്ച് എസ് സേവനങ്ങളിലേക്കുള്ള സമ്മർദം കൂടുന്നതായും ഹെൽത്ത്‌വാച്ച് വിലയിരുത്തുന്നു.

റിപ്പോർട്ട് പുറത്ത് വന്നതോടെ രോഗികളുടെ അവകാശസംഘടനകളും എൻ എച്ച് എസ് നിരീക്ഷണ സംഘങ്ങളും ശക്തമായ ആശങ്കയാണ് പ്രകടിപ്പിച്ചത്. റഫറൽ വൈകുന്നതിന്റെ പശ്ചാത്തലത്തിൽ, രോഗികൾ ഗുരുതരമായ അവസ്ഥയിൽ എത്തുന്നുവെന്ന് ഹെൽത്ത്‌വാച്ച് പറഞ്ഞു . സർക്കാരിന്റെ ഭാഗത്ത് നിന്ന് ജിപിമാർക്ക് രണ്ടാം അഭിപ്രായം തേടുന്നതിനുള്ള “ജെസ്സ് റൂൾ”, ജിപി സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള £1.1 ബില്യൺ പാക്കേജ് തുടങ്ങി പരിഷ്‌കരണങ്ങൾ നടപ്പിലാക്കിയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. എന്നിരുന്നാലും ചികിത്സാ കാത്തിരിപ്പ് സമയം രോഗികൾക്ക് അനിശ്ചിതത്വവും ആരോഗ്യ നഷ്ടവും സൃഷ്ടിക്കുന്ന ഗുരുതര പ്രശ്‌നമായി തുടരുകയാണെന്ന് റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു.











Leave a Reply