ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

12 വയസ്സായ തങ്ങളുടെ കുട്ടികളെ പ്രൈമറി സ്കൂളിന് ശേഷം സെക്കൻഡറി സ്കൂൾ തലത്തിലേയ്ക്ക് ചേർക്കുന്നതിന്റെ തിരക്കിലാണ് യുകെ മലയാളികൾ . കേരളത്തിൽനിന്ന് വ്യത്യസ്തമായി ഇൻറർനാഷണൽ എഡ്യൂക്കേഷൻ സിസ്റ്റം ആണ് യുകെയിലുള്ളത്. 12 മുതൽ 16 വയസ്സു വരെയുള്ള കുട്ടികളാണ് സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം നടത്തുന്നത്. തങ്ങളുടെ പ്രൈമറി സ്കൂൾ പഠനത്തിനുശേഷം സെക്കൻഡറി സ്കൂളിലേയ്ക്ക് യോഗ്യരായ വിദ്യാർഥികളുടെ പ്രവേശനത്തിനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്.

2023 സെപ്റ്റംബറിൽ ഇംഗ്ലണ്ടിലും വെയിൽസിലും ആരംഭിക്കുന്ന സെക്കൻഡറിതല സ്കൂളുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്നലെ മാർച്ച് ഒന്നിന് പ്രവേശനം ലഭിച്ച സ്കൂളിൻറെ വിവരങ്ങൾ ഈമെയിൽ വഴി അറിയിപ്പ് നൽകി കഴിഞ്ഞു. ഓൺലൈനായി അപേക്ഷിച്ചവർക്ക് ഇമെയിൽ സന്ദേശവും അല്ലാത്തവർക്ക് പോസ്റ്റൽ സർവീസിങ്ങിലൂടെയും ആയിരിക്കും വിവരങ്ങൾ അറിയിക്കുക. പറഞ്ഞിരിക്കുന്ന സമയപരിധിക്കുള്ളിൽ അഡ്മിഷൻ എടുത്തില്ലെങ്കിൽ പ്രവേശനം റദ്ദാക്കപ്പെടുകയും അവസരം മറ്റൊരാൾക്ക് നൽകുകയും ചെയ്യും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തങ്ങളുടെ കുട്ടികൾക്ക് ഇഷ്ടപ്പെട്ട സ്കൂളുകളിൽ പ്രവേശനം ലഭിക്കാത്തത് പല യു കെ മലയാളികളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് . ഭാര്യയും ഭർത്താവും ആരോഗ്യമേഖലയിൽ ജോലി ചെയ്യുമ്പോൾ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനും തിരിച്ചു വിളിച്ചു കൊണ്ടു പോകുന്നതിനും മറ്റും പലപ്പോഴും പ്രശ്നങ്ങൾ നേരിടാറുണ്ട്. തങ്ങളുടെ കുട്ടികൾക്ക് അഡ്മിഷൻ ലഭിച്ചിരിക്കുന്ന സ്കൂൾ ദൂരസ്ഥലങ്ങളിൽ ആണെങ്കിൽ പറയുകയും വേണ്ട. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് യു കെ മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് സെക്കൻഡറി തലത്തിലേയ്ക്ക് ഇഷ്ടപ്പെട്ട സ്കൂളുകൾ ലഭിക്കില്ലെന്നാണ് സൂചനകൾ .

കുട്ടികളുടെ അപേക്ഷയിൽ പറഞ്ഞിരിക്കുന്ന ആദ്യ സ്ഥാനങ്ങളിൽപ്പെട്ട സ്കൂളുകളിൽ പ്രവേശനം ലഭിച്ചില്ലെങ്കിൽ അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് സ്കൂളുകൾ അഡ്മിഷനായി പരിഗണിക്കപ്പെടും. എന്നാൽ വിദ്യാർത്ഥികൾ അപേക്ഷയിൽ കൊടുത്തിരിക്കുന്ന ഒരു സ്കൂളുകളിലും പ്രവേശനം ലഭിക്കാത്ത സാഹചര്യത്തിൽ അഡ്മിഷൻ ലഭിക്കുക മറ്റെവിടെയെങ്കിലും ആയിരിക്കും. ഇത് പലരെയും സംബന്ധിച്ച് കടുത്ത ബുദ്ധിമുട്ട് സൃഷ്ടിക്കാനാണ് സാധ്യത. ഇഷ്ടപ്പെട്ട സ്കൂളുകളിൽ അഡ്മിഷൻ ലഭിക്കാത്ത സാഹചര്യത്തിൽ മാതാപിതാക്കൾക്കും കുട്ടികൾക്കും അപ്പീൽ ഫയൽ ചെയ്യാൻ സാധിക്കും. 20 പ്രവർത്തി ദിവസത്തിനുള്ളിൽ അപ്പീൽ ഫയൽ ചെയ്തിരിക്കണം. അങ്ങനെ അപ്പീൽ ഫയൽ ചെയ്യുന്ന സാഹചര്യത്തിൽ 40 ദിവസത്തിനകം പരാതി പരിഗണിക്കണമെന്ന വ്യവസ്ഥയുമുണ്ട് . ഇതിൻറെ ഭാഗമായി നടക്കുന്ന ഹിയറിങ്ങിൽ അപേക്ഷ നിരസിച്ചതിന്റെ കാരണം കൗൺസിലോ സ്കൂളോ വിശദീകരിക്കുകയും അതിനോടൊപ്പം കുട്ടികളുടെയും മാതാപിതാക്കളുടെയും ഭാഗം കേൾക്കുകയും ചെയ്യും.

ഇഷ്ടപ്പെട്ട സ്കൂളിൽ അഡ്മിഷൻ കിട്ടിയില്ലെങ്കിൽ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികൾ ആഗ്രഹിച്ച സ്കൂളുകളുടെ വെയിറ്റിംഗ് ലിസ്റ്റിൽ പേര് ചേർക്കാനുള്ള അവസരവും ഉണ്ട് . കുട്ടികൾ മറ്റ് സ്കൂളുകളിൽ ചേർന്ന് പഠനം ആരംഭിച്ചെങ്കിലും വെയിറ്റിംഗ് ലിസ്റ്റിൽ പേര് ചേർത്ത സ്കൂളുകളിൽ ഒഴിവ് വരുന്നതനുസരിച്ച് അഡ്മിഷൻ ലഭിക്കാനുള്ള സാധ്യതയും ഇതുവഴി തുറന്നു കിട്ടും