ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിൽ ജനനനിരക്ക് കുറഞ്ഞത് പല സ്കൂളുകളുടെയും നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പല സ്കൂളുകളും അടച്ചിടുകയോ മറ്റുള്ളവയുമായി ലയിപ്പിക്കുകയോ ചെയ്യേണ്ട സ്ഥിതി ആണ് സംജാതമായിരിക്കുന്നത്. ഈ രീതിയിൽ സ്കൂളുകളുടെ എണ്ണം കുറയുന്നത് വിദ്യാർഥികളെയും മാതാപിതാക്കളെയും കടുത്ത ദുരിതത്തിലാക്കും. പ്രൈമറി സ്കൂളുകൾ പലതും അടച്ചുപൂട്ടുന്നതുമൂലം കുരുന്നു കുട്ടികൾ തങ്ങളുടെ വിദ്യാഭ്യാസത്തിനായി നല്ലൊരു ദൂരം യാത്ര ചെയ്യേണ്ടതായി വരുന്നത് കുട്ടികളിൽ ശാരീരിക മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കാനും പഠനവൈകല്യത്തിനും കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ഇംഗ്ലണ്ടിലെ 88 പ്രൈമറി സ്കൂളുകളിൽ കുട്ടികൾ കുറവായതിനാൽ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്ന് ഒരു പ്രമുഖ മാധ്യമം നടത്തിയ സർവ്വേയിൽ കണ്ടെത്തി. വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നത് മൂലം പല സ്കൂളുകളും ആശങ്കയിലാണെന്ന് നാഷണൽ അസോസിയേഷൻ ഓഫ് ഹെഡ് ടീച്ചേഴ്സ് ജനറൽ സെക്രട്ടറി പോൾ വൈറ്റ് മാൻ പറഞ്ഞു. കുട്ടികളുടെ എണ്ണം കുറഞ്ഞതിന്റെ പേരിൽ സ്കൂളുകൾ അടച്ചുപൂട്ടിയാൽ പിന്നീട് അവ തുറന്നു പ്രവർത്തിക്കാൻ സ്ഥലം കിട്ടാനുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും. കുട്ടികളുടെ എണ്ണത്തിൽ കുറവുള്ള സ്കൂളുകൾക്ക് മതിയായ പിന്തുണ സർക്കാർ ഉറപ്പാക്കണമെന്ന് പോൾ വൈറ്റ് മാൻ ആവശ്യപ്പെട്ടു.

2022 -ലെ കണക്കുകൾ പ്രകാരം 4.52 മില്യൺ കുട്ടികളാണ് ഇംഗ്ലണ്ടിൽ ഇംഗ്ലണ്ടിലെ പ്രൈമറി സ്കൂളുകളിൽ പഠിക്കുന്നത്. നിലവിലെ കണക്കുകൾ പ്രകാരം 16769 പ്രൈമറി സ്കൂളുകളാണ് ഇംഗ്ലണ്ടിലുള്ളത്. കുട്ടികളുടെ അഭാവം മൂലം പല പ്രൈമറി സ്കൂളുകളും അടച്ചുപൂട്ടുന്നത് കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുമെന്ന അഭിപ്രായം ശക്തമാണ്. ഇതിനോടൊപ്പം തന്നെ അടച്ചുപൂട്ടുന്ന സ്കൂളുകളുടെ അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ജോലിയും വൻ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്.