ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാതാപിതാക്കളെ കുറെ നാളത്തേയ്ക്കെങ്കിലും യുകെയിൽ കൊണ്ടുവരുക എന്നത് യുകെയിൽ ജോലി ചെയ്യുന്ന എല്ലാ മലയാളികളുടെയും സ്വപ്നമാണ്. ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്ന സാഹചര്യത്തിൽ കുട്ടികളെ നോക്കുന്നതിനായും മാതാപിതാക്കൾ യുകെയിലെത്തുന്നത് വളരെ അനുഗ്രഹപ്രദമാണ്. എന്നാൽ പലപ്പോഴും മാതാപിതാക്കൾക്കായി യുകെയിലേയ്ക്ക് സന്ദർശക വിസയ്ക്ക് അപേക്ഷിച്ചാലും നിരസിക്കാനുള്ള സാധ്യത പലപ്പോഴും കൂടുതലാണ്. എന്ത് കാരണത്തിന്റെ പേരിലാണ് വിസിറ്റിംഗ് വിസ നിരസിക്കപ്പെട്ടത് എന്നത് പലപ്പോഴും അപേക്ഷകന് അറിയാനും പറ്റില്ല . ഈയൊരു സാഹചര്യത്തിൽ മാതാപിതാക്കൾക്ക് വിസയ്ക്കായി അപേക്ഷിക്കുന്നത് ഞാണിൻമേൽ കളിയായിട്ടാണ് പലർക്കും അനുഭവപ്പെടുന്നത്.
എന്നാൽ ഏതെങ്കിലും സാഹചര്യത്തിൽ വിസയ്ക്കുള്ള അപേക്ഷ നിരസിക്കപ്പെട്ടാൽ അതിനെതിരെ അപ്പീൽ പോകാൻ ഉള്ള അവസരം ഉണ്ട് എന്നുള്ളത് പലർക്കും അറിയില്ല. ബെർമിംഗ്ഹാമിൽ നിന്നുള്ള ദമ്പതികൾ ഈ രീതിയിൽ വിസ നിരസിക്കപ്പെട്ടതിനെ തുടർന്ന് അപ്പീൽ പോകുകയും തങ്ങളുടെ മാതാപിതാക്കൾക്കായി വിസ നേടിയെടുക്കുകയും ചെയ്തതാണ് ഒട്ടേറെ പേർക്ക് ആശ്വാസമായിരിക്കുന്നത്. ഈ കുടുംബത്തിന് ഒരു പ്രാവശ്യം അമ്മയെ യുകെയിൽ കൊണ്ടുവരാൻ സാധിച്ചിരുന്നു. എന്നാൽ രണ്ടാമതായി അപേക്ഷിച്ചപ്പോൾ മതിയായ രേഖകൾ ഇല്ല എന്ന കാരണത്താൽ വിസ നിഷേധിക്കുകയായിരുന്നു. പക്ഷേ, മതിയായ എല്ലാ രേഖകളെയും ഉൾപ്പെടുത്തി വീണ്ടും അപേക്ഷിച്ചപ്പോൾ മുൻപ് വിസ നിഷേധിച്ച വിവരം ഉൾപ്പെടുത്തിയില്ല എന്ന കാരണത്താൽ നിരോധനം ഏർപ്പെടുത്തുകയാണ് ഹോം ഓഫീസ് ചെയ്തത്. ഇതിനെതിരെ മലയാളി ദമ്പതികൾ നടത്തിയ നിയമ പോരാട്ടമാണ് വിജയം കണ്ടിരിക്കുന്നത്. പ്രീ ആക്ഷൻ പ്രോട്ടോകോൾ നിയമമനുസരിച്ച് മലയാളി ദമ്പതികൾ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ തുടർ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഹോം ഓഫീസിന് നോട്ടീസ് നൽകുകയും ഇതിനെ തുടർന്ന് വിസ അനുവദിക്കുകയും ആയിരുന്നു.
100% രേഖകൾ കൃത്യം ആയിരിക്കുകയും വിസ നിരസിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടെങ്കിൽ നിയമപരമായി ഇതിനെ നേരിടാൻ സാധിക്കും എന്നുള്ളത് ആയിരക്കണക്കിന് യുകെ മലയാളികൾക്കാണ് ആശ്വാസം പകർന്നിരിക്കുന്നത്. പലപ്പോഴും യുകെയിൽ വിസ ലഭിച്ച് എത്തുന്നവർ തിരിച്ചു പോകുമെന്ന് ഉറപ്പാക്കേണ്ടത് ഹോം ഓഫീസിന്റെ ചുമതലയാണ്. ഇതിൻറെ പേരിലാണ് സ്വദേശത്തെ വസ്തു വകകളും ഫിക്സഡ് ഡിപ്പോസിറ്റ് ഉൾപ്പെടെയുള്ള വിവരങ്ങളും വിസയ്ക്കുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടി വരുന്നത്. 2001 നു ശേഷം യുകെയിൽ ജോലിക്കായി എത്തുന്നവരുടെ വിസ നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ഇത്തരത്തിൽ വരുന്നവരുടെ കൂടെ ആശ്രിതരായി എത്തുന്നവരുടെ എണ്ണം കൂടുകയും ചെയ്തു. വ്യാപകമായ തോതിൽ സന്ദർശക വിസയിൽ മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ യുകെയിൽ സന്ദർശനത്തിന് എത്തുന്നതും പതിവായിട്ടുണ്ട്. ഇങ്ങനെയെത്തുന്ന പലരും സന്ദർശക വിസ ദുരുപയോഗം ചെയ്യുന്ന സാഹചര്യം ഉടലെടുത്തതോടാണ് ഹോം ഓഫീസ് വിസ അനുവദിക്കുന്നത് കർശനമാക്കിയത് .
Leave a Reply