ന്യൂസ് ഡെസ്ക്, മലയാളം യുകെ

ദുരിതം വിതച്ച് ദറാഗ് രാജ്യത്തിൻറെ പടിഞ്ഞാറ് ഭാഗത്ത് വീശിയടിച്ചു. ശക്തമായ കാറ്റും മഴയും മൂലം രാജ്യത്തെ പല സ്ഥലങ്ങളിലും ആയിരക്കണക്കിന് ഭവനങ്ങളിൽ വൈദ്യുതി മുടങ്ങി. സൗത്ത് വെയിൽസ്, പടിഞ്ഞാറൻ ഇംഗ്ലണ്ട്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ കൊടുങ്കാറ്റ് കാര്യമായ നാശനഷ്ടങ്ങൾ വിതച്ചു. നിരവധി ട്രെയിൻ സർവീസുകളും വിമാനങ്ങളും റദ്ദാക്കി. വാനിലേക്ക് മരം വീണ് 40 വയസ്സുള്ള ഒരാളും മരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


പടിഞ്ഞാറൻ, തെക്കൻ വെയിൽസ്, ബ്രിസ്റ്റോൾ ചാനൽ തീരം എന്നിവിടങ്ങളിൽ ജീവൻ അപകടപ്പെടുത്താൻ സാധ്യതയുള്ള അതി തീവ്ര കാലാവസ്ഥാ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ട് വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് ദശലക്ഷം ആളുകൾക്ക് അവരുടെ മൊബൈലുകളിൽ സർക്കാരിന്റെ അടിയന്തര സന്ദേശം ലഭിച്ചു. പലസ്ഥലങ്ങളിലും കാറ്റിന്റെ വേഗത 80 മൈൽ വരെ എത്താമെന്നാണ് മുന്നറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ പടിഞ്ഞാറൻ വെയിൽസിൽ വീശിയടിക്കുന്ന കാറ്റ് കൂടുതൽ തീവ്രമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ പ്രദേശങ്ങളിൽ വേഗത മണിക്കൂറിൽ 90 മൈൽ വരെ ആകാനുള്ള സാധ്യതയുണ്ട്.


വൈദ്യുത സംവിധാനത്തിൽ പ്രശ്നങ്ങളുണ്ടായാൽ മുൻകരുതൽ എടുക്കണമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. പവർ കട്ട് ഉണ്ടാകാനുള്ള സാധ്യത ഉള്ളതുകൊണ്ട് ആളുകൾ ടോർച്ചുകൾ, ബാറ്ററികൾ, മൊബൈൽ ഫോൺ പവർ പാക്ക്, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ശേഖരിക്കുന്നത് പരിഗണിക്കണമെന്ന് അലേർട്ട് കൂട്ടിച്ചേർത്തു. ഇത്തരം അവസരങ്ങളിൽ ഉപയോഗിക്കാനുള്ള മുന്നറിയിപ്പ് സംവിധാനം നിലവിൽ വന്നതിനു ശേഷമുള്ള ഏറ്റവും കൂടുതൽ ആളുകൾക്ക് സന്ദേശങ്ങൾ അയക്കപ്പെട്ട അവസരമാണ് ദറാഗിനോട് അനുബന്ധിച്ച് സംജാതമായത്. മുന്നറിയിപ്പിനൊപ്പം 10 സെക്കൻഡ് നീണ്ടുനിൽക്കുന്ന സൈറൺ പോലുള്ള ശബ്ദവും ഉണ്ടായിരുന്നു. വെയിൽസിൽ കുറഞ്ഞത് 48,000 ഭവനങ്ങളിലെങ്കിലും വൈദ്യുതി ഇല്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.