ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
എക്സുമ: കരീബിയൻ ദ്വീപായ എക്സുമയിലെ ബഹാമാസ് റിസോർട്ടിൽ മൂന്ന് അമേരിക്കൻ വിനോദസഞ്ചാരികളെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച്ച പുലർച്ചെയാണ് റിസോർട്ടിലെ രണ്ട് വില്ലകളിലായി ഒരു സ്ത്രീ അടക്കം മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ടെന്നസിയിൽ നിന്നുള്ള മൈക്കിൾ ഫിലിപ്പ് (68), ഭാര്യ റോബി ഫിലിപ്പ് (65), ഫ്ലോറിഡയിൽ നിന്നുള്ള വിൻസെന്റ് ചിയാരെല്ല (64) എന്നിവരാണ് മരിച്ചത്. ചിയാരെല്ലയുടെ ഭാര്യ ഡോണിസ് ചിയാരെല്ലയെ (65) ഗുരുതരാവസ്ഥയിൽ മിയാമി ഏരിയാ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു. വിവാഹവാർഷികം ആഘോഷിക്കാനാണ് ചിയാരെല്ലയും ഭാര്യയും റിസോർട്ടിൽ എത്തിയത്.
എക്സുമയിലെ സാൻഡൽസ് എമറാൾഡ് ബേയിൽ നടന്ന ഈ അസാധാരണ സംഭവം പോലീസ് അന്വേഷിച്ചു വരികയാണ്. ഭക്ഷണത്തിൽ നിന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളാകാം മരണകാരണമെന്ന് സംശയിക്കുന്നു. മരണത്തിൽ അസാധാരണമായി ഒന്നുമില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും ബഹാമാസ് ആക്ടിംഗ് പ്രധാനമന്ത്രി ചെസ്റ്റർ കൂപ്പർ പറഞ്ഞു.
പുലർച്ചെ റൂം ബോയി എത്തിയപ്പോഴാണ് ആദ്യ വില്ലയിൽ ചിയാരെല്ലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ മുറിക്കുള്ളിൽ ബോധരഹിതയായി കണ്ടെത്തി. തൊട്ടപ്പുറത്തെ വില്ലയിലാണ് മറ്റ് രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു മൃതദേഹങ്ങളിലും ഏതെങ്കിലും വിധത്തിലുള്ള ആക്രമണങ്ങൾ നടന്നതിന്റെ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് റോയൽ ബഹാമാസ് പോലീസ് ഫോഴ്സ് പ്രസ്താവനയിൽ പറഞ്ഞു.
വ്യാഴാഴ്ച റിസോർട്ടിലെ മറ്റ് ചില അതിഥികൾക്കും ഓക്കാനവും ഛർദ്ദിയും അനുഭവപ്പെട്ടിരുന്നു. ഉടൻ തന്നെ ഇവർക്ക് ചികിത്സ ലഭ്യമാക്കി. രണ്ടാംവില്ലയിൽ മരിച്ച ദമ്പതികൾക്ക് വ്യാഴാഴ്ച രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നതായും ഇവർക്ക് ചികിത്സ നൽകിയിരുന്നതായും ബഹാമസ് ആരോഗ്യ മന്ത്രി ഡോ.മൈക്കൽ ഡാർവിൽ പറഞ്ഞു.
Leave a Reply