ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ ഒരാഴ്ചയ്ക്കുള്ളിൽ കോവിഡ് കേസുകളുടെ എണ്ണം 40 ശതമാനം കുതിച്ചുയർന്നു . രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കുതിച്ചു കയറുന്നതിൻെറ ആശങ്കയിലാണ് ആരോഗ്യവിദഗ്ധർ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 44 ,740 പേർക്കാണ് ഔദ്യോഗിക കണക്കുകൾ പ്രകാരം കോവിഡ് ബാധിച്ചിരിക്കുന്നത്. ഒരാഴ്ച മുമ്പ് ഇത് 31,933 മാത്രമായിരുന്നു.

ഇതിനിടെ ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണവും കൂടിയിട്ടുണ്ട് . ഒരാഴ്ച മുമ്പുള്ള രോഗികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ 12 ശതമാനം വർദ്ധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്. എന്നാൽ മരണനിരക്ക് മുൻപിലെത്തതിനേക്കാൾ കുറവാണ്. ഒരാഴ്ച മുമ്പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ മരണനിരക്കിൽ 8 ശതമാനത്തിൻെറ കുറവുണ്ട്.

ലിവിങ് വിത്ത് കോവിഡിൻെറ ഭാഗമായി ബോറിസ് ജോൺസൺ സർക്കാർ എല്ലാ കോവിഡ് നിയന്ത്രണങ്ങളും എടുത്തുകളഞ്ഞതിനുശേഷമുള്ള കോവിഡ് കേസുകളുടെ എണ്ണത്തിലുള്ള വർദ്ധനവിന് കടുത്ത ആശങ്കയോടെയാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്. ഉടൻ തന്നെ സൗജന്യ ലാറ്ററൽ ഫ്ലോ ടെസ്റ്റുകളും ആർടിപിസിആർ ടെസ്റ്റ് സെന്ററുകളും നിർത്തലാക്കുന്നത് രോഗവ്യാപനത്തിൽ പ്രതിഫലിക്കും എന്ന വിമർശനവും ശക്തമാണ്.