ചുട്ടിപ്പാറ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം മൂന്നു സഹപാഠികളെ കസ്റ്റഡിയില്‍ എടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയേക്കും.
ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശേരി സ്വദേശി എ.ടി. അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.
മരണപ്പെട്ട അമ്മുവിന്റെ സഹോദരന്‍ അഖില്‍ സജീവ് ഇന്ന് ഉച്ചയ്ക്ക് പത്തനംതിട്ട സ്റ്റേഷനില്‍ എത്തി മൊഴി നല്‍കിയിരുന്നു. അമ്മു ആത്മഹത്യ ചെയ്തതല്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും അഖില്‍ പോലീസിനോട് പറഞ്ഞു. കോളജ് അധികൃതരുടെയും ഹോസ്റ്റല്‍ അധികൃതരുടെയും നടപടി സംശയകരമാണ്.
തങ്ങളുടെ ആവശ്യപ്രകാരമാണ് അമ്മുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു വന്നത് എന്ന ജനറല്‍ ആശുപത്രി അധികൃതരുടെ വിശദീകരണം തെറ്റാണ്. അമ്മയുടെ വീട് കോട്ടയത്താണ്. അതു കൊണ്ട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. പരുക്കേറ്റ അമ്മുവുമായി എത്തിയവരില്‍ ആരോ ആകാം തിരുവനന്തപുരത്തേക്ക് കൊണ്ടു പോകാന്‍ പറഞ്ഞതെന്നും അഖില്‍ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 5.30 നാണ് വെട്ടിപ്പുറത്തുള്ള എന്‍.എസ്.എസ് ഹോസ്റ്റലിന്റെ മൂന്നാം നിലയില്‍ നിന്ന് അമ്മു ചാടിയത്. ഗുരുതരമായി പരുക്കറ്റ അമ്മുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. ചുട്ടിപ്പാറ സീപാസ് നഴ്സിങ് കോളജില്‍ നാലാം വര്‍ഷ ബി.എസ്. സി വിദാര്‍ഥിനിയായിരുന്നു അമ്മു സജീവ്.
സഹപാഠികളായ മൂന്നു പെണ്‍കുട്ടികള്‍ അമ്മുവിനെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പിതാവ് സജീവ് നേരത്തേ തന്നെ നഴ്സിങ് കോളജ് പ്രിന്‍സിപ്പാളിന് പരാതി നല്‍കിയിരുന്നു. ഇവരുടെ മാനസിക പീഡനം മൂലം അമ്മുവിന്റെ ജീവന് വരെ ഭീഷണിയുണ്ടെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. അധ്യാപകരില്‍ ചിലരും ഇതിന് ഒത്താശ ചെയ്തിരുന്നുവത്രേ. പിതാവ് സജീവ് നേരിട്ട് കോളജിലെത്തി നല്‍കിയാണ് പരാതി നല്‍കിയിരുന്നത്.
പരാതി അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മൈഗ്രേന്‍ പോലുളള ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം വലഞ്ഞിരുന്ന അമ്മുവിനെ ആ സമയം സഹപാഠികളായ മൂന്നു കുട്ടികള്‍ പല രീതിയില്‍ ശല്യപ്പെടുത്തിയിരുന്നുവത്രേ. കോളജില്‍ നിന്നുളള സ്റ്റഡി ടൂറിന് പോകാന്‍ തയാറാകാതിരുന്ന അമ്മുവിനെ ടൂര്‍ കോഓര്‍ഡിനേറ്ററാക്കി ചുമതലപ്പെടുത്തി. പ്രഖ്യാപനം വരുമ്പോഴാണ് അമ്മു ഇക്കാര്യം അറിഞ്ഞതെന്നും പിതാവിന്റെ പരാതിയിലുണ്ടായിരുന്നു. പല രീതിയിലുളള മാനസിക പീഡനം കാരണം അമ്മുവിന്റെ ജീവന് ഭീഷണിയുണ്ടെന്നായിരുന്നു പിതാവിന്റെ പരാതി
Leave a Reply