വഴിയടഞ്ഞ ജീവിതത്തെ മുന്നോട്ടുരുട്ടാന്‍ താന്‍ തിരഞ്ഞെടുത്ത വഴി ഇത്രമേല്‍ രുചികരമാകുമെന്ന് ശില്‍പ്പ എന്ന വീട്ടമ്മ ഒരിക്കലും കരുതിയില്ല. ഇപ്പോഴിതാ ജീവിതത്തെ മുന്നോട്ടു നയിച്ച ആ വാഹനത്തിന്‍റെ നിര്‍മ്മാതാക്കള്‍ തന്നെ ശില്‍പ്പയെ തേടിയെത്തിയിരിക്കുന്നു. അതും പുതിയൊരു വാഗ്ദാനവുമായി.

ശില്‍പ്പ എന്ന യുവതി 2005ലാണ് വിവാഹിതയായി മാംഗ്ലൂരിലെത്തുന്നത്. 2008 വരെ ഭര്‍ത്താവ് രാജശേഖറിനൊപ്പം ശില്‍പയുടെ ജീവിതം സുരക്ഷിതമായിരുന്നു. എന്നാൽ ബംഗളൂരുവിലേക്കു ബിസിനസ് ആവശ്യത്തിനു പോയ രാജശേഖറിനെ കാണാതായി. അതോടെ ശില്‍പ്പയുടെയും മകന്‍റെയും ജീവിതം ഇരുളടഞ്ഞു.

എന്നാല്‍ തോറ്റു കൊടുക്കാന്‍ ഒരുക്കമായിരുന്നില്ല അവര്‍. മകന്റെ പഠിത്തവും രോഗികളായ മാതാപിതാക്കളുടെ ചികിത്സാചെലവും കണ്ടെത്തണം. ആദ്യമൊരു ജോലിയിൽ പ്രവേശിച്ചു. പക്ഷേ വരുമാനം തുച്ഛമായിരുന്നു. എന്തെങ്കിലും ബിസിനസ് ചെയ്യാനായി പിന്നീടുള്ള തീരുമാനം. നിത്യവൃത്തിക്കു പോലും ബുദ്ധിമുട്ടുമ്പോള്‍ ബിസിനെവിടെ പണം? ഒടുവില്‍ കുട്ടിക്കാലം മുതൽ പാചകത്തിൽ ഉണ്ടായിരുന്ന താത്‍‌പര്യം കണക്കിലെടുത്ത് സഞ്ചരിക്കുന്ന ഭക്ഷണശാല എന്ന ആശയത്തിലെത്തി.

മകന്റെ പഠനത്തിനായി ബാങ്കിലുണ്ടായിരുന്നു ഒരു ലക്ഷം രൂപയായിരുന്നു ആദ്യ മുതൽമുടക്ക്. തുടര്‍ന്ന് ഒരു മഹീന്ദ്ര ബൊലേറോ പിക്കപ്പിനെ മോഡിഫൈ ചെയ്ത് സഞ്ചരിക്കുന്ന ഭക്ഷണശാലയാക്കി മാറ്റി. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് ഈ സഞ്ചരിക്കുന്ന ഭക്ഷണശാല മാംഗ്ലൂരിൽ സൂപ്പർഹിറ്റായി മാറി. ശില്‍പ്പയുടെ ജീവിതകഥ ഒരു ഇംഗ്ലീഷ് ഓൺലൈനിൽ വാർത്തയായി വന്നതോടെയാണ് മഹീന്ദ്ര തലവന്‍ ആനന്ദ് മഹീന്ദ്ര സഹായവാഗ്ദാനവുമായെത്തിയത്.

മഹീന്ദ്ര ബൊലേറോയെ കൂട്ടുപിടിച്ച് ജീവിതം കരയ്ക്കടുപ്പിച്ച ശിൽപ്പയ്ക്ക് രണ്ടാമത്തെ യൂണിറ്റ് തുടങ്ങാനായി ഒരു ബൊലേറോ പിക്ക്അപ്പാണ് ആനന്ദ് മഹീന്ദ്രയുടെ വാഗ്ദാനം. ട്വിറ്ററിലൂടെയാണ് മഹീന്ദ്ര തലവന്‍ ഇക്കാര്യം അറിയിച്ചത്. ശിൽപ്പയുടെ ജീവിതത്തിൽ നല്ലകാലം കൊണ്ടുവരാൻ മഹീന്ദ്ര ബൊലേറോ സഹായമായതിൽ സന്തോഷിക്കുന്നതായും ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.