ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഉടനെ പലിശ നിരക്കുകൾ കുറയുമോ? ലോണെടുക്കാൻ ആഗ്രഹിക്കുന്ന യുകെ മലയാളികളുടെ ഇടയിൽ സ്ഥിരമായി ഉയർന്നുവരുന്ന ചർച്ചാ വിഷയമാണിത് . ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കുകയാണെങ്കിൽ സ്വാഭാവികമായും മോർട്ട്ഗേജ് നിരക്കുകളിലും കുറവ് വരും. സ്വന്തമായി ഒരു വീടും വാഹനവും വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് വളരെ അനുഗ്രഹപ്രദമാണ്.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുമെന്ന വിഷയത്തിൽ ശുഭ സൂചകമായ വാർത്തയാണ് പുറത്തു വരുന്നത്. ഇൻറർനാഷണൽ മോണിറ്ററി ഫണ്ട് (ഐ എം എഫ് ) ൻ്റെ പ്രവചനം അനുസരിച്ച് ഈ വർഷം തന്നെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയാണ് ഉള്ളത്. യുകെ പ്രതീക്ഷിച്ചതിലും കൂടിയ പണപ്പെരുപ്പവുമായി മല്ലിടുമ്പോഴും ബാങ്ക് ഓഫ് ഇംഗ്ലണ്ട് മൂന്ന് തവണ കൂടി പലിശ നിരക്ക് കുറയ്ക്കുമെന്ന് ഐ എം എഫിൻ്റെ പ്രവചനത്തിൽ പറയുന്നു.
എന്നാൽ പണപ്പെരുപ്പം ഉയരുമെന്നാണ് ഐഎംഎഫ് നൽകുന്ന സൂചന. ഊർജ്ജത്തിനും വെള്ളത്തിനും ഉൾപ്പെടെയുള്ള ഉയർന്ന ബില്ലുകളാണ് ഇതിന് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ലോകത്തിലെ തന്നെ മറ്റ് വികസിത സമ്പദ് വ്യവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ഉയർന്ന നിരക്കായ 3. 1 ശതമാനമായിരിക്കും ബ്രിട്ടനിലെ പണപ്പെരുപ്പമെന്നാണ് ഐ എം എഫിന്റെ പ്രവചനത്തിൽ പറയുന്നത്. ഇതിനു പുറമെ യുകെയുടെ വളർച്ചാ നിരക്കിനെ കുറിച്ചും ഐ എം എഫ് പ്രവചനം നടത്തുന്നുണ്ട്. ഇത് പ്രകാരം യുഎസ് വ്യാപാര താരിഫുകളിൽ നിന്നുള്ള ആഗോള വീഴ്ച കാരണം യുകെ സമ്പദ്‌വ്യവസ്ഥ മുമ്പ് പ്രവചിച്ചതിനേക്കാൾ കുറഞ്ഞ വളർച്ച കൈവരിക്കുകയുള്ളുവെന്നാണ് ഐഎംഎഫ് നൽകുന്ന സൂചന . 2025 ൽ 1.6% ന് പകരം 1.1% ആയിരിക്കും വളർച്ചാ നിരക്കെന്നാണ് ഐ എം എഫ് പ്രവചനം. ഈ ആഴ്ച വാഷിംഗ്ടണിൽ നടക്കുന്ന ഐഎംഎഫിന്റെ വസന്തകാല സമ്മേളനത്തിൽ മുൻനിര സാമ്പത്തിക നയരൂപീകരണ വിദഗ്ധർ യോഗം ചേരുന്നതിനിടെയാണ് റിപ്പോർട്ട് പുറത്തുവരുന്നത്.
Leave a Reply