സ്വന്തം ലേഖകൻ

കൊലപാതകി എന്ന് കരുതപ്പെടുന്ന 25 വയസുകാരനെ പൊലീസ് സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്ത് നീക്കി. ഫോർ ബെറി ഗാർഡൻസിൽ വൈകുന്നേരം ഏഴുമണിയോടെയാണ് ആക്രമണം നടന്നത്. സംഭവത്തിന് തീവ്രവാദവുമായി ബന്ധമൊന്നുമില്ല എന്ന് പോലീസ് പറഞ്ഞെങ്കിലും കൗണ്ടർ ടെററിസം ഓഫീസേഴ്സ് സ്ഥലത്തുണ്ട്. അറസ്റ്റിലായ വ്യക്തി ലിബിയൻ ആണെന്ന് കരുതപ്പെടുന്നു. തേംസ് വാലി പോലീസിലെ ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ടായ ഇയാൻ ഹണ്ടർ പറയുന്നു ” നടന്ന ആക്രമണം തീവ്രവാദവുമായി ബന്ധപ്പെട്ടതല്ല എങ്കിലും കൗണ്ടർ ടെററിസം പോലീസ് ടീമിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. അറ്റാക്കുമായി ബന്ധപ്പെട്ട കൂടുതൽ വ്യക്തികൾ ഇല്ല എന്ന് തന്നെയാണ് കരുതപ്പെടുന്നത്. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു”. കത്തിക്കുത്ത് നടക്കുന്നതിന് തൊട്ടുമുമ്പ് ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധം സംഭവസ്ഥലത്ത് നടന്നിരുന്നു, അതുമായി ബന്ധപ്പെട്ടാണോ ആക്രമണം ഉണ്ടായതെന്ന് സ്ഥലവാസികൾ സംശയം ഉയർത്തിയിരുന്നു എങ്കിലും, പോലീസ് അത് നിഷേധിച്ചു. പ്രതിഷേധക്കാർ പോലീസിന്റെ അനുമതിയോടുകൂടി സമാധാനപരമായാണ് സംഘടിച്ചതെന്ന് പോലീസ് പറഞ്ഞു.

രാത്രി11 മണിയോടെ ഒരു കൂട്ടം പോലീസുകാർ സംഭവ സ്ഥലം ബന്തവസ്സാക്കിയിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആരും സംഭവ സ്ഥലത്ത് തടിച്ചു കൂടരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അന്വേഷണത്തോട് സഹകരിക്കണമെന്നും, കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ അന്വേഷണത്തിൽ സഹായിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.

റീഡിങ്ൽ ഉണ്ടായ സംഭവത്തിൽ താൻ ഇരകൾക്കൊപ്പം ആണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. സംഭവം നടന്ന ഉടനെ സ്ഥലത്തെത്തിയ എമർജൻസി സർവീസിന് അദ്ദേഹം നന്ദി അറിയിച്ചു. സംഭവത്തെ അപലപിച്ചു കൊണ്ട് ഹോം സെക്രട്ടറി പ്രീതി പട്ടേൽ ട്വീറ്റ് ചെയ്തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവസ്ഥലത്തുണ്ടായിരുന്ന ലോറൻസ് വോർട്ട് എന്ന 20 കാരൻ പറയുന്നതിങ്ങനെ, “ആക്രമണം നടക്കുമ്പോൾ 10 മീറ്റർ അകലത്തിൽ ഞാനുണ്ടായിരുന്നു. പാർക്ക് നിറയെ ആളുകളുണ്ടായിരുന്നു. കുറച്ചു പേർ നടക്കാനായും കുറച്ചുപേർ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കാനുമായാണ് അവിടെ എത്തുന്നത് . എന്നാൽ, പെട്ടെന്നൊരാൾ എന്തോ അലറിക്കൊണ്ട് കൂടിയിരുന്ന ആൾക്കാരുടെ നേരെ കത്തി വീശി അടുക്കുകയായിരുന്നു. മൂന്നു പേരെ അപ്പോൾതന്നെ കുത്തിവീഴ്ത്തി, പിന്നെ ഞങ്ങളുടെ നേരെ ഓടി വന്നു. എന്നാൽ ഞങ്ങൾ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് ഓടി രക്ഷപ്പെട്ടു. ഞങ്ങളെ കിട്ടില്ല എന്ന് മനസ്സിലായപ്പോൾ അയാൾ മറ്റൊരു ഗ്രൂപ്പിന് നേരെ ഓടി അടുക്കുകയായിരുന്നു. എല്ലാവരും ഓടി രക്ഷപ്പെടുകയാണ് എന്ന് മനസ്സിലായപ്പോൾ, അയാളും പാർക്കിന് പുറത്തേക്ക് ഓടി.

ഫ്രീലാൻസ് ജേർണലിസ്റ്റ് ആയ ക്ലെയർ പറയുന്നതിങ്ങനെ ” ബ്രിട്ടീഷ് സമയം 6. 40 വരെ എല്ലാം ശാന്തമായിരുന്നു, എന്നാൽ ഏഴുമണിക്ക് സംഭവം നടന്ന് 10 മിനിറ്റിനു ശേഷം കിംഗ്സ് മീഡോയിൽ എയർ ആംബുലൻസ് വന്നുനിന്നു. അപ്പോഴേക്കും സൈറൻ മുഴങ്ങുന്നുണ്ടായിരുന്നു. തുടർന്ന് രണ്ട് മണിക്കൂറുകൾക്കുള്ളിൽ സംഭവസ്ഥലം പൊലീസുകാരെ കൊണ്ട് നിറഞ്ഞു”.
ആക്രമണം സംബന്ധിച്ച വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കാതിരിക്കാനാണ് പോലീസ് നിർദേശം. അന്വേഷണത്തിന് നിർണായകമാണിത് എന്നതിനാലാണ് ഇങ്ങനെ ഒരു നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.