ഗാന്ധിനഗർ: പശുവിനെ കശാപ്പ് ചെയ്ത കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പേർക്ക് ഗുജറാത്തിലെ ഗാന്ധിനഗർ സെഷൻസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ നൽകിയില്ലെങ്കിൽ പശുവിന്റെ വംശനാശത്തിന് കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു. മനുസ്മൃതി, ഋഗ്വേദം തുടങ്ങിയ ഗ്രന്ഥങ്ങൾ ഉദ്ധരിച്ചായിരുന്നു പശുസംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയത്.
277 കിലോ ഇറച്ചി, കശാപ്പിനുപയോഗിച്ച ഉപകരണങ്ങൾ, ഇറച്ചി കടത്താൻ ഉപയോഗിച്ച വാഹനങ്ങൾ എന്നിവ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. സാമ്പത്തിക ലാഭത്തിനായി പശുക്കളെ കശാപ്പ് ചെയ്ത് ഇറച്ചി വിതരണം ചെയ്യാൻ പ്രതികൾ ലക്ഷ്യമിട്ടിരുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കേസിൽ ആറ് പേർ ഉൾപ്പെട്ടിരുന്നെങ്കിലും മൂന്ന് പേർക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു. വിചാരണയ്ക്കിടെ 54 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖാമൂലമുള്ള തെളിവുകൾ ഹാജരാക്കുകയും ചെയ്തു.
വിധി പ്രസ്താവത്തിനിടെ പശുവിനെ ‘എല്ലാ ദേവതകളുടെയും മാതാവ്’ എന്നും വിശുദ്ധ കർമങ്ങളുടെ ഉറവിടമെന്നും കോടതി വിശേഷിപ്പിച്ചു. ഋഗ്വേദത്തിൽ പശുവിനെ ഉപദ്രവിക്കാനോ കൊല്ലാനോ പാടില്ലാത്ത ജീവിയായി പരാമർശിക്കുന്നുണ്ടെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. സാധാരണ കുറ്റകൃത്യമായി ഇതിനെ കാണാനാകില്ലെന്നും സാംസ്കാരിക പാരമ്പര്യത്തെയും പൊതുധാർമികതയെയും ബാധിക്കുന്ന വിഷയമാണെന്നും കോടതി നിരീക്ഷിച്ചു. ഗുജറാത്ത് അനിമൽ പ്രിസർവേഷൻ ആക്ടിലെ ഭേദഗതി ചെയ്ത വ്യവസ്ഥകൾ പ്രകാരമാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.











Leave a Reply