കോവിഡ് പശ്ചാത്തലത്തില്‍ അടഞ്ഞുകിടന്ന സംസ്ഥാനത്തെ തീയേറ്ററുകളെല്ലാം തിങ്കളാഴ്ച മുതല്‍ തുറക്കും. തീയേറ്റര്‍ തുറക്കുന്നതിന് മുന്നോടിയായി ഉടമകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സെക്കന്റ് ഷോകള്‍ക്ക് അടക്കം അനുമതി ലഭിച്ചിട്ടുണ്ട്.

നികുതി ഇളവ് ആവശ്യം ബന്ധപ്പെട്ട വകുപ്പുകളുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച ചെയ്യാം എന്ന് മന്ത്രി സജി ചെറിയാന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. വിനോദ നികുതിയില്‍ ഇളവ്, അടച്ചിട്ടിരുന്ന സമയത്തെ കെഎസ്ഇബിയിലെ ഫിക്‌സഡ് ഡെപ്പോസിറ്റിലെ ഇളവ് എന്നീ ആവശ്യങ്ങളാണ് തീയേറ്റര്‍ ഉമകള്‍ മുന്നോട്ട് വച്ചത്.

തിയേറ്റര്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ ആദ്യ പ്രധാന റിലീസായി എത്തുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ കുറുപ്പാണ്. നവംബര്‍ 12നാകും സിനിമ റിലീസ് ചെയ്യുക. ഒടിടി റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് തീയേറ്റര്‍ റിലീസിലേക്ക് മാറിയത്.

അതേസമയം, മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടിക്കെട്ടിലുള്ള ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ബിഗ് ബജറ്റ് ചിത്രം ഉള്‍പ്പടെ നിരവധി സിനിമകളാണ് മലയാളത്തില്‍ റിലീസിനായി കാത്തിരിക്കുന്നത്. വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന മിഷന്‍ സി, ജോജു ജോര്‍ജ് നായകനാകുന്ന സ്റ്റാര്‍ എന്നീ ചിത്രങ്ങള്‍ ഒക്ടോബര്‍ 29ന് റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.