തിരുവനന്തപുരം കിളിമാനൂരിൽ പ്ലസ് വണ്‍ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേർ അറസ്റ്റിൽ. മേലേ വെട്ടൂർ സ്വദേശി ഹുസൈൻ (20), വെണ്‍കുളം സ്വദേശി രാഖില്‍ (19), മാന്തറ സ്വദേശി കമാല്‍ (18) എന്നിവരാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം വഴിയാണ് പതിനാറുകാരി പ്രതിയെ പരിചയപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. കേസിലെ ഒന്നാം പ്രതിയായ ഹുസൈനുമായി പെണ്‍കുട്ടി കുറച്ചു നാളായി സൗഹൃദത്തിലായിരുന്നു.
ശനിയാഴ്ച രാത്രി 12 മണിക്ക് ഹുസൈൻ പെണ്‍കുട്ടിയോട് വീടിനു പുറത്തേക്ക് വരാൻ ആവശ്യപ്പെട്ടു. താൻ പുറത്തുണ്ടെന്നും കാണമമെന്നും പ്രതി പെണ്‍കുട്ടിയോട് പറഞ്ഞു. ഇതനുസരിച്ച് പുറത്തേക്ക് എത്തിയ പെണ്‍കുട്ടിയെ ഹുസൈനും സുഹൃത്തുക്കളും ചേർന്ന് തട്ടി കൊണ്ടു പോകുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ റബ്ബർ പുരയിടത്തിൽ എത്തിച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു.
പൊലീസ് അന്വേഷിച്ച് എത്താതിരിക്കാനായി പെണ്‍കുട്ടിയുടെ കൈയില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണും പ്രതികള്‍ നശിപ്പിച്ചിരുന്നു. പീഡനത്തെ തുടർന്ന് പെണ്‍കുട്ടി ബോധരഹിതയായി. ഇതിന് ശേഷം പ്രതികള്‍ സ്ഥലത്ത് നിന്ന് രക്ഷപെടുകയുമായിരുന്നു. ഇതേ സമയം പെണ്‍കുട്ടിയെ വീട്ടില്‍ കാണാതായതോടെ മാതാപിതാക്കള്‍ കിളിമാനൂർ പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് അന്വേഷണത്തില്‍ ഞായറാഴ്ച രാവിലെ 11 മണിയോടെ പെണ്‍കുട്ടിയെ റബ്ബർ തോട്ടത്തില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് പെണ്‍കുട്ടിയുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
ആറ്റിങ്ങല്‍ ഡിവൈഎസ്പി ആർ പ്രദീപ് കുമാർ, കിളിമാനൂർ ഇൻസ്പെക്ടർ ബി ജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Leave a Reply