ഗുരുവായൂരില്‍ താലികെട്ടു കഴിഞ്ഞ് കാമുകനൊപ്പം പോയ പെണ്‍കുട്ടിയെ സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുന്നവര്‍ക്കെതിരെ മാധ്യമപ്രവര്‍ത്തക കെ.കെ ഷാഹിന.
ഞായറാഴ്ച വിവാഹത്തിന് ശേഷം ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം പോയതിന്റെ പേരില്‍ പെണ്‍കുട്ടിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയകളിലും മറ്റും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഗുരുവായൂര്‍ നടയില്‍ താലികെട്ട് കഴിഞ്ഞ് കാമുകനൊപ്പം പോയ പെണ്‍കുട്ടിയെ തേപ്പുകാരിയെന്ന് വിശേഷിപ്പിച്ചാണ് സോഷ്യല്‍ മീഡിയ കളിയാക്കിയത്. സോഷ്യല്‍ മീഡിയയുടെ ഈ നിലപാടിനെതിരെയാണ് ഷാഹിന തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലെ ഈ ഖാപ് പഞ്ചായത്ത് ദയവു ചെയ്ത് പിരിച്ചു വിടണമെന്നാണ് തന്റെ അഭ്യര്‍ത്ഥനയെന്ന് ഷാഹിന പറയുന്നു. ആ പെണ്‍കുട്ടിയുടെ അച്ഛന്റെ അടുത്ത സുഹൃത്തിനോടും വരനോടും അവന്റെ ചേച്ചിയോടും സംസാരിച്ചുവെന്നും ഷാഹിന വ്യക്തമാക്കുന്നുണ്ട്.

കെ.കെ ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ്………

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സോഷ്യല്‍ മീഡിയയിലെ ഈ ഖാപ് പഞ്ചായത്ത് ദയവു ചെയ്ത് പിരിച്ചു വിടണം എന്ന് ഒരു അഭ്യര്‍ത്ഥനയുണ്ട്. സങ്കീര്‍ണമാണ് കാര്യങ്ങള്‍. ആ പെണ്‍കുട്ടിയുടെ അച്ഛന്റെ അടുത്ത സുഹൃത്തിനോട് ഞാന്‍ സംസാരിച്ചു. വരനോടും അവന്റെ ചേച്ചിയോടും സംസാരിച്ചു.
1. ആ പെണ്‍കുട്ടി കാമുകന്റെ കൂടെ പോയി സുഖിക്കുകയല്ല. അവള്‍ വീട്ടില്‍ തന്നെയുണ്ട്.
2. അവള്‍ക്കു പ്രണയമുണ്ടായിരുന്നു. വരനോട് അത് പറയുകയും ചെയ്തിരുന്നു.
3. വരനെ തേച്ചിട്ടു പോയ വധു, അവള്‍ക്ക് പ്രണയമുണ്ടെന്നു പറഞ്ഞിട്ടും അത് അവഗണിച്ചു സ്ത്രീധനം മോഹിച്ചു താലി കെട്ടിയ വരന്‍ എന്നീ രണ്ടു ബൈനറികളിലല്ല കാര്യങ്ങള്‍ കിടക്കുന്നത്.
4. പത്തൊമ്പത് വയസ്സേ ഉള്ളൂ ആ പെണ്‍കുട്ടിക്ക്. കാമുകനും അത്രയൊക്കെയേ പ്രായമുള്ളൂ. വരന്‍ എന്ന് പറയുന്ന ആ ആണ്‍കുട്ടിക്ക് ഇരുപത്താറു വയസ്സേ ഉള്ളൂ.
5. ആ പെണ്‍കുട്ടിയും അവളുടെ അച്ഛനുമമ്മയും ഇത് വരെ വീട്ടില്‍ നിന്നും പുറത്തിറങ്ങിയിട്ടില്ല. അറിഞ്ഞത് ശരിയാണെങ്കില്‍ ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നില്‍ക്കേണ്ട ബന്ധുക്കള്‍ പോലും തിരിഞ്ഞു നോക്കുന്നില്ല. നാട്ടില്‍ അവര്‍ തികച്ചും ഒറ്റപ്പെട്ടിരിക്കുകയാണ്.
6. ഈ കാമുകന്‍ ഇപ്പോള്‍ എവിടെയാണ് എന്നറിയില്ല.
ഭയന്ന് കാണും. ഇത്രയും ദയാരഹിതമായ ഒരു ലോകത്തെ ഭയന്ന് ഇവരില്‍ ആരെങ്കിലുമൊക്കെ ആത്മഹത്യ ചെയ്താല്‍ എല്ലാവര്‍ക്കും സന്തോഷമാകുമോ ? ക്ഷമയും സഹാനുഭൂതിയും കാണിക്കാന്‍ കഴിയില്ല എന്നറിയാം. ആത്മഹത്യയിലേക്കു തള്ളി വിടാതിരിക്കുകയെങ്കിലും ചെയ്യണം.
വിശദമായി എഴുതാം. ഇതൊരു ആമുഖമായി എടുത്താല്‍ മതി. ദയവു ചെയ്തു ക്രൂരമായ ഈ വേട്ടയാടല്‍ നിര്‍ത്തണം. ഞാന്‍ നേരത്തെ ഇട്ട പോസ്റ്റുകളിലെ ചര്‍ച്ചകളും ദയവു ചെയ്ത് അവസാനിപ്പിക്കണം. അവരുടെ നാട്ടിലെ പരിചയമുള്ള രാഷ്ട്രീയനേതാക്കളോട് ഇടപെടണം എന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അത്രയും ഗുരുതരമാണ് സ്ഥിതി.