മധു ഷണ്‍മുഖം
ബ്രിട്ടനിലെ തൃശൂര്‍ ജില്ല സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ലിവര്‍പൂളിലെ വിസ്റ്റനിലെ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച നാലാമത് ജില്ലാ കുടുംബസംഗമം അവിസ്മരണീയമായി. ഇംഗ്ലണ്ടിന്റെ നോര്‍ത്തില്‍ ആദ്യമായി കൊണ്ടുവന്ന ജില്ലാ സംഗമത്തിനെ നോര്‍ത്തിലെ തൃശൂര്‍ ജില്ലക്കാര്‍ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുകയാണുണ്ടായത്. നോര്‍ത്തിലെ ജില്ലാനിവാസികളുടെ നിര്‍ലോഭമായ സഹായങ്ങള്‍ കൊണ്ടും സഹകരണങ്ങള്‍ കൊണ്ടും വളരെ വര്‍ണ്ണാഭമായ ഒരു പരിപാടിയായി മാറ്റുവാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു.
ഇതുവരെ നടന്ന ജില്ലാസംഗമത്തിനെക്കാളും വളരെ വ്യത്യസ്ഥമായ ഒരു അനുഭവമാണ് ജില്ലാനിവാസികള്‍ക്ക് ഉണ്ടായത്. കുടുംബങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുത്ത് ഇടപെടാനും കുടുംബവിശേഷങ്ങളും നാട്ടുവിശേഷങ്ങളും തൃശൂര്‍ ജില്ലക്കാരുടെ പരമ്പരാഗത ആചാരങ്ങളും അനുഷ്ഠാനങ്ങളും സംസ്‌കാരങ്ങളും ഒക്കെ പങ്കുവെയ്ക്കുന്ന ഒരുവേദിയായി മാറിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ തൃശൂര്‍ പൂരത്തിന് ഒത്തുകൂടിയ ഒരു പ്രതീതിയാണ് വിസ്റ്റണ്‍ ടൗണ്‍ ഹാളില്‍ കാണാന്‍ കഴിഞ്ഞത്.
കനത്ത മഴയെ തോല്‍പ്പിച്ചുകൊണ്ടും ആദ്യകുര്‍ബാന സ്വീകരണത്തിന്റെ തിരക്കുകള്‍ക്കിടയിലും ഇരുപത്തിയഞ്ച് കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന് തങ്ങളുടെ നാടിന്റെ പഴയകാല ഓര്‍മ്മകളും പരിചയങ്ങളും പങ്കുവെയ്ക്കുന്നത് കൗതുകത്തോടെ പുതുതലമുറ നോക്കി മനസിലാക്കുന്നുണ്ടായിരുന്നു.
ഇംഗ്ലണ്ടിന്റെ നോര്‍ത്തില്‍ സ്ഥിരതാമസക്കാരായ തൃശ്ശൂര്‍ അതിരൂപതയില്‍ നിന്നുള്ള വൈദികനായ ഫാ.ലോനപ്പന്‍ അരങ്ങാശേരിയും ഇരിങ്ങാലക്കുട രൂപതയില്‍ നിന്നുള്ള വൈദികനായ ഫാ.ജിനോ അരീക്കാട്ടും ചേര്‍ന്ന് നാലാമത് കുടുംബസംഗമം നിലവിളക്കില്‍ ദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ തൃശൂര്‍ ജില്ലക്കാരുടെ വേറിട്ട ഭാഷാപ്രയോഗത്തെയും അതുപോലെതന്നെ തനതായ തൃശൂര്‍ സംസ്‌കാരത്തിന്റെ ഉത്ഭവത്തെക്കുറിച്ചും വാചാലമായി സംസാരിച്ച ഫാ.ലോനപ്പന്‍ അരങ്ങാശേരി സദസിന്റെ മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റി. വിദേശരാജ്യത്ത് താമസിക്കുന്നവരായ നമുക്ക് ഇതുപോലുള്ള പ്രാദേശിക കൂട്ടായ്മകള്‍ അടുത്ത തലമുറയ്ക്ക് നമ്മുടെ നാടുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് വളരെയേറെ സഹായിക്കുമെന്ന് ഫാ.ജിനോ അരീക്കാട്ട് പറഞ്ഞു.
ബ്രിട്ടനിലെ തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ പ്രസിഡന്റ് അഡ്വ.ജെയ്‌സണ്‍ ഇരിങ്ങാലക്കുട അധ്യക്ഷത വഹിച്ച യോഗത്തില്‍ സംഘടനയുടെ ട്രഷറര്‍ സണ്ണി ജേക്കബ് സ്വാഗതവും ജനറല്‍ സെക്രട്ടറി ജീസണ്‍ പോള്‍ കടവി നന്ദിയും പറഞ്ഞു.
കുടുംബങ്ങളുടെ പരിചയപ്പെടലും തമാശകളും പൊട്ടിച്ചിരികളും കുസൃതിചോദ്യങ്ങളും കൊണ്ട് ഒരു തനി നാടന്‍ കുടുംബസംഗമമായി മാറിയ ചടങ്ങിന് ഫാ.ലോനപ്പന്‍ അരങ്ങാശേരിയുടെയും ഫാ.ജിനോ അരീക്കാട്ടിലിന്റെയും സാന്നിധ്യം വലിയ ഒരു മുതല്‍ക്കൂട്ടായിമാറി. കൃത്യമായ സമയങ്ങളില്‍ തമാശകള്‍കൊണ്ടും ഫലപ്രദമായ ഇടപെടല്‍ കൊണ്ടും പരിചയപ്പെടല്‍ ചടങ്ങിനെ വലിയ ഒരു സംഭവമാക്കിത്തീര്‍ക്കുകയും അടുത്ത വര്‍ഷത്തെ കുടുംബസംഗമം വരെ ഓര്‍ത്തിരിക്കാനുള്ള ഒരു സംഭവമാക്കിത്തീര്‍ക്കുന്നതില്‍ രണ്ടു വൈദികരുടെയും സംഭാവനകള്‍ വളരെ വലുതാണ്.
കുടുംബങ്ങള്‍ തമ്മിലുള്ള പരിചയപ്പെടലിനുശേഷം തൃശൂര്‍ ജില്ലാ സൗഹൃദവേദി അംഗങ്ങളുടെ മക്കളുടെ കലാപരിപാടികള്‍ കാണികളില്‍ ഇമ്പവും ആനന്ദവും സൃഷ്ടിച്ചു. കീര്‍ത്തന തെരസ്സാ കുറ്റിക്കാട്ട് അവതരിപ്പിച്ച കീറ്റാര്‍ വാദ്യോപകരണം കൊണ്ടുള്ള മലയാള ചലച്ചിത്രഗാനങ്ങള്‍ കാണികളെ സംഗീതസാഗരത്തില്‍ കൊണ്ടുചെന്നെത്തിച്ചു. കാണികള്‍ക്ക് സംഗീതത്തിന്റെ മാധുര്യം നല്‍കിയ ജോസഫ് ബിന്നിയും നൃത്തച്ചുവടുകളുമായി ജോ അന്ന ജീസനും പരിപാടികള്‍ക്ക് കൊഴുപ്പേകി.
ഈ കുടുംബസംഗമം വന്‍വിജയമാക്കിത്തീര്‍ക്കുന്നതിന് ഓടിനടന്ന പ്രാദേശിക സംഘാടകനിരയുടെ നായകനും സംഘടനയുടെ ട്രഷററുമായ സണ്ണി ജേക്കബിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. അതുപോലെ ഈ സംഗമത്തിന്റെ വിജയശില്പികളായിരുന്ന ഡോണ്‍ പോള്‍, സ്വപ്ന സണ്ണി, ലിസ ജിജു എന്നിവരുടെ സഹായങ്ങള്‍ വളരെ വിലപ്പെട്ടതായിരുന്നു. അവതാരകനായ ബിനോയി ജോര്‍ജിന്റെയും അവതാരകയും കഴിഞ്ഞ ജില്ലാ സംഗമങ്ങളുടെ അണിയറ ശില്പിയുമായിരുന്ന ഷൈനി ജീസന്റെയും പ്രകടനങ്ങള്‍ കാണികളുടെ മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റി.
നേരത്തെ നടത്തിയ റാഫില്‍ ടിക്കറ്റിന്റെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഫാ.ലോനപ്പന്‍ അരങ്ങാശേരിയും ഫാ.ജിനോ അരീക്കാട്ടും ചേര്‍ന്ന് സമ്മാനിച്ചു. കലാപരിപാടികള്‍ അവതരിപ്പിച്ച കുട്ടികള്‍ക്കുള്ള സമ്മാനം സംഘടനയുടെ ഭാരവാഹികളും മെമ്പര്‍മാരും ചേര്‍ന്ന് നല്‍കി.
തനതായ തൃശൂര്‍ രുചിയുള്ള ഉച്ചഭക്ഷണത്തിനുശേഷം ജിതേഷ് നയിച്ച സിംഫണി ഓര്‍ക്കസ്ട്രയുടെ ഗാനമേള ആവേശത്തിന്റെ തിരമാലകള്‍ സൃഷ്ടിച്ചു.
അന്യോന്യം പരിചയമില്ലാതെ ജില്ലാ സംഗമത്തില്‍ വന്ന പലകുടുംബങ്ങളും കുറെകൊല്ലങ്ങളായി അടുപ്പമുള്ളവരെപ്പോലെയാണ് അവിടെ സൗഹൃദം പങ്കുവച്ചതും സന്തോഷം പങ്കിട്ടതും. കുടുംബബന്ധങ്ങളും വ്യക്തിബന്ധങ്ങളും ഊട്ടിയുറപ്പിച്ച് സന്തോഷത്താലും ആവേശത്താലും ഇനി നമുക്ക് അടുത്തവര്‍ഷം കാണാമെന്ന് പരസ്പരം പറഞ്ഞ് പിരിയുമ്പോഴേയ്ക്കും നേരം ഒരുപാട് വൈകിയിരുന്നു.
Leave a Reply