കാരുണ്യത്തിന്റെ കരങ്ങള്‍ യൂകെ മലയാളിയുടെ മുഖമുദ്ര. ചാരിറ്റി പ്രവര്‍ത്തനം കൊണ്ട് യൂകെ മലയാളികളുടെ മനസില്‍ മാതൃകയായി ചിരപ്രതിഷ്ഠ നേടിയെടുത്ത ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ് ചാരിറ്റിയിലേക്ക് യുകെയിലെ കരുണയുള്ള മലയാളികളുടെ അകമഴിഞ്ഞ കാരുണ്യത്തിന്റെ കരങ്ങള്‍ നീളുകയാണ്. എല്ലാ വര്‍ഷവും ക്രിസ്തുമസിനോടനുബന്ധിച്ച് നടത്തുന്ന ചാരിറ്റി വഴി ലഭ്യമാകുന്ന തുക ഏറ്റവും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ഇത് തന്നെയാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ ചാരിറ്റിയെ വ്യത്യസ്തമാക്കുന്നതും. നമ്മളുടെ നന്മയില്‍ നിന്നും നാം മിച്ചം പിടിച്ച് ഒന്നുമില്ലായ്മയുടെ ജീവിതങ്ങള്‍ക്ക് സാന്ത്വനം നല്‍കുമ്പോള്‍ ഏതൊരു പ്രാര്‍ത്ഥനകള്‍ക്കും മേലെയാണ് അതിന്റെ പൂര്‍ണ്ണത. നമ്മളുടെ ചാരിറ്റി പ്രവര്‍ത്തനമാണ് നമ്മളെ നാമാക്കി മാറ്റുന്നതും ദൈവത്തിനും നമ്മളുടെ മക്കള്‍ക്കും വരും തലമുറകള്‍ക്കും മാതൃകയാകുന്നതും. നിങ്ങളുടെ ആ വലിയ മനസ്സിന്റെ നന്മയാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നതും. ഈ ക്രിസ്മസ്സ് ചാരിറ്റിയിലേക്ക് നിങ്ങളുടെ കരുണയുള്ള കരങ്ങള്‍ നീട്ടുവാന്‍ ഇനി രണ്ടു ദിവസ്സം കൂടിയാണ് ഉള്ളത്. ഇക്കുറി ചാരിറ്റിയിലൂടെ ലഭിക്കുന്ന തുക താഴെ പറയുന്ന ആവശ്യങ്ങള്‍ക്കാണ് നല്‍കുവാന്‍ പോകുന്നത്.

ഇടുക്കി നാരകക്കാനത്തുള്ള മുപ്പത്തിമൂന്നു വയസ്സ് പ്രായമുള്ള യുവാവാണ് ആറ് മാസം മുന്‍പാണ് സ്‌ട്രോക്ക് ഉണ്ടായി കട്ടിലില്‍ പരസഹായത്താല്‍ കഴിയേണ്ടുന്ന അവസ്ഥ വന്നത്. ഈ യുവാവിന് ഒരു സര്‍ജറി നടത്തിയാല്‍ എഴുന്നേറ്റു നടക്കുവാന്‍ സാധിക്കും എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്നു ഈ യുവാവ്. കൂലിപ്പണിക്കാരനായ പിതാവ് അകാലത്തില്‍ മരണമടഞ്ഞു, ജ്യേഷ്ഠ സഹോദരന്‍ കൂലിവേല ചെയ്തു ജീവിക്കവേ തെങ്ങില്‍ നിന്നും വീണു കാലൊടിഞ്ഞു ജോലിക്കു പോകുവാന്‍ കഴിയാത്ത അവസ്ഥയിലുമാണ്. ഈ കുടുംബത്തിന്റെ ഇപ്പോഴുള്ള ദുരിതം നമ്മുടെ മനസാക്ഷിയെ മരവിപ്പിക്കും വിധം ദയനീയമാണ്. മക്കളുടെ മരുന്ന്, ഭക്ഷണം, വസ്ത്രം എന്നിവയ്ക്കു വേണ്ടി ഇവരുടെ അമ്മ വളരെ കഷ്ടപ്പെടുന്നു. ഈ കുടുംബത്തിന് ഒരു ചെറു സഹായം നിങ്ങളാല്‍ കഴിയും വിധം നല്‍കുവാന്‍ പറ്റുമെങ്കില്‍ അത് ഈ കുടുംബത്തിന് വലിയ കരുണയും, കടാക്ഷവും സഹായവുമാകും.

ഇതോടൊപ്പം ചാരിറ്റിയുടെ സഹായം ആവശ്യപ്പെടുന്നത് തൊടുപുഴ കുമാരമംഗലത്തുള്ള ഒരു നിര്‍ധന കുടുംബത്തിലെ മാനസിക രോഗത്തിന് അടിമപ്പെട്ടു കഴിയുന്ന അമ്മയും, രണ്ട് സഹോദരങ്ങള്‍ക്കുമാണ്. ഇവരെ നോക്കുവാനും, സംരക്ഷിക്കുവാനും ഒരാള്‍ എപ്പോഴും കൂടെ വേണം. അതുകൊണ്ട് ഷാജു എന്ന ഇവരുടെ സഹോദരന്‍ മറ്റ് ജോലികള്‍ക്ക് പോകുവാന്‍ സാധിക്കാതെ ഈ അമ്മയെയും സഹോദരങ്ങളെയും നോക്കി കഴിയുന്നു. ഇവര്‍ക്ക് താമസിക്കുവാന്‍ അടച്ചുറപ്പുള്ള ഒരുവീടോ മറ്റു സൗകര്യമോ ഇല്ല. ടാര്‍പോളിന്‍ മറച്ച ഷെഡില്‍ ആണ് ഇവരുടെ താമസം. ഇവര്‍ക്കുള്ള മരുന്നും ഭക്ഷണവും നല്ലവരായ അയല്‍ക്കാരുടെയും നാട്ടുകാരുടെയും സഹായം കൊണ്ടാണ് നടക്കുന്നതു. മനസികാരോഗ്യക്കുറവുള്ള ഈ കുടുംബത്തിലെ അംഗങ്ങള്‍ക്കാണ് നിങ്ങളുടെ കരുണയുടെ കൈകള്‍ ആവശ്യമാകുന്നത്.

നിങ്ങള്‍ ഈ രണ്ടു ചാരിറ്റിക്കും നല്‍കുന്ന മുഴുവന്‍ തുകയും തുല്യമായി വീതിച്ചു കൃത്യമായ് ഈ കുടുംബത്തിന്റെ കൈകളില്‍ തന്നെ എത്തിക്കുന്നതാണ്. കരുണ ചെയ്യുവാനുള്ള നിങ്ങളുടെ വലിയ മനസ്സിനു ഇടുക്കിജില്ലാ സംഗമത്തിന്റെ നന്ദിയും, കടപ്പാടും എപ്പോഴും ഉണ്ടായിരിക്കും.

ഈ കുടുംബങ്ങളെ സഹായിക്കാനുള്ള നിങ്ങളുടെ കാരുണ്യത്തുക ഇടുക്കിജില്ലാ സംഗമം താഴെപ്പറയുന്ന അക്കൗണ്ടില്‍ അയക്കുക.

IDUKKIJILLA SANGAMAM
BANK – BARCLAYS ,
ACCOUNT NO – 93633802.
SORT CODE – 20 76 92

കാരുണ്യത്തിന്റെ കരങ്ങള്‍ നീട്ടുന്ന നിങ്ങളുടെ നന്മ നിറഞ്ഞ മനസ്സിന് നല്ലതുമാത്രം വരട്ടെ എന്ന് ആശംസിക്കുന്നു. ഏവര്‍ക്കും ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ പുതുവത്സരാശംസകള്‍ നേരുന്നു. കമ്മറ്റിക്കു വേണ്ടി കണ്‍വീനര്‍ പീറ്റര്‍ താണോലി.