‘ഞങ്ങള്‍ മോഷ്ടിക്കാന്‍ കയറിയതാണ്. സഹകരിക്കണം. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും അതാണ് നല്ലത്.”- തൃശ്ശൂരിലെ മുല്ലക്കരയില്‍ പാലക്കാട് ഹൈവേയോട് ചേര്‍ന്നുള്ള ഡോ. ക്രിസ്റ്റോയുടെ വീട്ടില്‍ക്കടന്ന മുഖംമൂടിയിട്ട നാല് മോഷ്ടാക്കള്‍ വീട്ടുകാരെ വിളിച്ചുണര്‍ത്തി പറഞ്ഞതിങ്ങനെയാണ്! അതിനുമുന്പും അതിനുശേഷവും നടന്നത് അവിശ്വസനീയ രംഗങ്ങള്‍.

പോലീസ് പറയുന്നതിങ്ങനെ – വീടിനോടു ചേര്‍ന്നുള്ള ക്ലിനിക്കിന്റെ ബലക്കുറവുള്ള വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ ഉള്ളില്‍ക്കടന്നത്. വീടിന്റെ വശത്ത് സൂക്ഷിച്ചിരുന്ന അരിവാളും മോഷ്ടിക്കളിലൊരാള്‍ കൈയിലെടുത്തിരുന്നു.

ക്ലിനിക്കില്‍നിന്ന് വീട്ടിലേക്ക് കടക്കാനുള്ള വഴിയില്‍ ചില്ലിന്റെ കതകായിരുന്നു. അത് പൊട്ടിച്ച് അകത്തുകടന്നു. അവിടെയായിരുന്നു ഡോക്ടറുടെ അമ്മയും മകനും ഉറങ്ങിയിരുന്നത്. അമ്മയെ വിളിച്ചുണര്‍ത്തി മോഷ്ടാക്കള്‍ പറഞ്ഞു-”മോഷ്ടിക്കാന്‍ കയറിയതാണ്. ഒച്ചയുണ്ടാക്കരുത്.”

പിന്നീട് അവിടെയുറങ്ങിയ മകനെയും വിളിച്ചുണര്‍ത്തി കൂടെക്കൂട്ടി ഡോക്ടറും ഭാര്യയും ഉറങ്ങുന്ന മുകള്‍നിലയിലെ മുറിയിലേക്ക് പോയി. മകനെക്കൊണ്ട് അച്ഛനെയും അമ്മനെയും വിളിപ്പിച്ചു. മകന്‍ വിളിക്കുന്നത് കേട്ട് വാതില്‍തുറന്ന ഡോക്ടറുടെ മുന്നില്‍ എത്തിയത് മൂന്ന് മോഷ്ടാക്കള്‍. ഒരാള്‍ താഴത്തെ നിലയില്‍ അമ്മ ഒച്ചയുണ്ടാക്കാതിരിക്കാനായി കാവലിരിക്കുകയായിരുന്നു.

മകനെ അച്ഛനമ്മമാരുടെ അടുത്തേക്കുവിട്ട് മോഷ്ടാക്കള്‍ പറഞ്ഞു- ”ഞങ്ങള്‍ മോഷ്ടിക്കാന്‍ കയറിയതാണ്. സഹകരിക്കണം. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും അതാണ് നല്ലത്”.

പണവും സ്വര്‍ണവും എവിടെയെന്ന ചോദ്യത്തിന് അതൊന്നുമില്ലെന്നായിരുന്നു ഡോക്ടറുടെയും ഭാര്യയുടെയും മറുപടി. ഉണ്ടെന്ന് ഞങ്ങള്‍ക്കറിയാമല്ലോ, അതുറപ്പാക്കിയല്ലേ ഈ പണിക്കെത്തിയത് എന്നുപറഞ്ഞ മോഷ്ടാക്കള്‍ മുറി മുഴുവന്‍ അരിച്ചുപെറുക്കി. അലമാരിയിലെ വസ്ത്രങ്ങളെല്ലാം വലിച്ചുവാരിയിട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒന്നും കാണാത്തതിനാല്‍ കുപിതരായി നില്‍ക്കുമ്പോഴാണ് അലമാരയുടെ പുറത്ത് കരടിക്കുട്ടിയുടെ ബൊമ്മ കണ്ടത്. ഒന്നും കണ്ടെത്താതെ നിന്ന മോഷ്ടാക്കളിലൊരാള്‍ അരിശംപൂണ്ട് അരിവാള്‍ കൊണ്ട് ബൊമ്മയെ വെട്ടി. അപ്പോള്‍ ബൊമ്മയുടെ വയറ്റില്‍നിന്ന് സ്വര്‍ണാഭരണങ്ങളും അഞ്ചെട്ടുകെട്ട് നോട്ടും താഴെവീണു. 30 പവന്‍ സ്വര്‍ണവും 80,000 രൂപയും!

അതെല്ലാം എടുത്തിറങ്ങിയ മോഷ്ടാക്കള്‍ സി.സി.ടി.വി.യുടെ ഹാര്‍ഡ് ഡിസ്‌കും എടുത്തു. എന്നിട്ട് പറഞ്ഞു -”ഇത് എനിക്ക് വേണം. ഇത് ഞാനെടുക്കുവാ”!

മണ്ണുത്തി പോലീസ്സ്റ്റേഷന്‍ പരിധിയിലെ മുല്ലക്കര ഡോണ്‍ബോസ്‌കോ സ്‌കൂളിന് എതിര്‍വശം ഡോ. ക്രിസ്റ്റോയുടെ വീട്ടില്‍ വെളുപ്പിന് മൂന്നിന് മോഷണം അരങ്ങേറുമ്പോള്‍ പുറത്ത് വേറൊരു ‘നാടകം’ അരങ്ങേറുന്നുണ്ടായിരുന്നു.

വീടിന് നേരെ മുന്നില്‍ ഹൈവേയുടെ ഓരത്ത് ഒരു കാര്‍ കിടക്കുന്നുണ്ടായിരുന്നു. രാത്രി അതുവഴി വന്ന റോന്ത് പോലീസിന് സംശയം തോന്നി കാറുകാരന്റെ അടുത്തെത്തി. കാര്യം തിരക്കി. ദൂരയാത്ര കഴിഞ്ഞ് വരുകയാണെന്നും ഉറക്കം തോന്നിയതിനാല്‍ നിര്‍ത്തിയതാണെന്നുമായിരുന്നു മറുപടി.

വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ എല്ലാം കൃത്യം. നന്നായി ഉറങ്ങിയ ശേഷം പോയാല്‍ മതിയെന്ന ഉപദേശം നല്‍കിയാണ് പോലീസ് മടങ്ങിയത്. കെ.എ.51എം- 1093 എന്ന കാര്‍ നമ്പര്‍ പോലീസ് ഓര്‍ത്തുവെച്ചത് നന്നായി. ഇപ്പോള്‍ കേസില്‍ അത് മാത്രമാണ് തുമ്പ്.

മോഷണം നടന്ന വീട്ടിലെത്തിച്ച പോലീസ് നായ മണംപിടിച്ചോടിയതും ഈ കാര്‍ നിര്‍ത്തിയ ഇടം വരെ. എന്തായാലും കര്‍ണാടക രജിസ്‌ട്രേഷനുള്ള കാറില്‍ എത്തിയത് തമിഴ്‌നാട്ടുകാരാണെന്ന സൂചന പോലീസിന് കിട്ടിയിട്ടുണ്ട്. പക്ഷേ, അവര്‍ ഡോക്ടറുടെ വീട്ടില്‍ സംസാരിച്ചത് മുഴുവന്‍ ഇംഗ്ലീഷിലായിരുന്നു.