ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ താലിബാന്‍ കവര്‍ച്ച ചെയ്തത് ഒരു രാജ്യത്തിന്റെ അധികാരം മാത്രമല്ല ആയുധങ്ങള്‍ കൂടിയാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നും എത്തിച്ചിരുന്ന പല ആയുധങ്ങളും ഇപ്പോള്‍ താലിബാന്റെ അധീനതയിലാണ്. ഇത്തരം ആയുധങ്ങള്‍ താലിബാന്റെ പിന്തുണയുള്ള സംഘങ്ങള്‍ക്ക് അവര്‍ കൈമാറിയേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അഫ്ഗാന്‍ സൈന്യത്തില്‍നിന്നും താലിബാന്‍ പിടിച്ചെടുത്ത അമേരിക്കന്‍ ആയുധങ്ങള്‍ പാകിസ്താനില്‍ കലാപത്തിന് ഉപയോഗിച്ചേക്കാമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഇത്തരത്തിലുള്ള ആയുധങ്ങള്‍ പാകിസ്താനില്‍ കലാപത്തിനായി ഉപയോഗപ്പെടുത്തിയേക്കാമെന്ന ആശങ്ക ചില സൈനിക ഉദ്യോഗസ്ഥര്‍ പങ്ക് വെച്ചിട്ടുണ്ട്. താലിബാന്റെ പിന്തുണയുള്ള പാകിസ്താന്‍ സൈന്യത്തിനും തീവ്രവാദി സംഘങ്ങള്‍ക്കും ഇത്തരത്തില്‍ ആയുധങ്ങള്‍ നിലവില്‍ ലഭിക്കുന്നുണ്ട്.

താലിബാന് മുന്നില്‍ കീഴടങ്ങിയ അഫ്ഗാന്‍ സൈന്യം തങ്ങളുടെ ആയുധങ്ങള്‍ ഉള്‍പ്പെടെ താലിബാന് കൈമാറിയിരുന്നു. ഐ.എസ്.ഐ പിന്തുണയുള്ള പാകിസ്താനിലെ തീവ്രവാദി സംഘങ്ങള്‍ക്ക് അഫ്ഗാനിലെ താലിബാന്റെ വിജയം കൂടുതല്‍ കരുത്തേകിയിട്ടുണ്ട്. അഞ്ച് ലക്ഷം എം-16, എം-4 അസോള്‍ട്ട് റൈഫിളുകള്‍, അമേരിക്കന്‍ ലൈറ്റ് മെഷീന്‍ ഗണ്‍ തുടങ്ങിയവ താലിബാന്റെ പക്കലുണ്ട്. ഹംവീവ്‌സ് ഉള്‍പ്പെടെയുള്ള, ആയുധങ്ങള്‍ ഉള്‍പ്പെട്ട 2000 വാഹനങ്ങള്‍ പാകിസ്താനി താലിബാന്‍ ഘടകങ്ങള്‍ക്കും, ബലൂചി മേഖലയിലെ കാശ്മീര്‍ വിഘടനവാദികള്‍, തീവ്രവാദികള്‍ എന്നിവര്‍ക്ക് ഗുണകരമാകുമെന്ന് ജയിന്‍സിലെ ടെററിസം ആന്‍ഡ് ഇന്‍സര്‍ജെന്‍സി തലവനായ മാത്യു ഹെന്‍മാന്‍ പറഞ്ഞു.

വലിപ്പമേറിയ സൈനിക ഉപകരണങ്ങള്‍ താലിബാനോ പാകിസ്താന്‍ സൈന്യമോ ഉപയോഗിച്ചാല്‍ തിരിച്ചറിയാന്‍ കഴിയുമെങ്കിലും ചെറിയ ആയുധങ്ങള്‍ വളരെ എളുപ്പത്തില്‍ അഫ്ഗാനിസ്താന്റെ പുറത്ത് ഉപയോഗിക്കാന്‍ കഴിയും. ഇത്തരത്തിലുള്ള ആയുധങ്ങള്‍ കാശ്മീരിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സുരക്ഷാ സേനയെ കാശ്മീരില്‍ വിന്യസിച്ചിട്ടുണ്ട്.