കര്‍ഷകാത്മഹത്യകള്‍ തുടര്‍ക്കഥയായ രാജ്യത്ത് നീതിക്കായി മരണശേഷവും തുടരുന്ന പ്രതീകാത്മക പോരാട്ടവുമായി കര്‍ഷകര്‍. കടക്കെണിയില്‍ കുടുങ്ങി ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടികളുമായി തമിഴ്നാട്ടില്‍ നിന്നുള്ള കര്‍ഷകരാണ് രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ആത്മഹത്യയല്ലാതെ മറ്റുമാര്‍ഗമില്ലെന്നാണ് കര്‍ഷകരുടെ ആവലാതി.അന്നം വച്ചുതരുന്ന രാജലക്ഷ്മി അമ്മയുടെ കണ്ണീര്‍. തിരിച്ചിറപ്പള്ളിയിലെ നെല്‍പ്പാടത്ത് അരനൂറ്റാണ്ടായി രാജലക്ഷ്മിയമ്മ ഉപജീവനമാര്‍ഗം തേടുന്നു. പക്ഷേ, കഴിഞ്ഞ മൂന്നുവര്‍ഷമായി ജീവിതത്തിന്‍റെ പ്രതീക്ഷയറ്റിരിക്കയാണ്. വിണ്ടുണങ്ങിയ നെല്‍പ്പാടങ്ങളും കരിഞ്ഞുണങ്ങിയ പ്രതീക്ഷകളും. വെള്ളം കിട്ടാതായപ്പോള്‍ പലായനമായിരുന്നു ആദ്യ ഉദ്ദേശം. പക്ഷേ, അപ്പൊഴേക്കും മകനുള്‍പ്പെടെ പ്രിയപ്പെട്ടവരില്‍ പലരും ജീവിതത്തില്‍ നിന്നു തന്നെ പലായനം ചെയ്തു.

Image result for Farmers-protest-with-dead-farmers-skull
കടക്കെണിയില്‍ കുടുങ്ങി ജീവനൊടുക്കിയ കര്‍ഷകരുടെ തലയോട്ടിയുമായാണ് തമിഴ്നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ രാജ്യതലസ്ഥാനത്ത് പ്രതിഷേധസമരം നടത്തുന്നത്. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക, കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രതിമാസ പെന്‍ഷന്‍, തമിഴ്നാടിനെ മരുഭൂമിയാക്കാനുള്ള നടപടികള്‍ ഉപേക്ഷിക്കുക, കാവേരി നദിയിലെ നീരൊഴുക്കു വര്‍ധിപ്പിക്കുക, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പാദനച്ചെലവിന് ആനുപാതികമായ വില ലഭ്യമാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.
നൂറു ദിവസം നീളുന്ന നിരാഹാര സമരത്തില്‍ ആയിരത്തോളം കര്‍ഷകര്‍ പങ്കെടുക്കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ നാന്നൂറോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തെന്നാണ് ദക്ഷിണേന്ത്യ നദീ സംയോജന കര്‍ഷക സംഘം പറയുന്നത്.

Image result for Farmers-protest-with-dead-farmers-skull
ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ ഉറപ്പ് പാഴായെന്നും ഇവര്‍ ആരോപിക്കുന്നു. നിലവിലെ പ്രശ്നങ്ങള്‍, സംസ്ഥാനസര്‍ക്കാരിന്‍റെ പരിധിക്ക് പുറത്തുള്ളതാണെന്നും അതിനാല്‍ ‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.