ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ഓട്ടോട്രേഡറും, ഗംട്രീയും പോലുള്ള വെബ്സൈറ്റുകളിൽ പരസ്യം ചെയ്ത് കാറുകൾ വിൽക്കുന്ന മലയാളികൾ തട്ടിപ്പിനിരയാകുന്നു. അങ്ങനെ തട്ടിപ്പിനിരയായ ഒരു വ്യക്തി മാധ്യമങ്ങളിൽ തന്റെ അനുഭവം വിവരിക്കുന്നുണ്ട്. തനിക്ക് കാർ വിൽക്കാനായി വെബ്സൈറ്റിൽ പരസ്യം ചെയ്തതായി അദ്ദേഹം പറയുന്നു. അതനുസരിച്ച് മൂന്ന് പേർ തന്റെ വീട്ടിൽ വരികയും, കാർ പരിശോധിക്കുന്നതിനായി ആവശ്യപ്പെടുകയും ചെയ്തു. അവർ ബോണറ്റ് തുറക്കുകയും, കാർ മുഴുവൻ പരിശോധിക്കുകയും ചെയ്തു. കുറച്ചു കഴിഞ്ഞു കാർ സ്റ്റാർട്ട് ചെയ്യാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടപ്പോൾ, കാർ സ്റ്റാർട്ട്‌ ആയി എങ്കിലും ശരിയായ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. സംശയം തോന്നിയ കാർ ഉടമ തന്റെ കാർ വിൽക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് അവരോട് പറഞ്ഞു. വന്ന മൂന്ന് പേർ കാർ വിൽക്കാനായി അദ്ദേഹത്തെ പ്രേരിപ്പിച്ചു.

കാറിന്റെ ഹെഡ് ഗ്യാസ്‌കെറ്റ് തകരാറിലാണെന്നും, കുറഞ്ഞവിലയ്ക്ക് തങ്ങൾ കാർ വാങ്ങിക്കൊള്ളാം എന്നും അവർ പറഞ്ഞതായി വാഹന ഉടമ വ്യക്തമാക്കി. എന്നാൽ തന്റെ കാർ വിൽക്കുവാൻ ആഗ്രഹിക്കുന്നില്ലെന്ന് വാഹനഉടമ ശക്തമായി പറഞ്ഞു. അപ്പോൾ അവർ നഷ്ടപരിഹാരമായി 100 പൗണ്ട് ആവശ്യപ്പെട്ടു. വാഹന ഉടമയും വന്നവരും തമ്മിൽ വാക്കേറ്റമുണ്ടായി. വാഹന കുടുംബ ഫോൺ ചെയ്യാനായി അകത്തേക്ക് പോയ സമയം കൊണ്ട് ഇവർ പതിയെ അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു.


വാഹന ഉടമയുടെ ശ്രദ്ധ ഇല്ലാതിരുന്ന സമയത്ത്, കാറിന്റെ എൻജിൻ കണക്ഷൻ വിടുവിക്കയും, കൂളന്റിൽ ഓയിൽ ഒഴിക്കുകയും ചെയ്തത് കാറ് വാങ്ങാൻ വന്ന മൂന്ന്പേരിൽ ഒരാളായിരുന്നു. ഈ തട്ടിപ്പിനെതിരെ വാഹന ഉടമ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾ വർദ്ധിച്ചുവരുന്നതായും എല്ലാവരും ശ്രദ്ധയോടെ ഇരിക്കണം എന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.