ഷിബു മാത്യൂ

സീറോ മലബാര്‍ സഭയുടെ കീഴില്‍ ബ്രിട്ടണ്‍ കേന്ദ്രീകൃതമായി ഒരു രൂപത രൂപീകൃതമായിട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ രൂപതയ്ക്ക് വിശ്വാസികളുടെയും അഭ്യുദയകാംക്ഷികളുടെയും പ്രതീക്ഷകളെ എത്രമാത്രം സഫലമാക്കാന്‍ സാധിക്കുന്നു എന്നൊരു വിലയിരുത്തലിന് പ്രസക്തിയേറുകയാണ്. പുതിയ രൂപതയും രൂപതാദ്ധ്യക്ഷനും നേരിടുന്ന വെല്ലുവിളികള്‍ നിസ്സാരമല്ലെങ്കിലും ബ്രിട്ടണ്‍ പോലൊരു രാജ്യത്ത് രൂപതാ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുക എന്നത് ദുഷ്‌കരമാണെന്ന തിരിച്ചറിവോടുകൂടിത്തന്നെ ഒരു പിന്നോട്ടു നോട്ടം പ്രസക്തമാണ്.

വളരെയേറെ ആവേശത്തോടും പ്രതീക്ഷയോടുമാണ് യുകെയിലെ സീറോ മലബാര്‍ വിശ്വാസികള്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയെ വരവേറ്റത്. പരിമിതികള്‍ക്കുള്ളില്‍ നിന്നും അന്നത്തെ ആവേശം കെടാതെ സൂക്ഷിക്കേണ്ട കൊച്ചു കൊച്ചു കാല്‍വയ്പുകള്‍ ഉണ്ടാകേണ്ടതായിരുന്നു. ഇതില്‍ പ്രധാനപ്പെട്ടതാണ് ഒരു രൂപതയെ സംബന്ധിച്ചിടത്തോളം അതിന്റെ അടിത്തറയായ ഇടവക രൂപീകരണത്തിനുള്ള ശ്രമങ്ങള്‍. കഴിഞ്ഞ ഒരു വര്‍ഷത്തെ കാലയളവിനുള്ളില്‍ പുതതായി ഒരു ഇടവകയെങ്കിലും രൂപീകരിക്കാന്‍ സാധിക്കുമായിരുന്നെങ്കില്‍ അത് അഭിമാനകരമായ നേട്ടം തന്നെയായിരുന്നു.

സീറോ മലബാര്‍ സഭയിലെ ബ്രിട്ടണ്‍ മൊത്തത്തിലുള്ള സാഹചര്യം വിലയിരുത്തിയാല്‍ വിശ്വാസികള്‍ വിവിധ കുര്‍ബാന സെന്ററുകളിലായി ചിതറിക്കിടക്കുന്നതായും വൈദീകര്‍ കുര്‍ബാന അര്‍പ്പിക്കാന്‍ കുര്‍ബാന സെന്ററുകള്‍ക്കിടയില്‍ ഓടി നടക്കുന്നതുമായ കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ബഹു ഭൂരിഭാഗം കുര്‍ബാന സെന്ററുകളിലും മാസത്തില്‍ ഒരു കുര്‍ബാനയും കുട്ടികള്‍ക്കായി പരിമിതമായ വേദ പഠനവുമാണ് നടത്തുന്നത്. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ലിവര്‍പ്പൂള്‍, മാഞ്ചെസ്റ്റര്‍, ബര്‍മ്മിംഗ്ഹാം തുടങ്ങിയ സ്ഥലങ്ങളില്‍പ്പോലും കുര്‍ബാന സെന്ററുകള്‍ ഏകോപ്പിക്കാന്‍ കാര്യമായ ശ്രമങ്ങളുണ്ടായിട്ടില്ല. സ്‌കോട്‌ലാന്റിലെയും വെയില്‍സിലെയും സ്ഥിതിയും വ്യത്യസ്ഥമല്ല.

ബ്രിട്ടണിലെ മറ്റൊരു പ്രധാനപ്പെട്ട മലയാളി കുടിയേറ്റ കേന്ദ്രമായ ലെസ്റ്ററിലാവട്ടെ സീറോമലബാര്‍ സഭയുടെ ചട്ടക്കൂടിന് പുറത്ത് നിന്നിരുന്ന കുര്‍ബാന സെന്റര്‍ കുറെക്കാലമായി ഒരു നാഥനില്ലാക്കളരിയായിരിക്കുകയായിരുന്നു. കുര്‍ബാന സെന്ററുകള്‍ വളര്‍ന്ന് ഇടവക രൂപീകരണത്തിലെത്തുന്നില്ലെങ്കില്‍ സഭയ്‌ക്കോ വിശ്വാസികള്‍ക്കോ ആത്മീയ തലത്തിലോ ഭൗതീകമായോ വളര്‍ച്ച സാധ്യമല്ല. കുര്‍ബാന സെന്ററുകളെ ഏകോപിപ്പിച്ച് ഇടവകയാക്കിയാല്‍ വിശ്വാസികള്‍ക്ക് കൂടുതലായി യാത്ര ചെയ്യേണ്ടി വരിക പതിനഞ്ചോ ഇരുപതോ മിനിറ്റായിരിക്കാം. നാട്ടില്‍ വിശ്വാസത്തിനായി കിലോമീറ്ററുകള്‍ നടക്കാറുണ്ടായിരുന്ന പൂര്‍വ്വീകരേയും നമ്മുടെ കുട്ടിക്കാലവും കണക്കിലെടുത്താല്‍ പത്തോ ഇരുപത് മിനിറ്റ് കാര്‍ യാത്ര അത്ര വിഷമം പിടിച്ചതാവില്ല. മാത്രമല്ല കുര്‍ബാന സെന്ററുകളുടെ ഏകോപനത്തിലൂടെയും ഇടവക രുപീകരണത്തിലൂടെയുമാണ് വൈദീകര്‍ക്ക് വിശ്വാസികളുടെ ആദ്ധ്യാത്മിക ആവശ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ സാധിക്കുക.

ഇതിലൂടെ ഇന്ന് പ്രവാസി സമൂഹത്തില്‍ കാണുന്ന സ്വയം പ്രഖ്യാപിത വൈദീകരുടെ സ്വാധീനം കുറയ്ക്കാനും വിശ്വാസികളുടെ വികാരങ്ങളെ മുറിവേല്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ അവസാനിപ്പിക്കാനും സാധിക്കും. സഭയുടെ സംവിധാനങ്ങള്‍ യുകെയില്‍ വരുന്നതിന് മുമ്പ് പല അല്‍മായരും തെറ്റായ ഉദ്ദേശ ശുദ്ധിയോടു കൂടി സമൂഹത്തില്‍ തങ്ങളുടെ സ്വാധീനമുറപ്പിക്കാനായി സ്വയം പ്രഖ്യാപിത വൈദീകര്‍ ചമയുകയുമുണ്ടായി. ഇവരാണ് പിന്നീട് യു കെയില്‍ സഭയുടെ വളര്‍ച്ചയ്ക്ക് പലവിധത്തിലുള്ള പ്രതിബന്ധങ്ങളും സൃഷ്ടിച്ചത്. സമൂഹത്തില്‍ തങ്ങള്‍ക്കുണ്ടായിരുന്ന സ്ഥാനവും സ്വാധീനവും നഷ്ടപ്പെടുമോ എന്ന ഭയമാണ് ഇവരെ ഇതിന് പ്രേരിപ്പിക്കുന്നത്.

ആള്‍ ദൈവങ്ങളെ കണ്ട് ശീലിച്ച നമുക്ക് സ്വയം പ്രഖ്യാപിത വൈദീകര്‍ പുതുമയല്ലെങ്കിലും ഒരു സ്വയം പ്രഖ്യാപിത വൈദീകന്‍ ഒരു ബിഷപ്പിനെ കൊണ്ടുവന്നു നടത്തിയ താരജാഡ നന്നായി പൊയ്‌ക്കൊണ്ടിരുന്ന ഒരു പ്രാദേശീക സമൂഹത്തില്‍ വരുത്തിവെച്ച കുഴപ്പങ്ങള്‍ ചില്ലറയല്ല.

ഇവിടെയാണ് പൊന്നേത്ത് മോഡലിന് പ്രസക്തിയേറുന്നതും സീറോ മലബാര്‍ സഭയുടെ കീഴില്‍ ലീഡ്‌സ് കേന്ദ്രീകരിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകയാകുന്നതും.

എന്തുകൊണ്ട് പൊന്നേത്ത് മോഡലും ലീഡ്‌സും? ലീഡ്‌സ് പോലുള്ള സ്ഥലങ്ങളില്‍ ഇടവക ലഭിക്കാന്‍ വിശ്വാസികള്‍ എത്ര കാലം കാത്തിരിക്കണം????

ലോക കത്തോലിക്കാ സഭയില്‍ ഏറ്റവുംസജ്ജീവമായ റീത്തുകളില്‍ ഒന്നാണ് സീറോ മലബാര്‍ സഭയുടേത്. കേരളത്തില്‍ പ്രാദേശീകമായി രൂപമെടുത്ത സീറോ മലബാര്‍ സഭ മലയാളികളുടെ കുടിയേറ്റത്തെ പിന്‍തുടര്‍ന്ന് ഇന്ത്യയുടെ പല ഭാഗത്തും പല വിദേശ രാജ്യങ്ങളിലും സ്വാധീനമുറപ്പിക്കുകയായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനവും ഈ നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി ബ്രിട്ടണിലേയ്ക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉണ്ടായ സീറോ മലബാര്‍ വിശ്വാസികളുടെ ഒഴുക്ക് ആണ് ബ്രിട്ടണ്‍ കേന്ദ്രീകൃതമായി സീറോ മലബാര്‍ വിശ്വാസികള്‍ക്കായി ഒരു രൂപതയെന്ന ആശയത്തിന് തുടക്കം. ആരാധനയിലും വിശ്വാസത്തിലുമുള്ള പാരമ്പര്യവും പൈതൃകവും സംരക്ഷിക്കാനും മാതൃഭാഷയിലുള്ള ആരാധന ക്രമത്തിലൂടെ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ദൈവാരാധാന നടത്താനുമുള്ള അവകാശത്തേക്കുറിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ മാര്‍ഗ്ഗരേഖ സീറോ മലബാര്‍ സഭയുടെ വിദേശ രാജ്യങ്ങളിലെ രൂപതയ്ക്ക് അടിത്തറയേകി. ബ്രിട്ടണ്‍ ആസ്ഥാനമായി രൂപതയുണ്ടാകുന്നതിന് വളരെ മുമ്പുതന്നെ വൈദീകരുടെയും വിശ്വാസികളുടെയും നേതൃത്വത്തില്‍ സഭാതലത്തിലുള്ള ഏകോപനത്തോടു കൂടി തന്നെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും കുട്ടികള്‍ക്കായി വേദപഠനം നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു. ഭൂരിഭാഗം കുര്‍ബാന സെന്ററുകളിലും വിശുദ്ധ കുര്‍ബാനയും വേദ പഠനവും മാസത്തില്‍ ഒന്ന് എന്ന നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെയാണ് ലീഡ്‌സിലെ പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്ഥമാകുന്നതും ബ്രിട്ടണ്‍ മുഴുവന്‍ മാതൃകയാകുന്നതും.

ഭൂമിശാസ്ത്രപരമായി നോക്കുകയാണെങ്കില്‍ മലയാളികള്‍ കുടിയേറിയ ബ്രിട്ടണിലെ മറ്റു പല സ്ഥലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ലീഡ്‌സിലെ സാഹചര്യങ്ങള്‍ സഭയുടെ വളര്‍ച്ചയ്ക്ക് അനുകൂലമായിരുന്നില്ല. വെസ്റ്റ് യോര്‍ക്ഷയറിലെ വിവിധ ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലുമായി അമ്പതോളം മൈല്‍ ചുറ്റളവില്‍ വിശ്വാസികള്‍ ചിതറിക്കിടക്കുകയാണ്. പക്ഷേ, ഈ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ലീഡ്‌സിലെ വിശ്വാസികള്‍ ഫാ. ജോസഫ് പൊന്നേത്തിന്റെ നേതൃത്വത്തില്‍ സഭയുടെയും വിശ്വാസത്തിന്റെയും വളര്‍ച്ചയ്ക്ക് ഒരു ഇടവക എന്ന സങ്കല്പത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ആറ് കുര്‍ബാന സെന്ററുകളെ ഏകോപ്പിച്ച് എല്ലാവര്‍ക്കും സൗകര്യപ്രദമായ ലീഡ്‌സില്‍ കുര്‍ബാന സെന്റര്‍ ആരംഭിക്കുകയും അതുവഴിയായി മാസത്തില്‍ ഒരു തവണ വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളാന്‍ അവസരമുണ്ടായിരുന്ന വിശ്വാസികള്‍ക്ക് അഴ്ചയിലെ എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളാന്‍ സൗകര്യം ഒരുക്കുകയും അതുപോലെ കുട്ടികള്‍ക്കായുള്ള വേദപഠനം എല്ലാ ഞായറാഴ്ചകളിലും വളരെ ആസൂത്രിതമായ രീതിയില്‍ നടത്തുകയുമായിരുന്നു.

പരിശീലനം സിദ്ധിച്ച കാര്യക്ഷമതയുള്ള മുപ്പതോളം അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് വേദ പഠന ക്ലാസുകള്‍ നടക്കുന്നത്. ഇതിനു പുറമേ, കേരളത്തിലെ ഒരിടവകയില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ലീഡ്‌സില്‍ തുടക്കമിട്ടു. യുവാക്കള്‍ക്കായുള്ള വേദികളും മാതൃദീപ്തിയും ഇത്തരത്തില്‍ എടുത്തു പറയേണ്ട പ്രവര്‍ത്തനങ്ങളാണ്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി ലീഡ്‌സ് രൂപതയിലെ വിശ്വാസികളെ മൊത്തത്തില്‍ ഉള്‍പ്പെടുത്തി ബൈബിള്‍ കലോത്സവം, സാമൂഹിക ശാക്തീകരണം ലക്ഷ്യമാക്കി ചാപ്‌ളിയന്‍സി ഡേ എന്നിവ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഫാ പൊന്നേത്ത് തുടക്കമിട്ട പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം തിരിച്ച് ഇന്ത്യയില്‍ പോയതിനു ശേഷവും പുതുതായി വന്ന ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. മാത്യൂ മുളയോലിയുടെ നേതൃത്വത്തില്‍ കൂടുതല്‍ ഭംഗിയായി നടക്കുന്നു എന്നത് ആസൂത്രണമികവോടുകൂടിയുള്ള വ്യവസ്ഥാപിത സംവിധാനത്തിന് ലഭിക്കുന്ന സ്വീകാര്യതയും പ്രവര്‍ത്തനമികവും തെളിയിക്കുന്നു.

ലീഡ്‌സില്‍ കഴിഞ്ഞ ഏതാനും നാളുകളായി മാസത്തിലൊരിക്കല്‍ നടക്കുന്ന ചാരിറ്റി ഈവെന്റുകള്‍ വിശ്വാസികളുടെ സാമൂഹിക പ്രതിബന്ധതയ്ക്ക് ഉദാഹരണമാണ്.

മുകളില്‍ വിവരിച്ച നേട്ടങ്ങള്‍ ഒരു സുപ്രഭാതത്തില്‍ ഉദയം ചെയ്തതായിരുന്നില്ല. വ്യക്തമായ ആസൂത്രണവും, ദീര്‍ഘവീക്ഷണവും കഠിനാധ്വാനവും ഇതിന് പിന്നിലുണ്ടായിരുന്നു. അമ്പത് മൈല്‍ ചുറ്റളവില്‍ ചിതറിക്കിടക്കുന്ന വിശ്വാസികളെ ഏകോപിപ്പിക്കുക എന്നത് ഫാ. പൊന്നേത്തിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയായിരുന്നു. അതിനായി വിശ്വാസികളെ പരസ്പരം പരിചയപ്പെടുത്തുന്നതിനായി എല്ലാ കുര്‍ബാന സെന്ററുകളെയും ഏകോപിപ്പിച്ച് ചാപ്ലിന്‍സി ഡേയും ബൈബിള്‍ കലാത്സവും തുടങ്ങിയ പല പരിപാടികളും വര്‍ഷങ്ങളായി സംഘടിപ്പിച്ചു. പരസ്പരം അടുക്കുകയും പരിചയപ്പെടുകയും ചെയ്തപ്പോള്‍ വിശ്വാസികള്‍ക്ക് അകലം ഒരു പ്രതിബന്ധമാകാതിരിക്കുകയും സമൂഹ നന്മയ്ക്കായി ഒന്നിക്കാനുള്ള ആവേശവും അര്‍പ്പണബോധവും കൈവരുകയും ചെയ്തു.

ലീഡ്‌സ് രൂപതയില്‍ നിന്ന് സീറോ മലബാര്‍ വിശ്വാസികളുടെ സ്വതന്ത്ര ഉപയോഗത്തിനായി ഒരു ദേവാലയം നേടിയെടുത്തത് ഫാ. പൊന്നേത്തിന്റെ വ്യക്തിപരമായ നേട്ടമാണ്. കുറഞ്ഞ കാലം കൊണ്ട് രൂപതാ സംവിധാനങ്ങളെ നിയന്ത്രിക്കുന്ന പാരീഷ് കൗണ്‍സിലില്‍ അംഗത്വം ലഭിച്ചതിലൂടെ കൈവന്ന ബന്ധങ്ങള്‍ ഇതിന് മുതല്‍ക്കൂട്ടായി. ഇത്തരത്തിലുള്ള ആസൂത്രണവും ദീര്‍ഘവീക്ഷണവും കഠിനാധ്വാനവുമാണ് ബ്രിട്ടണിലെ സീറോ മലബാര്‍ സഭയ്ക്ക് ഇന്നാവശ്യം. ഇതിന് ആവേശം പകരാന്‍ ലീഡ്‌സ് പോലെ പ്രവര്‍ത്തന മാതൃക കാട്ടുന്ന സ്ഥലങ്ങളില്‍ ഇടവക പദവി നല്കുകയാണെങ്കില്‍ അത് ബ്രിട്ടണ്‍ മൊത്തത്തിലുള്ള വിശ്വാസികള്‍ക്ക് ആവേശം പകരാന്‍ സഹായകരമാകും.

ബ്രിട്ടണില്‍ സീറോ മലബാര്‍ സഭ വളരണമെങ്കില്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് വിശ്വാസ തീഷ്ണത കൊണ്ട് ഭാരതത്തിലെത്തിയ തോമ്മാശ്ലീഹായുടെ തീഷ്ണതയുള്ള വൈദീക നേതൃത്വമാണ് ആവശ്യം. ഇത്തരത്തിലുള്ള ഒരു വൈദീക നേതൃത്വത്തെ വാര്‍ത്തെടുക്കുന്നതിലൂടെയാണ് ബ്രിട്ടണിലെ സീറോ മലബാര്‍ സഭയുടെ ഭാവി രൂപപ്പെടുന്നത്. ഇവര്‍ക്ക് മാത്രമേ സഭയേയും വിശ്വാസികളെയും നാളെകളില്‍ മാതൃകാപരമായി മുന്നോട്ട് നയിക്കാന്‍ സാധിക്കൂ. ഇതിന് ആവേശം പകരാന്‍ ലീഡ്‌സ് പോലെ മികച്ച പ്രവര്‍ത്തനം നടത്തുന്ന പ്രദേശങ്ങളില്‍ ഇടവകകള്‍ അനുവദിക്കുകയും മാതൃകാപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വൈദീകര്‍ക്ക് ആവശ്യമായ പിന്‍തുണയും പ്രോത്സാഹനവുമാണ് ഇന്നിന്റെ ആവശ്യം.