ജോജി തോമസ്

ബ്രിട്ടനിലെ സീറോ മലബാർ സഭയുടെ രൂപത സ്ഥാപിതമായിട്ട് ഇന്ന് നാലു വർഷങ്ങൾ പൂർത്തിയാകുകയാണ്. സഭയുടെ പ്രവർത്തനങ്ങൾ ഔപചാരികമായി തുടക്കമിട്ടതും , ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ സഭയുടെ ബിഷപ്പായി മാർ . ജോസഫ് സ്രാമ്പിക്കൽ സ്ഥാനമേറ്റതും 2016 ഒക്ടോബർ ഒമ്പതിനായിരുന്നു. നാലു വർഷങ്ങൾ പൂർത്തിയാക്കി അഞ്ചാം വർഷത്തിലേയ്ക്ക് രൂപതയുടെ പ്രവർത്തനങ്ങൾ കടക്കുമ്പോൾ പ്രവർത്തന മികവിലൂടെ വിശ്വാസി കളിലേയ്ക്കും, ജന സമൂഹങ്ങളിലേയ്ക്കും ഇറങ്ങിച്ചെല്ലാൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് രൂപതയെ നയിക്കുന്നവരും, സഭാ അധികൃതരും . വ്യക്തമായ ആസൂത്രണവും , വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റാൻ ഉതകുന്ന പദ്ധതികളിലൂടെയും ചലനാത്മകമായ സഭയെന്ന പ്രതീതി ജനിപ്പിക്കുവാൻ കഴിഞ്ഞ നാലു വർഷങ്ങളിലൂടെ ഗ്രേറ്റ് ബ്രിട്ടൺ രൂപതയ്ക്ക് സാധിച്ചു.


ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ആസൂത്രണ മികവിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ലിവിഗ് സ്റ്റോൺ എന്ന പേരിൽ അറിയപ്പെടുന്ന അഞ്ച് വർഷത്തേയ്ക്കുള്ള പദ്ധതി. കുട്ടികളിൽ ആരംഭിച്ച്, യുവതി യുവാക്കളിലൂടെ വളർന്ന് ദമ്പതി വർഷത്തിലെത്തി നിൽക്കുന്ന ആസൂത്രണത്തിന്റെ വരും വർഷങ്ങളിലേ ഊന്നൽ കുടുംബ കൂട്ടായ്മയും , ഇടവകളുമാണ്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ റീജനൽ , നാഷണൽ ലെവലിൽ സംഘടിപ്പിച്ച ബൈബിൾ കലോത്സവം ജന പങ്കാളിത്തം കൊണ്ട് വളരെയധികം ശ്രദ്ധേയമായിരുന്നു. മൂന്നുവർഷംകൊണ്ട് യൂറോപ്പിലെ ഏറ്റവും ജനപങ്കാളിത്തം ഉള്ള കലാ മേളയായി ബൈബിൾ കലോത്സവത്തെ വളർത്തിക്കൊണ്ടുവരാൻ സാധിച്ചത് നിസ്സാരകാര്യമല്ല . ടോട്ടാ പുൽക്കറ എന്ന പേരിൽ നടന്ന വിമൻ ഫോറം അംഗങ്ങളുടെ മഹാസംഗമവും എണ്ണപ്പെട്ട നേട്ടങ്ങളിലൊന്നാണ്. റീജനൽ തലത്തിൽ നടക്കുന്ന ബൈബിൾ കൺവെൻഷൻ, വാൻസിംഹാമിലേയ്ക്കുള്ള രൂപതയുടെ ഔദ്യോഗിക തീർത്ഥാടനത്തിലെ ജനപങ്കാളിത്തം, എൺപതോളം മിഷനുകളിലും വിവിധ കുർബാന കേന്ദ്രങ്ങളിലും സജീവമായി നടക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങിയവ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭ യു.കെയിൽ ബാലാരിഷ്ടതകൾ പിന്നിട്ട് ശക്തമായി മുന്നോട്ട് കുതിക്കുകയാണെന്നതിൻറെ തെളിവുകളാണ് . രൂപതാ ആസ്ഥാനവും, പാസ്റ്റർ സെൻററും മറ്റും ഭരണപരമായ സൗകര്യത്തിന് , ബർമിംഗ്ഹാമിലേയ്ക്ക് മാറുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രൂപതാ അധ്യക്ഷൻ മാർ .ജോസഫ് സ്രാമ്പിക്കൽ ഇതിനോടകം ബർമിംഗ്ഹാം ആസ്ഥാനമായി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് മലയാളികൾ വളരെയധികം കുടിയേറിയിരിക്കുന്ന ബ്രിട്ടൻ്റെ മധ്യമേഖലയിലെ സഭയുടെ പ്രവർത്തനങ്ങൾ സജീവമാക്കാൻ സഹായിച്ചിട്ടുണ്ട്. രൂപതാധ്യക്ഷൻ്റെ ആത്മീയമായ തീഷ്ണതയും, പ്രാർത്ഥനാനിർഭരമായ ജീവിതവും വിശ്വാസികളെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ദൈനംദിന പ്രാർത്ഥനകളിലും, ബൈബിൾ കൺവെൻഷനുകളിലുമെല്ലാം വിശ്വാസികൾക്ക് പ്രചോദനമായി രൂപതാ അദ്ധ്യക്ഷൻ്റെ സാന്നിധ്യമുണ്ട്. രൂപത സ്ഥാപിതമായി വളരെ കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ മാർ . ജോസഫ് സ്രാമ്പിക്കൽ ബ്രിട്ടനിലെമ്പാടും സഞ്ചരിച്ച് വിശ്വാസികളെ നേരിൽ കണ്ടിരുന്നു.


കോവിഡ് മഹാമാരിയിൽ ലോകം സ്തംഭിച്ചു നിൽക്കുമ്പോൾ അതിനെ ഏറ്റവും ഫലപ്രദമായി നേരിട്ട് വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റാൻ ഗ്രേറ്റ് ബ്രിട്ടൺ രൂപതയ്ക്ക് സാധിച്ചിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകളെ എത്രമാത്രം ഫലപ്രദമായി വിനിയോഗിക്കാം എന്നതിൻറെ നേർക്കാഴ്ചയാണ് കോവിഡ് കാലത്തെ സീറോ മലബാർ സഭയുടെ ബ്രിട്ടണിലേ പ്രവർത്തനങ്ങൾ. മാർ. ജോസഫ് സ്രാമ്പിക്കലിനു കീഴിൽ രൂപതയ്ക്ക് നേതൃത്വം നൽകുന്ന വികാരി ജനറാളുമാരുടെയും മറ്റും യുവത്വം രൂപതയുടെ പ്രവർത്തനങ്ങൾക്ക് ഊർജ്ജസ്വലത പകരാൻ കാരണമായിട്ടുണ്ട് .


ഇങ്ങനെയൊക്കെയാണെങ്കിലും ബ്രിട്ടണിലെ സീറോ മലബാർ സഭ വരുംകാലങ്ങളിൽ നേരിടേണ്ട വെല്ലുവിളികൾ നിരവധിയാണ്. രൂപതയുടെ ഭൂമിശാസ്ത്രപരമായ വലിപ്പം തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. രൂപതയിലെ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോൾ പരിമിതമാണ്. ലീഡ് സ് , ലിവർപൂൾ,ബർമിംഗ്ഹാമ് , പ്രിസ്റ്റൺ തുടങ്ങി വളരെ കുറച്ച് സ്ഥലങ്ങളിലേ സഭയ്ക്ക് സ്വന്തമായി ദേവാലയങ്ങൾ ഉള്ളൂ. വൈദികരുടെ എണ്ണത്തിലുള്ള കുറവ് സഭയുടെ ആത്മീയ മേഖലയിലുള്ള    പ്രവർത്തനങ്ങളിൽ നിഴലിക്കുന്നുണ്ട് .  ബ്രിട്ടനിൽ നിന്നു തന്നെ അജപാലകരുടെ കാര്യത്തിൽ ധാരാളം ദൈവവിളി ഭാവിയിൽ ഉണ്ടാകുമെന്ന ആത്മവിശ്വാസമാണ് രൂപതാ അധ്യക്ഷൻ   മാർ . ജോസഫ് സ്രാമ്പിക്കൽ     പ്രകടിപ്പിക്കുന്നത്. എന്തായാലും ഇത്തരത്തിലുള്ള വെല്ലുവിളികളെ വിശ്വാസികളുടെയും രൂപതാ അധികൃതരുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ നേരിടാമെന്ന ഉറച്ച വിശ്വാസത്തിലാണ് ബ്രിട്ടനിലെ സീറോ മലബാർ സഭ.