കർഷക സമരത്തിന് ലഭിച്ച അഭൂതപൂർവമായ പിന്തുണയുടെ ബലത്തിൽ ഭാരത് ബന്ദ് തുടങ്ങി. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തിൽ ബന്ദുണ്ടാകില്ലെന്നും കരിദിനമായി ആചരിക്കുമെന്നും സംഘടനകൾ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളും നിരവധി ട്രേഡ്യൂനിയനുകളും ഒരു പോലെ പിന്തുണ പ്രഖ്യാപിച്ച ബന്ദിനെ കോവിഡ് മാർഗനിർദേശങ്ങൾ കാണിച്ച് നേരിടാൻ കേന്ദ്ര സർക്കാറും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും നിർദേശങ്ങൾ പുറപ്പെടുവിച്ചു. പഞ്ചാബ്, ഹരിയാന ഒഴികെയുള്ള സംസ്ഥാനങ്ങളിൽ 11 മണിക്കാണ് ബന്ദ് ആരംഭിക്കുക. രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് മണി വരെയുള്ള ബന്ദാചരണം സമാധാനപരമായിരിക്കുമെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി.
കർഷക സമരം ശക്തമായ പഞ്ചാബിന് പുറമെ, ഡൽഹി, ഹരിയാന, രാജസ്ഥാൻ, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തെലങ്കാന, ത്രിപുര, അസം എന്നിവിടങ്ങളിൽ ജനജീവിതത്തെ ബാധിച്ചേക്കും. ഡൽഹിയിലേക്കുള്ള വിവിധ അതിർത്തികൾ സ്തംഭിപ്പിച്ച് 12ാം ദിവസവും സമരം തുടർന്ന കർഷക സംഘടനകൾ ബുധനാഴ്ച സർക്കാറുമായി നാലാം വട്ട ചർച്ച നടത്താനിരിക്കുകയാണ്.
ബന്ദിനെ പിന്തുണച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തിങ്കളാഴ്ച സിംഘു അതിർത്തിയിലെത്തി െഎക്യദാർഢ്യം പ്രഖ്യാപിച്ചു. ബന്ദിന് പിന്തുണ നൽകി തിങ്കളാഴ്ച ഉത്തർപ്രദേശിലുടനീളം റാലികൾ നടത്തിയ സമാജ്വാദി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെയും അനുയായികളെയും യു.പി പൊലീസ് അറസ്റ്റ് ചെയ്തു. പഴം പച്ചക്കറി വ്യാപാരികൾ ബന്ദുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ച ഡൽഹിയിൽ പച്ചക്കറി ചന്തകളെ ബന്ദ് ബാധിക്കും. ബാങ്ക് യൂനിയനുകൾ സർവീസ് തടസപ്പെടുത്താതെ കരിദിനമാചരിക്കും. മോേട്ടാർ ട്രാൻസ്പോർട്ട് യൂനിയനുകളുടെ ബന്ദിനുള്ള പിന്തുണ ചരക്കുനീക്കത്തെ ബാധിക്കും. വഴി തടയുന്നവരെ കർക്കശമായി നേരിടുമെന്ന് ഡൽഹി പൊലീസ് മുന്നറിയിപ്പ് നൽകി.
രാജ്യമൊട്ടുക്കും ദേശീയ പാതകളും ടോൾ പ്ലാസകളും സ്തംഭിപ്പിക്കാൻ ഭാരതീയ കിസാൻ യൂനിയൻ ജനറൽ സെക്രട്ടറി ഹരീന്ദർ സിംഗ് ലഖോവാൾ ആഹ്വാനം െചയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ചാർേട്ടഡ് അക്കൗണ്ടൻറ്സ് ഒാഫ് ഇന്ത്യ തങ്ങളുടെ ഫൗണ്ടേഷൻ പരീക്ഷ 13ലേക്ക് മാറ്റി.
ബന്ദ് പരാജയെപ്പടുത്താൻ വിവിധ ബി.ജെ.പി സർക്കാറുകൾ നീക്കം തുടങ്ങി. പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷ പാർട്ടികളെ ആക്രമിച്ച് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് വാർത്താസമ്മേളനം നടത്തി. അതിന് പ്രതികരണമായി കോൺഗ്രസും പ്രതിപക്ഷവും രംഗത്തുവന്നു.
Leave a Reply