സ്വന്തം ലേഖകൻ
ലണ്ടൻ : കാരുണ്യത്തിന്റെ തൂവൽസ്പർശവുമായി രോഗികൾക്ക് സാന്ത്വനം ഏകുന്ന മാലാഖമാർ. മരുന്നിനൊപ്പം സ്നേഹവും കൂട്ടിയിണക്കി നന്മയുടെ പര്യായമായി നിലകൊള്ളുന്ന നേഴ്സുമാരെ ആദരിക്കാനുള്ള ദിനം ആണിന്ന്. ഈ കൊറോണകാലത്ത് മുന്നണിപോരാളികളായി പടപൊരുതുന്ന അവർ പകരുന്ന നന്മയുടെ സന്ദേശം ലോകമാകെ സുഗന്ധം നിറയ്ക്കുന്നുണ്ട്. സ്വന്തം ജീവനും കുടുംബവും മറന്ന് പോരാടുന്ന മാലാഖമാരെ ആദരിക്കാം. പ്രധാനമായും പ്രവാസിമലയാളികളായി ജോലി ചെയ്യുന്ന നേഴ്സുമാർ. ഈ ധന്യദിനം അവരെ ആദരിക്കാനുള്ളതാകട്ടെ.
ആതുരസേവനത്തിന് കാരുണ്യം എന്നുകൂടി അർത്ഥമുണ്ടെന്ന് ലോകത്തെ പഠിപ്പിച്ച ഫ്ലോറൻസ് നൈറ്റിങ്‍ഗേലിന്റെ 200–ാം ജന്മവാർഷികമാണ് ഇന്ന്. ബ്രിട്ടീഷ് സാമൂഹ്യ പരിഷ്കർത്താക്കളിൽ പ്രധാനിയും ആധുനിക നേഴ്സിങ് സമ്പ്രദായത്തിന്റെ ഉപജ്ഞാതാവുമായ ഈ ധീര വനിതയുടെ ജീവിതം എല്ലാവരെയും ആകർഷിക്കുന്നതാണ്. 1853–56ലെ ക്രൈമിയൻ യുദ്ധത്തിന്റെ അനന്തരഫലമാണ് നേഴ്സിങ് ലോകത്ത് ഇന്നുകാണുന്ന വിപ്ലവകരമായ മാറ്റങ്ങൾ. ഈ യുദ്ധഭൂമിയിൽ മുറിവേറ്റവർക്ക് സാന്ത്വനം നൽകാൻ ഫ്ലോറെൻസ് ഉണ്ടായിരുന്നു. അവരെ മരണത്തിലേക്ക് വിട്ടുകൊടുക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല. രാത്രികാലങ്ങളിൽ പരുക്കേറ്റ സൈനികരുടെ അടുത്ത് റാന്തൽ വിളക്കുമായി അവളെത്തി. അവരെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവന്നു. വിളക്കുമായി സൈനികരുടെ അടുത്തെത്തുന്ന ഫ്ലോറൻസ് നൈറ്റിങ്‍ഗേലിനെ ലണ്ടൻ ടൈംസ് പത്രമാണ് ആദ്യമായി വിളക്കേന്തിയ വനിത എന്ന് വിശേഷിപ്പിച്ചത്. സ്നേഹവും കരുണയും ചൊരിയുന്ന അവർ ഇനിയും മനുഷ്യത്വത്തിന്റെ മുഖമായി നിലകൊള്ളട്ടെ.
ബ്രിട്ടനിൽ കൊറോണ വൈറസ് ബാധിച്ച് ഇന്നലെ 210 പേർ കൂടി മരിച്ചു. കഴിഞ്ഞ ആറാഴ്ചയിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. 32,065 മരണങ്ങളാണ് ഇതുവരെ ഉണ്ടായത്. ആരോഗ്യ പ്രവർത്തകരെക്കാൾ രണ്ടിരട്ടി മരണസാധ്യത സാമൂഹിക പരിപാലന ജോലികൾ ചെയ്യുന്നവർക്കാണെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് -19 മായി ബന്ധപ്പെട്ട് വിശകലനം ചെയ്ത 2,494 മരണങ്ങളിൽ 20 മുതൽ 64 വയസ്സ് വരെ പ്രായമുള്ളവരിൽ മൂന്നിൽ രണ്ട് ഭാഗവും പുരുഷന്മാരാണ്. 63 പേർ സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു. 131 പേർ കെയർ വർക്കർമാരാണ്. എന്നിരുന്നാലും, രോഗികളുമായി വളരെ അടുത്തായിരുന്നിട്ടും, ഡോക്ടർമാരും നേഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ മരണനിരക്ക് കുറവാണ്. മാനേജർമാർ, വിദഗ്ദ്ധരായ വ്യാപാരികൾ, പ്രൊഫഷണലുകൾ എന്നിവരുൾപ്പെടെ മറ്റ് ഗ്രൂപ്പുകളേക്കാൾ കുറഞ്ഞ വൈദഗ്ധ്യമുള്ള ജോലികളിലുള്ള പുരുഷന്മാർ കോവിഡ് -19 ബാധിച്ച് മരിക്കാനുള്ള സാധ്യത കൂടുതലാണ്. ലോക്ക്ഡൗൺ ഇളവുകൾ വരുത്തിയതോടെ അവരെ ജോലി സ്ഥലങ്ങളിൽ സുരക്ഷിതരാക്കാൻ ആവശ്യമായ മാർഗനിർദേശം സർക്കാർ പുറപ്പെടുവിക്കേണ്ടിയിരിക്കുന്നു.
Leave a Reply