വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ ജയ്ശ്രീറാം വിളികളോടെ അഴിഞ്ഞാടി അക്രമികൾ. വടികളും കമ്പിവടികളുമായി അഴിഞ്ഞാടിയ അക്രമികൾ വാഹനങ്ങൾ തകർക്കുകയും വീടുകൾക്ക് തീയിടുകയും ചെയ്തു. അക്രമികൾ ചിലർ പള്ളിക്ക് തീയിട്ടു. ബജന്‍പുര, ജാഫറാബാദ്, മൗജ്പുര്, ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക് എന്നിവടങ്ങളിലാണ് ഇന്ന് വീണ്ടും സംഘർഷം ഉണ്ടായത്. പൗരത്വനിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പരസ്പരം ഏറ്റുമുട്ടി. വ്യപക കല്ലേറുണ്ടായി.
കലാപം അരങ്ങേറുന്ന ഡല്‍ഹിയിലെ ഭീതിദമായ സാഹചര്യം വ്യക്തമാക്കുന്നതാണ് ടൈംസ് ഓഫ് ഇന്ത്യയുടെ ഫോട്ടോ ജേണലിസ്റ്റിനുണ്ടായ അനുഭവം. അനിന്ദ്യ ചതോപാധ്യായെന്ന മാധ്യമപ്രവർത്തകനാണ് തന്റെ മതമേതെന്ന് ചോദിച്ച് അക്രമികളെത്തിയ സംഭവം ടൈംസിൽ വിവരിക്കുന്നത്.
മൗജ്പൂർ മെട്രോ സ്റ്റേഷൻ പരിസരത്ത് ഏതാണ്ട് ഉച്ചയ്ക്ക് 12.15ന് താൻ എത്തിച്ചേർന്നതായി അനിന്ദ്യ പറയുന്നു. ഇതിനിടെ ഒരു ഹിന്ദു സേന പ്രവർത്തകൻ തന്റെയടുക്കൽ വന്ന് തിലകം തൊട്ടു തരാമെന്ന് പറഞ്ഞു. ഇങ്ങനെ ചെയ്താല്‍ ജോലി ചെയ്യൽ ‘എളുപ്പമാകും’ എന്ന് അയാൾ പറഞ്ഞു. തന്റെ ക്യാമറകൾ കണ്ടപ്പോൾ അയാൾ ഇങ്ങനെ പറഞ്ഞു: “സഹോദരാ, നിങ്ങളും ഒരു ഹിന്ദുവല്ലേ. എന്തിനാണ് അങ്ങോട്ട് പോകുന്നത്? ഹിന്ദുക്കൾ ഉണർന്നിരിക്കുകയാണ് ഇന്ന്.”
പതിനഞ്ച് മിനിറ്റുകൾക്കുള്ളിൽ സ്ഥലത്ത് രണ്ട് വിഭാഗങ്ങൾ തമ്മിൽ കലാപം തുടങ്ങിയതായി അനന്ദ്യ പറയുന്നു. മോദി, മോദി എന്നിങ്ങനെ ഉറക്കെ അലറിക്കൊണ്ടാണ് ഒരു വിഭാഗം എത്തിയത്.
താൻ ഫോട്ടോയെടുക്കാൻ തുടങ്ങിയതോടെ മുളദണ്ഡുകളുമായി ചിലർ ഓടിയെത്തി. “നീ നന്നായി അഭിനയിക്കുന്നുണ്ടല്ലോ. നീ ഹിന്ദുവാണോ മുസ്ലിമാണോ?” അവർക്ക് ഉറപ്പ് കിട്ടാൻ തന്റെ പാന്റ്സ് അഴിച്ച് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ക്യാമറ പിടിച്ചു വാങ്ങാൻ ശ്രമിച്ചു.
സ്ഥലത്ത് നിന്ന് മാറുന്നതായിരിക്കും നല്ലതെന്ന് മനസ്സിലാക്കിയ അനിന്ദ്യ ഓഫീസ് വാഹനം തപ്പി. പക്ഷെ, വാഹനത്തെ കാണ്ടെത്താൻ കഴിഞ്ഞില്ല. ഓട്ടോറിക്ഷയിൽ പോകാമെന്ന് വെച്ചു. ഒരു ഓട്ടോക്കാരൻ ഓഫീസിലേക്ക് എത്തിക്കാമെന്ന് പറഞ്ഞു. ഓട്ടോറിക്ഷയുടെ പേര് ശ്രദ്ധിച്ചത് പിന്നീടാണെന്ന് അനിന്ദ്യ പറയുന്നു.
പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. കുറെപ്പേർ ഓട്ടോറിക്ഷ തടഞ്ഞു. അകത്തുള്ള തങ്ങളെയെല്ലാം പിടിച്ച് പുറത്തിറക്കി. താൻ മാധ്യമപ്രവർത്തകനാണെന്നും ഓട്ടോക്കാരൻ പാവമാണെന്നുമെല്ലാം പറഞ്ഞ് ഒരുവിധം ഒഴിവായി.
തങ്ങളെ ഓഫീസിൽ വിട്ട് തിരിച്ചുപോകുമ്പോൾ ഓട്ടോക്കാരനെ ഭയം പിടികൂടിയിരുന്നുവെന്ന് അനിന്ദ്യ എഴുതുന്നു. “ജീവിതത്തിലിന്നുവരെ എന്റെ മതത്തെച്ചൊല്ലി ഇങ്ങനെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല,” അയാൾ പറഞ്ഞു.
ഗോകുല്‍പുരി മേഖലയില്‍ രണ്ടുപേര്‍ക്ക് വെടിയേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൗജ്പുരിൽ അക്രമികൾ മാധ്യമപ്രവർത്തകർക്കെതിരെയും തിരിഞ്ഞു. കലാപം പകർത്തിയ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി കാമറകളിൽനിന്ന് ദൃശ്യങ്ങൾ മായിച്ചു. ഒരു മാധ്യമപ്രവർത്തകന് വെടിയേറ്റു. മൗജ്പുരിൽ ഉച്ചക്ക് 12 ന് ആയിരുന്നു സംഭവം. ഇയാളെ ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദിവസങ്ങളായി തുടർന്ന കലാപം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്. വർഗീയ സംഘർഷത്തിന്റെ തലത്തിലേക്ക് ഇതികം മാറിക്കഴിഞ്ഞു. കേന്ദ്രം 35 കമ്പനി കേന്ദ്ര സേനയേയും രണ്ട് കമ്പനി ദ്രുതകർമ സേനയേയും വിന്യസിച്ചിട്ടുണ്ട്. ഒരു മാസത്തേക്ക് വടക്ക് കിഴക്കന്‍ ഡല്‍ഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വരുന്ന മാർച്ച് 24 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച വീണ്ടും വടക്ക് കിഴക്കന്‍ ഡല്‍ഹിയുടെ വിവിധ മേഖലകളിൽ കല്ലേറുണ്ടായി. ആളുകളുടെ പേര് ചോദിച്ച് തിരിച്ചറിഞ്ഞ് മർദിച്ചു. കടകൾക്കും വീടുകൾക്കും അക്രമികൾ തീവച്ചു. എന്നാൽ പോലീസ് നടപടികളൊന്നുമെടുക്കാതെ നോക്കിനിൽക്കുകയാണ് ചെയ്യുന്നത്. കലാപം ഉണ്ടായതായ വിവരം അറിയിച്ചാൽപോലും സ്ഥലത്തേക്ക് പോലീസ് എത്തുന്നില്ലെന്നും ആരോപണമുണ്ട്.
Leave a Reply