മൂന്നാറിലെ പാപ്പാത്തിച്ചോലയിൽ സർക്കാർ ഭൂമി കൈയേറി കുരിശു സ്ഥാപിച്ച തൃശ്ശൂർ കുരിയച്ചിറ ‘സ്പിരിറ്റ് ഇൻ ജീസസ്’ എന്ന സംഘത്തിന്റെ ചുമതലക്കാരൻ ടോം സഖറിയ അറസ്റ്റ് ഭയന്ന് യുകെയിലേക്ക് പോന്നതായി സൂചനകള്‍. സ്പിരിറ്റ് ഇൻ ജീസസിന്റെ തലോരിലെ ആത്മീയപഠന കേന്ദ്രമായ മരിയൻ കൂടാരത്തിൽ വെള്ളിയാഴ്ച രാവിലെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. ഇവിടെ അന്വേഷിച്ചപ്പോള്‍ ചുമതലക്കാരൻ ടോം സഖറിയ വിദേശപര്യടനത്തിലാണെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച മറുപടി. അന്വേഷണസംഘമെത്തുമ്പോഴും കേന്ദ്രത്തിൽ ഒട്ടേറെ ആളുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ടോം സഖറിയയെ കണ്ടെത്താൻ പൊലീസ് ഇൻർപോളിന്റെ സഹായം തേടുമെന്ന് സൂചനയുണ്ട്.
സ്പിരിറ്റ് ഇൻ ജീസസിനെ കുറിച്ച് തൃശ്ശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിൽ നിന്ന് വിവരങ്ങൾ പൊലീസ് ചോദിച്ചറിഞ്ഞു. കത്തോലിക്കാ സഭ പുറത്താക്കിയ വിശ്വാസക്കൂട്ടായ്മയാണ് സ്പിരിറ്റ് ഇൻ ജീസസ്. ഇടുക്കി രൂപത നടപടിയെടുത്തപ്പോഴാണ് തൃശ്ശൂർ പീച്ചിയിൽ വചന കൂടാരം എന്നപേരിൽ ധ്യാനകേന്ദ്രവുമായി സംഘം എത്തിയത്. ചൂണ്ടലിൽ കൺവെൻഷൻ വിളിച്ചുചേർത്തപ്പോൾ തൃശ്ശൂർ അതിരൂപത ഇവരെ വിലക്കിക്കൊണ്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കേച്ചേരി, പുതുശ്ശേരി, നടത്തറ, മഡോണ നഗർ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലും അന്വേഷണം നടത്തി. ആത്മാക്കളുമായുള്ള ‘സംസാര’ത്തിലൂടെയും ഭാവി പ്രവചനത്തിലൂടെയുമാണ് ഈ സംഘം വളർന്നതെന്നാണ് അറിയുന്നത്. സ്വർഗത്തിലേക്കു പോകാത്ത ആത്മാക്കളോട് സംസാരിക്കാനാകുമെന്നാണ് ഇവരുടെ അവകാശവാദം. അമ്മ എന്നപേരിൽ പുസ്തകവും ഇറക്കിയിരുന്നു. കത്തോലിക്കാ സഭയുടെ വചനപ്രഘോഷകനായിരുന്നു ടോം സഖറിയ. പിന്നീട് സഭയിൽനിന്നു പുറത്താകുകയായിരുന്നു.
മൂന്നാറിൽ മല കയ്യേറ്റം നടത്തിയ ടോം സഖറിയയും ‘സ്വർഗ്ഗത്തിലെ മുത്ത്’ എന്നറിയപ്പെടുന്ന സിന്ധു തോമസും നയിക്കുന്ന പ്രാർത്ഥനാ സംഘത്തിന് യുകെ മലയാളികളിൽ ശക്തമായ വേരോട്ടമാണുള്ളത്. ഈ സാഹചര്യത്തിലാണ് ടോം യുകെയില്‍ എത്താനുള്ള സാധ്യതകൾ പൊലീസ് ചൂണ്ടിക്കാട്ടുന്നത്. ഒരു ദശകത്തിലേറെ ആയി യുകെ യിൽ സജീവ പ്രവർത്തനം നടത്തുന്ന സ്പിരിറ്റ് ഇൻ ജീസസ് ഗ്രൂപ്പിന് പിന്തുണയുള്ള ആളുകള്‍ ഇവിടെ ധാരാളമുണ്ട്. തന്റെ പ്രസ്ഥാനത്തിന് വളരാൻ ഉള്ള വളക്കൂറ് യുകെ മലയാളികൾക്കിടയിൽ ധാരാളം ആണെന്ന് തിരിച്ചറിഞ്ഞ ടോം സഖറിയ ജീസസ് ഇൻ സ്പിരിറ്റിന്റെ അന്താരാഷ്ട്ര പ്രവർത്തന കേന്ദ്രമായി യുകെ യിലെ മാഞ്ചസ്റ്റർ തിരഞ്ഞെടുക്കുകയും ചെയ്തു . മാഞ്ചസ്റ്റർ , ബിർമിങ്ഹാം , ലണ്ടനിലെ വിവിധ നഗരങ്ങൾ എന്നിവിടങ്ങളിലായി ചുരുങ്ങിയത് നൂറോളം സ്ഥലങ്ങളിൽ എങ്കിലും ജീസസ് ഇൻ സ്പിരിറ്റിന് അനുയായികളുണ്ട്.
ഈ സ്ഥലങ്ങളിലായി ചിതറി കിടക്കുന്ന ആയിരത്തോളം കുടുംബങ്ങൾ എങ്കിലും സ്പിരിറ്റ് ഇൻ ജീസസ്‌ന്റെ സജീവ പ്രവർത്തകരാണ് . അംഗങ്ങൾക്കിടയിൽ വ്യാപകമായി പണപ്പിരിവ് നടത്തുന്ന ഈ സംഘത്തിൽ ഉള്ളവർ പെന്തക്കൊസ്ത് വിശ്വാസികളെ പോലെ വരുമാനത്തിൽ ഒരു നിശ്ചിത തുക എല്ലാ മാസവും പ്രവർത്തനത്തിനായി നൽകുന്നുമുണ്ട്. മിക്ക സഭകളിലെയും പോലെ ഈ പണമത്രയും സംഘത്തെ നിയന്ത്രിക്കുന്നവരുടെ സുഖ ലോലുപതയ്ക്കും പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുമായി വിനിയോഗിക്കുക ആണെങ്കിലും ഇതിനെ ആരെങ്കിലും ചോദ്യം ചെയ്യാൻ തയ്യാറായാൽ ദൈവത്തിനു നൽകിയ പണത്തിന്റെ കണക്കെടുക്കരുത് എന്ന ഭീഷണിയിൽ അവസാനിപ്പിക്കുകയാണ് രീതി . ആഫ്രിക്കൻ ക്രൈസ്തവരിൽ നിന്നും പ്രചോദനം നേടി ബാധ ഒഴിപ്പിക്കൽ പോലുള്ള കൺകെട്ട് വിദ്യകളും സ്പിരിറ്റ് ഇൻ ജീസസ്ൽ ആവോളം ഉപയോഗിച്ചിരുന്നു.
Leave a Reply