ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ പുറത്തുവന്ന ഏറ്റവും പുതിയ സർവേയിൽ ലേബർ പാർട്ടി 256 സീറ്റുകളുടെ ഭൂരിപക്ഷം നേടുമെന്നുള്ള പ്രവചനം പുറത്തുവന്നു. പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ച് നിലവിലെ ഭരണപക്ഷമായ ടോറികൾ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേയ്ക്ക് നീങ്ങുകയാണ് . സർ കെയർ സ്റ്റാർമർ നയിക്കുന്ന ലേബർ പാർട്ടിക്ക് 453 സീറ്റുകൾ ലഭിക്കുമെന്നാണ് സർവേയിലെ കണ്ടെത്തൽ. എന്നാൽ 115 സീറ്റുകൾ മാത്രമാണ് സർവേ ഫലം അനുസരിച്ച് കൺസർവേറ്റീവ് പാർട്ടിക്ക് കിട്ടുന്നത്.
സർവേ ഫലം അനുസരിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിജയമായിരിക്കും ലേബർ പാർട്ടിക്ക് ലഭിക്കുന്നത്. ഇത് യുദ്ധാനന്തരകാലത്ത് നടന്ന തിരഞ്ഞെടുപ്പുകളിലെ ഏറ്റവും തിളക്കമാർന്ന വിജയമായിരിക്കും. അതേസമയം ടോറി എംപിമാരുടെ എണ്ണം ഏറ്റവും കുറഞ്ഞ പാർലമെൻറ് ആണ് നിലവിൽ വരാൻ പോകുന്നത് . അഭിപ്രായ സർവേകളിൽ സ്ഥിരമായി ലേബർ പാർട്ടി മുന്നിലാണെങ്കിലും അവരുടെ ഭൂരിപക്ഷത്തെ സംബന്ധിച്ച് ഏറ്റവും വ്യക്തമായ സൂചനകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന സർവേ ഫലം നൽകിയിരിക്കുന്നത്.
ഗ്രാൻ്റ് ഷാപ്‌സ്, പെന്നി മോർഡൗണ്ട്, ഗില്ലിയൻ കീഗൻ, ജോണി മെർസർ, സർ ജേക്കബ് റീസ്-മോഗ് തുടങ്ങിയ മുതിർന്ന കൺസർവേറ്റീവ് നേതാക്കൾ പരാജയപ്പെടാനുള്ള സാധ്യതയിലേയ്ക്കാണ് സർവേ വിരൽ ചൂണ്ടുന്നത്. ലിബ് ഡെംസിന് 38 സീറ്റുകളും സ്കോട്ടിഷ് നാഷണൽ പാർട്ടിക്ക് 15 സീറ്റുകളും ഗ്രീൻ പാർട്ടിക്ക് മൂന്ന് സീറ്റുകളും റിഫോം യുകെയ്ക്ക് മൂന്ന് സീറ്റുകളും നേടാനാകുമെന്നും സർവേ പ്രവചിക്കുന്നു. കൂടുതൽ നികുതി ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ജനപിന്തുണ ഉറപ്പാക്കുന്നതിൽ ഋഷി സുനക് പരാജയപ്പെട്ടതായാണ് സർവേ ഫലം കാണിക്കുന്നത്. ഇന്ത്യയിൽ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ പുറത്തുവന്ന ഫലങ്ങൾ അഭിപ്രായ സർവേകളെ പാടെ നിരാകരിക്കുന്നതായിരുന്നു . അതുകൊണ്ടുതന്നെ അന്തിമ ഫലപ്രഖ്യാപനം വരുമ്പോൾ മാത്രമെ ജനങ്ങൾ ആർക്കൊപ്പമെന്ന് അറിയാനാകും. ലേബർ പാർട്ടിക്ക് മൃഗീയ ഭൂരിപക്ഷം കിട്ടുന്നതിന്റെ അപകട സാധ്യതയെ കുറിച്ച് അടുത്തിടെ വന്ന അഭിപ്രായങ്ങൾ വോട്ടർമാരെ സ്വാധീനിച്ചേക്കാമെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നുണ്ട്.
Leave a Reply