ലണ്ടന്‍: ബെനഫിറ്റുകള്‍ പിന്‍വലിക്കുന്ന ടോറി സര്‍ക്കാര്‍ നയങ്ങള്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി. ചെറിയ കുട്ടികളുമായി ഒറ്റക്ക് ജീവിക്കുന്ന രക്ഷിതാക്കള്‍ക്ക് ഇത് വലിയ ദുരിതമാണ് സമ്മാനിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു. വെല്‍ഫെയര്‍ പദ്ധതികള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനാണ് കോടതി പരാമര്‍ശം തിരിച്ചടിയായിരിക്കുന്നത്. ലണ്ടനില്‍ 23,000 പൗണ്ടും മറ്റിടങ്ങളില്‍ 20,000 പൗണ്ട് വരെയുമുള്ള തുകയുടെ ആനുകൂല്യങ്ങള്‍ കുടുംബങ്ങള്‍ക്ക് ലഭിച്ചിരുന്നത് പിന്‍വലിക്കാനായിരുന്നു നീക്കം.
കുട്ടികളുമായി ജീവിക്കുന്ന നാല് സിംഗിള്‍ പേരന്റുകള്‍ നല്‍കിയ പരാതിയിലാണ് കോടതി നിലപാട് എടുത്തത്. ബെനഫിറ്റുകള്‍ക്ക് പരിധി നിര്‍ണയിക്കുന്നത് തങ്ങളെപ്പോലുള്ളവര്‍ക്ക് ദുരിതമാകുമെന്ന് ഇവര്‍ പരാതിയില്‍ പറഞ്ഞിരുന്നു. കേസ് തള്ളണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി വിസമ്മതിച്ചു. അടിയന്തര പ്രാധാന്യമുള്ള കേസായി പരിഗണിച്ച് വാദം കേള്‍ക്കണമെന്ന നിലപാടും കോടതി സ്വീകരിക്കുകയായിരുന്നു. കോടതി നിര്‍ദേശം നിരാശാജനകമാണെന്നും അപ്പീല്‍ നല്‍കുമെന്നുമാണ് സര്‍ക്കാര്‍ പ്രതികരിച്ചത്.
ഒരു രക്ഷാകര്‍ത്താവ് മാത്രമുള്ള കുടുംബങ്ങള്‍ക്ക് യഥാര്‍ത്ഥ ദുരിതം സമ്മാനിക്കുന്ന നയമാണ് സര്‍ക്കാരിന്റേതെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് കോളിന്‍സ് യാതൊരു കാരണവുമില്ലാതെയാണ് ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുന്നതെന്ന ഗുരുതരമായ ആരോപണവും ഉന്നയിച്ചു. കുട്ടികളുമായി ജീവിക്കുന്ന ദരിദ്ര കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. 37 ലക്ഷത്തോളം കുട്ടികള്‍ ദാരിദ്ര്യത്തില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക് എന്നും കോടതി ഓര്‍മിപ്പിച്ചു.
Leave a Reply